വിരാട് കോലി- ബാബര്‍ അസാം, മികച്ച ടി20 ബാറ്റ്‌സ്മാനാര്? കണക്കുകള്‍ പറയുന്നതിങ്ങനെ
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാരാണെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാവും ഉണ്ടാവുക. ഭൂരിപക്ഷം ആരാധകരും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനായി വിശേഷിപ്പിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ ആരാധകര്‍ കോലിയേക്കാള്‍ കേമനെന്ന് ഉയര്‍ത്തിക്കാട്ടുന്ന താരമാണ് ബാബര്‍ അസാം. ഇരുവരും നിലവില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളാണ്. ടെസ്റ്റിലും ഏകദിനത്തിലും കണക്കുകളില്‍ ബാബറിനെക്കാള്‍ മുന്‍തൂക്കം കോലിക്കുണ്ട്. എന്നാല്‍ ടി20യിലോ? ആരാണ് കേമന്‍? കണക്കുകള്‍ പരിശോധിക്കാം.

ടി20യിലെ ഇതുവരെയുള്ള പ്രകടനം
ഇന്ത്യന്‍ നായകന്‍ വിരാട് കോലി 84 ഇന്നിങ്‌സില്‍ നിന്ന് 52.65 ശരാശരിയില്‍ 3159 റണ്‍സാണ് നേടിയിട്ടുള്ളത്. 28 തവണ അര്‍ധ സെഞ്ച്വറി നേടിയ കോലിക്ക് ഒരു തവണ പോലും സെഞ്ച്വറി നേടാനായിട്ടില്ല. സ്‌ട്രൈക്കറേറ്റ് 139.04 ഉും ഉയര്‍ന്ന സ്‌കോര്‍ 94 റണ്‍സുമാണ്.
ബാബര്‍ അസാം 52 മത്സരങ്ങളില്‍ നിന്ന് 47.32 ശരാശരിയില്‍ 2035 റണ്‍സാണ് നേടിയത്. 18 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. 129.7 സ്‌ട്രൈക്കറേറ്റുള്ള ബാബറിന്റെ ഉയര്‍ന്ന സ്‌കോര്‍ 122 റണ്‍സാണ്. ഈ കണക്കുകള്‍ പ്രകാരം മുന്‍തൂക്കം വിരാട് കോലിക്കാണ്.

റണ്‍സ് പിന്തുടരുമ്പോഴുള്ള പ്രകടനം
റണ്‍സ് പിന്തുടരുമ്പോള്‍ കോലിയുടെ മികവ് ഒന്ന് വേറെ തന്നെയാണ്. 37 ഇന്നിങ്‌സില്‍ റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത കോലി 83.76 ശരാശരിയില്‍ നേടിയത് 1759 റണ്‍സാണ്. ഇതില്‍ 18 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സ്‌ട്രൈക്കറേറ്റ് 137.2.ബാബര്‍ അസാം 23 ഇന്നിങ്‌സിലാണ് റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്തത്. 45.89 ശരാശരിയില്‍ നേടിയത് 872 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 130.93. ഈ കണക്കിലും മുന്‍തൂക്കം കോലിക്കാണ്.

ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ബാബര്‍ കേമന്‍
ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ കോലിയേക്കാള്‍ മികവ് ബാബറിനുണ്ട്. കോലി 47 ഇന്നിങ്‌സില്‍ നിന്ന് 35.89 ശരാശരിയില്‍ 1400 റണ്‍സാണെടുത്തത്. സ്‌ട്രൈക്കറേറ്റ് 141.41. ഉയര്‍ന്ന സ്‌കോര്‍ 90. ബാബര്‍ 29 ഇന്നിങ്‌സില്‍ നിന്ന് 48.45 ശരാശരിയില്‍ 1163 റണ്‍സാണ് നേടിയത്. 128.79 ആണ് സ്‌ട്രൈക്കറേറ്റ്. പുറത്താവാതെ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഡെത്ത് ഓവര്‍ ബാറ്റിങ്
ഡെത്ത് ഓവറില്‍ ബാബറിനെക്കാള്‍ ഏറെ മുന്നിലാണ് വിരാട് കോലി. 35 ഇന്നിങ്‌സില്‍ നിന്ന് 52 ശരാശരിയില്‍ 728 റണ്‍സാണ് കോലി നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 49. സ്‌ട്രൈക്കറേറ്റ് 191.58.ബാബര്‍ 21 ഇന്നിങ്‌സില്‍ നിന്ന് 13.62 ശരാശരിയില്‍ നേടിയത് വെറും 218 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 29 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 140.65. ഈ കണക്കിലും ബാബറിനെക്കാള്‍ കേമന്‍ കോലി തന്നെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications