യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിക്കു ശേഷം പാകിസ്താന്‍ ക്രിക്കറ്റില്‍ പേസ് സെന്‍സേഷനായി മാറിയിരിക്കുകയാണ് മറ്റൊരു അഫ്രീഡി. അബ്ബാസ് അഫ്രീഡിയെന്ന യുവ ഫാസ്റ്റ് ബൗളറാണ് മിന്നുന്ന പ്രകടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചിരിക്കുന്നത്. അടുത്തിടെ ന്യൂസിലാന്‍ഡിനെതിരേ നടന്ന ടി20 പരമ്പരയിലൂടെയയായിരുന്നു അബ്ബാസിന്റെ അരങ്ങേറ്റം.
മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അബ്ബാസ് അഞ്ചു വിക്കറ്റുകളെടുക്കുകയും ചെയ്തിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ 34 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് പേസറുടെ ഏറ്റവും മികച്ച പ്രകടനം. പാക് കുപ്പായത്തില്‍ അരങ്ങേറിയതിനു ശേഷം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് അബ്ബാസ്. ടൂര്‍ണമെന്റില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സ് ടീമിന്റെ ഭാഗമാണ് യുവ പേസര്‍.

ആരാണ് പാക് പേസ് ബൗളിങിലെ അടുത്ത തുറുപ്പുചീട്ടാവുമെന്നു വിശേഷിപ്പിക്കപ്പെടുന്ന അബ്ബാസ് അഫ്രീഡി. അദ്ദേഹത്തെക്കുറിച്ച് അടുത്തറിയാം. പാകിസ്താന്റെ മുന്‍ ഇടംകൈയന്‍ സ്റ്റാര്‍ പേസറായിരുന്ന ഉമര്‍ ഗുല്ലിന്റെ അന്തരവന്‍ കൂടിയാണ് അബ്ബാസ് അഫ്രീഡിയെന്നതാണ് കൗതുകകരമായ കാര്യം. നിലവില്‍ പാകിസ്താന്‍ ദേശീയ ടീമിന്റെ ഫാസ്റ്റ് ബൗളിങ് കോച്ച് കൂടിയാണ് അദ്ദേഹം.
2018-19ലെ ക്വെയ്ദ് ഇ അസം വണ്‍ഡേ കപ്പിലൂടെ ഹബീബ് ബാങ്ക് ലിമിറ്റഡിനു വേണ്ടി കളിച്ചാണ് ലിസ്റ്റ് എ ക്രിക്കറ്റില്‍ അബ്ബാസ് അഫ്രീഡി അരങ്ങേറിയത്. ഇതേ ടീമിനു വേണ്ടി തന്നെയായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും താരത്തിന്റെ അരങ്ങേറ്റം.
2020ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താന്റെ അണ്ടര്‍ 19 ടീമിനായി അബ്ബാസ് അഫ്രീഡി കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ടീമിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹം തന്നെയാണ്. അതിനു ശേഷം 2021 ഒക്ടോബറില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ പാകിസ്താന്‍ ഷഹീന്‍സ് സ്‌ക്വാഡിലും അബ്ബാസ് ഉള്‍പ്പെട്ടിരുന്നു. 2019ലെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിനോടൊപ്പമായിരുന്നു പേസര്‍.
കഴിഞ്ഞ വര്‍ഷത്തെ പിഎസ്എല്ലാണ് അബ്ബാസിന്റെ കരിയറിലെ വഴിത്തിരിവായി മാറിയത്. 23 വിക്കറ്റുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായി അദ്ദേഹം മാറുകയായിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ ടി20 കാനഡയില്‍ മോണ്ട്രിയല്‍ ടൈഗേഴ്‌സനായി കളിച്ച അബ്ബാസ് ഒരു കളിയില്‍ ഹാട്രിക്കും കുറിച്ചിരുന്നു.

പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിലെ ഡ്രാഫ്റ്റിലായിരുന്നു കറാച്ചി കിങ്‌സ് വിട്ട അദ്ദേഹം മുള്‍ത്താന്‍ സുല്‍ത്താന്‍സ് ഫ്രാഞ്ചൈസിയിലേക്കു വന്നത്. വളരെ പെട്ടെന്നു തന്നെ അവരുടെ പേസ് ബൗളിങിലെ കുന്തമുനയായി അബ്ബാസ് മാറുകയും ചെയ്തു. കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടയെ തുടര്‍ന്നു ഈ സീസണിലും അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തുകയായിരുന്നു.
ഈ സീസണില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സുമായുള്ള പോരാട്ടത്തില്‍ ഹാട്രിക്കുമായാണ് അബ്ബാസ് കസറിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ഹാട്രിക് നേട്ടം കൊയ്ത അഞ്ചാമത്തെ ബൗളറായി അദ്ദേഹം ഇതോടെ മാറുകയും ചെയ്തിരുന്നു. മുഹമ്മദ് നവാസ്, ഉസ്മാദ് ആസിഫ്, ഉമര്‍ അക്മല്‍ എന്നിവരെ പുറത്താക്കിയാണ് അബ്ബാസ് ഹാട്രിക്കിനു അവകാശിയായത്.
വലംകൈയന്‍ ഫാസ്റ്റ് ബൗളറായ അദ്ദേഹത്തിന്റെ പ്രധാന ആയുധം ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളുകളും സ്ലോ ബോളുകളുമാണ്. ഡെത്ത് ഓവറുകളില്‍ അബ്ബാസിന്റെ ബൗളിങിലെ ഈ വൈവിധ്യം ബാറ്റര്‍മാര്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.