വീരു vs ഹിറ്റ്മാന്‍- ഏകദിനത്തിലെ മികച്ച ബാറ്റ്‌സ്മാന്‍? ബെസ്റ്റ് ആരെന്നു കണക്കുകള്‍ പറയും
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ഓപ്പണര്‍മാരില്‍ ഒരാളായാണ് മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ് വിശേഷിപ്പിക്കപ്പെടുന്നത്. ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ നേരിട്ടിരുന്ന അദ്ദേഹത്തിന് ടെസ്റ്റ്, നിശ്ചിത ഓവര്‍ ക്രിക്കറ്റെന്ന വേര്‍തിരിവ് ഇല്ലായിരുന്നു. ഏതു ബോളിനെയും അടിച്ചുപറത്തുകയെന്നതായിരുന്നു വീരുവിന്റെ മന്ത്രം. മികച്ച ബോളുകള്‍ പോലും ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു.
വീരുവിനു ശേഷം ഇന്ത്യക്കു ലഭിച്ച ഏറെക്കുറെ സമാനമായ രീതിയില്‍ ബാറ്റ് ചെയ്യുന്ന താരമാണ് നിലവിലെ ഓപ്പണര്‍ രോഹിത് ശര്‍മ. സെവാഗിനോളം വരില്ലെങ്കിലും അഗ്രസീവ് ശൈലിയുടെ ആരാധനാണ് രോഹിത്തും. ഇവരില്‍ ആരാണ് ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാനെന്നതാണ് ചോദ്യം. ഇക്കാര്യമാണ് നമ്മള്‍ ഇവിടെ പരിശോധിക്കുന്നത്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സെവാഗിനെയും രോഹിത്തിനെയും നമ്മള്‍ താരതമ്യം ചെയ്യുന്നത്.

ഓവറോള്‍ റെക്കോര്‍ഡ്
245 ഏകദിനങ്ങളില്‍ നിന്നും 35.06 ശരാശരിയില്‍ 104.34 സ്‌ട്രൈക്ക് റേറ്റോടെ 8273 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. 15 സെഞ്ച്വറികളും 38 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. രോഹിത്താവട്ടെ ഇതുവരെ കളിച്ചത് 220 ഏകദിനങ്ങളിലാണ്. 48.96 ശരാശരിയില്‍ 88.90 സ്‌ട്രൈക്ക് റേറ്റോടെ ഹിറ്റ്മാന് നേടാനായത് 9205 റണ്‍സാണ്. 29 സെഞ്ച്വറികളും 43 ഫിഫ്റ്റികളുമടക്കമാണിത്.
ചില കാര്യങ്ങളില്‍ വീരുവിനും മുകളിലാണ് രോഹിത്തെന്നു കാണാം. റണ്‍സ്, ശരാശരി, സെഞ്ച്വറികള്‍, ഫിഫ്റ്റി എന്നിവയിലെല്ലാം രോഹിത്താണ് തലപ്പത്ത്. സ്‌ട്രൈക്ക് റേറ്റില്‍ മാത്രമേ വീരുവിന് മുന്‍തൂക്കം അവകാശപ്പെടാനുള്ളൂ.

നാട്ടിലെ പ്രകടനം
ഇനി വീരുവിന്റെയും രോഹിത്തിന്റെയും ഹോം, എവേ മല്‍സരങ്ങളിലെ പ്രകടനം നമുക്കൊന്നു നോക്കാം. നാട്ടില്‍ 87 ഇന്നിങ്‌സുകളില്‍ നിന്നും 35.82 ശരാശരിയില്‍ 106.69 സ്‌ട്രൈക്ക് റേറ്റോടെ സെവാഗ് നേടിയത് 2045 റണ്‍സാണ്. അഞ്ചു സെഞ്ച്വറികളും 14 ഫിഫ്റ്റികളുമടക്കമാണിത്.
രോഹിത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ നാട്ടില്‍ 67 ഇന്നിങ്‌സുകളില്‍ നിന്നും 61.32 ശരാശരിയില്‍ 99.20 സ്‌ടൈക്ക് റേറ്റോടെ 11 സെഞ്ച്വറികളും 15 ഫിഫ്റ്റികളുമുള്‍പ്പെടെ 3618 റണ്‍സ് നേടിയിട്ടുണ്ട്. ഇവിടെയും സ്‌ട്രൈക്ക് റേറ്റില്‍ മാത്രമേ സെവാഗ് മുന്നിലുള്ളൂ. ബാക്കിയെല്ലാത്തിലും രോഹിത്താണ് ഒന്നാമന്‍. വീരുവിനേക്കാള്‍ 20 ഇന്നിങ്‌സുകള്‍ കുറച്ചാണ് കളിച്ചതെങ്കിലും 573 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ടെന്നു കാണാം.

വിദേശത്തെ പ്രകടനം
വിദേശത്തെ പ്രകടനമെടുക്കുകയാണങ്കില്‍ 158 ഇന്നിങ്‌സുകളില്‍ നിന്നായി 34.62 ശരാശരിയില്‍ 10 സെഞ്ച്വറികളും 24 ഫിഫ്റ്റികളുമുള്‍പ്പെടെ വീരു നേടിയത് 5228 റണ്‍സാണ്. ഇനി രോഹിത്തിലേക്കു വന്നാല്‍ 153 ഇന്നിങ്‌സുകളില്‍ നിന്നും 5587 റണ്‍സാണ് സമ്പാദ്യം. 43.31 ശരാശരിയും 83.80 സ്‌ട്രൈക്ക് റേറ്റുമാണ് ഹിറ്റ്മാന് വിദേശത്തുള്ളത്. 18 സെഞ്ച്വറികളും 28 ഫിഫ്റ്റികളും അദ്ദേഹം വിദേശത്തു നേടുകയും ചെയ്തു.വ ഇവിടെയും സ്‌ട്രൈക്ക് റേറ്റിലൊഴികെ മറ്റെല്ലാത്തിലും രോഹിത്ത് തന്നെയാണ് മുന്നില്‍.

ലോകകപ്പിലെ പ്രകടനം
ഐസിസിയുടെ ഏകദിന ലോകകപ്പിലെ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ സെവാഗ് 22 ഇന്നിങ്‌സുകളില്‍ നിന്നും 38.31 ശരാശരിയില്‍ 106.17 സ്‌ട്രൈക്ക് റേറ്റോടെ 843 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു.
രോഹിത്താവട്ടെ ലോകകപ്പില്‍ 17 ഇന്നിങ്‌സുകളില്‍ നിന്നും 65.20 എന്ന മികച്ച ശരാശരിയില്‍ 978 റണ്‍സെടുത്തിട്ടുണ്ട്. 95.97 ആണ് സ്‌ട്രൈക്ക് റേറ്റ്. ആറു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഹിറ്റ്മാന്‍ അടിച്ചെടുത്തു. ഇവിടെയും സെവാഗിനേക്കാള്‍ കേമന്‍ രോഹിത്താണ്. സ്‌ട്രൈക്ക് റേറ്റില്‍ പക്ഷെ ഇത്തവണയും വീരുവാണ് ബെസ്റ്റ്.

ഇന്ത്യ ജയിച്ച മല്‍സരങ്ങളിലെ പ്രകടനം
ഏകദിനത്തില്‍ ഇനി ഇന്ത്യ വിജയിച്ചിട്ടുള്ള മല്‍സരങ്ങളിലെ പ്രകടനം നോക്കുകയാണെങ്കില്‍ 131 ഇന്നിങ്‌സുകളില്‍ നിന്നും 46.35 ശരാശരിയില്‍ 14 സെഞ്ച്വറികളും 28 ഫിഫ്റ്റികളുമടക്കം സെവാഗ് 5748 റണ്‍സെടുത്തിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 109.52 ആണ്.
രോഹിത്തിന്റെ റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ 134 ഇന്നിങ്‌സുകളില്‍ നിന്നും 60.03 ശരാശരിയില്‍ 91.71 സ്‌ട്രൈക്ക് റേറ്റോടെ 6424 റണ്‍സെടുത്തിട്ടുണ്ട്. 22 സെഞ്ച്വറികളും 28 ഫിഫ്റ്റികളുമാണ് അദ്ദേഹം വാരിക്കൂട്ടിയത്.
ഈ താരതമ്യത്തിലും സ്‌ട്രൈക്ക് റേറ്റിലൊഴികെ മറ്റെല്ലാത്തിലും രോഹിത് തന്നെയാണ് ബെസ്‌റ്റെന്നു കാണാം. വീരുവിനേക്കാള്‍ ഇരട്ടി സെഞ്ച്വറിയും ഫിഫ്റ്റികളും അദ്ദേഹം നേടിയിട്ടുമുണ്ട്.
ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കൂടുതല്‍ അപകടകാരിയായ ഓപ്പണര്‍ താന്‍ തന്നെയാണെന്നു അടിവരയിടുകയാണ് മികച്ച സ്‌ട്രൈക്ക് റേറ്റിലൂടെ സെവാഗ്. എന്നാല്‍ കൂടുതല്‍ സ്ഥിരതയുള്ള പ്രകടനം നടത്തിയത് താനാണെന്നു രോഹിത്തും കാണിച്ചുതരുന്നു. കരിയര്‍ ഇനിയും ബാക്കിയുള്ളതിനാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏകദിന ഓപ്പണറെന്ന പദവയിലേക്കു ഉയരാന്‍ രോഹിത്തിനു സാധിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications