ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കു ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ ക്രിക്കറ്റര്‍ മിതുന്‍ മന്‍ഹാസ് വന്നേക്കുമെന്നു റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ പകരക്കാരനായിട്ടാണ് അദ്ദേഹം സ്ഥാനമേറ്റെടുക്കുക. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഈ മാസം 28നുണ്ടാവും. അന്നാണ് ബിസിസിഐയുടെ വാര്‍ഷിക യോഗവും തിരഞ്ഞെടുപ്പുമെല്ലാം നടക്കാനിരിക്കുന്നത്.
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെ പലരുടെയും പേരുകള്‍ ഈ റോളിലേക്കു ഉയര്‍ന്നു വന്നിരുന്നു. പിന്നാലെ സച്ചിന്‍ ഇതു നിഷേധിക്കുകയും ചെയ്തു. അതിനിടെയാണ് സര്‍പ്രൈസ് മല്‍സരാര്‍ഥിയായി മിതുന്റെ അപ്രതീക്ഷിത എന്‍ട്രി. ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ അദ്ദേഹത്തെ അടുത്തറിയാം.

ആരാണ് മിതുന്‍ മന്‍ഹാസ്?
1997-98ലാണ് ഡല്‍ഹിയില്‍ നിന്നുള്ള മുന്‍നിര ബാറ്ററായ മിതുന്‍ മന്‍ഹാസ് പ്രൊഫഷനല്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. ആഭ്യന്തര ക്രിക്കറ്റില്‍ പയറ്റിത്തെളിഞ്ഞ താരമാണെങ്കിലും ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറാനുള്ള ഭാഗ്യം അദ്ദേഹത്തിനു ഒരിക്കലുമുണ്ടായില്ല.
മുന്‍ ഇതിഹാസ ബാറ്റര്‍ വീരേന്ദര്‍ സെവാഗ്, നിലവിലെ കോച്ച് കൂടിയായ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ എന്നിവരുടെ അഭാവത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡല്‍ഹിയെ അദ്ദേഹം നിരവധി മല്‍സരങ്ങളില്‍ നയിക്കുകയും ചെയ്തു. 157 മല്‍സരങ്ങളില്‍ ഡല്‍ഹിക്കു വേണ്ടി കളിച്ച അനുഭവസമ്പത്ത് മിതുനിനുണ്ട്. 45ന് മുകളില്‍ ശരാശരിയില്‍ 9714 റണ്‍സും സ്‌കോര്‍ ചെയ്തു. 27 സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും.
രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരെയെടുത്താല്‍ മിതുന്‍ ഏഴാംസ്ഥാനത്തുണ്ട്. 206 ഇന്നിങ്‌സുകളില്‍ നിന്നും സമ്പാദ്യം 8554 റണ്‍സാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 130 മല്‍സരങ്ങളിലും അദ്ദേഹം കളിച്ചു. 4126 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. 91 ടി20കളില്‍ 1170 റണ്‍സും മിതുന്‍ നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി ഏഴു സീസണുകള്‍ കളിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത പൂനെ വാരിയേഴ്‌സ് എ്ന്നീ ടീമുകളുടെ ഭാഗമായിരുന്നു മിതുന്‍.

അതു കൂടാതെ ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ച അദ്ദേഹം ഐപിഎല്‍ ടീം ഗുജറാത്ത് ടൈറ്റന്‍സിന്റെ മുന്‍ സപ്പോര്‍ട്ട് സ്റ്റാഫുമായിരുന്നു. നേരത്തേ ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഭരണ സമിതിയിലും പ്രവര്‍ത്തിച്ച ശേഷമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഗ്ലാമര്‍ പൊസിഷനായ ബിസിസിഐ പ്രസിഡന്റാവാനൊരുങ്ങുന്നത്.
പാക്കിനെതിരേ അവന്‍ വേണ്ട!! സഞ്ജുവിനായി സൂര്യ ആ 'ത്യാഗം' ചെയ്യണം, ആവശ്യം ഗവാസ്‌കറുടേത്
ട്രഷറര്‍ സ്ഥാനത്തേക്കു രഘുറാം ഭട്ട്
ബിസിസിഐയുടെ ട്രഷറര്‍ സ്ഥാനത്തേക്കു രഘുറാം ഭട്ട് വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജോയിന്റ് സെക്രട്ടറിയായി എത്തിയേക്കുക ഛത്തീസ്ഗഡ് ക്രിക്കറ്റ സംഘിലെ പ്രഭ്‌തേജ് സിങ് ഭാടിയയാണ്.
എന്നാല്‍ ബിസിസിഐ സെക്രട്ടറിയായി ദേവജിത് സെയ്കിയയും വൈസ് പ്രസിഡന്റായ് രാജീവ് ശുക്ലയും തുടരുമെന്നാണ് വിവരം. ഐപിഎല്‍ ചെയര്‍മാനായി അരുണ്‍ ധുമാല്‍ തന്നെ തുടരാനാണ് സാധ്യത.