ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും നേര്‍ക്കുനേര്‍ വരുന്ന ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയെ വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. കോലിയുടെ ആക്രമണോത്സുകതയും റൂട്ടിന്റെ പക്വതയാര്‍ന്ന ക്യാപ്റ്റന്‍സിയും തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയാവും വരാനിരിക്കുന്ന പരമ്പര.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കോലിയെയും റൂട്ടിനെയും താരതമ്യം ചെയ്യുമ്പോള്‍ ആരാണ് കേമനെന്നു കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് വിശകലനം ചെയ്യാം.

ബാറ്റിങില്‍ ബെസ്റ്റാര്?
ടെസ്റ്റില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള താരമാണ് റൂട്ട്. 99 ടെസ്റ്റുകളില്‍ നിന്നും 49.39 ശരാശരിയില്‍ 8249 റണ്‍സ് റൂട്ട് നേടിയിട്ടുണ്ട്. 19 സെഞ്ച്വറികളും 49 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. കോലിയാവട്ടെ റൂട്ടിനേക്കാള്‍ ഒരുപടി മുന്നിലാണ്. 87 ടെസ്റ്റുകളില്‍ നിന്നും 53.42 ശരാശരിയില്‍ 7318 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 27 സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്. ഏഴു ഡബിള്‍ സെഞ്ച്വറികളുമായി റെക്കോര്‍ഡിന് അവകാശി കൂടിയാണ് അദ്ദേഹം.
ബാറ്റിങ് ശരാശരിശിയില്‍ നാട്ടില്‍ കേമന്‍ കോലിയാണെങ്കില്‍ വിദേശത്ത് ടെസ്റ്റിലെ മികച്ച പ്രകടനം നോക്കിയാല്‍ കോലിക്കു മുകളിലാണ് റൂട്ട്. വിദേശത്തു 46 ടടെസ്റ്റുകളില്‍ നിന്നും 47.55 ശരാശരിയില്‍ 3614 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. കോലിയാവട്ടെ 48 ടെസ്റ്റുകളില്‍ നിന്നും 44.23 ശരാശരിയില്‍ 3760 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
നാട്ടില്‍ കോലി 39 ടെസ്റ്റുകളില്‍ നിന്നും 68.42 ശരാശരിയില്‍ 3558 റണ്‍സും റൂട്ട് 53 ടെസ്റ്റുകളില്‍ നിന്നും 50.55 ശരാശരിയില്‍ 4348 റണ്‍സുമെടുത്തു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ബാറ്റിങ് പ്രകടനവം നോക്കിയാല്‍ കോലിയേക്കാള്‍ ഏറെ മുന്നിലാണ് റൂട്ട്. 10 ടെസ്റ്റുകളില്‍ നിന്നും രണ്ടു സെഞ്ച്വറിയടക്കം 50.35 ശരാശരിയില്‍ കോലി 705 റണ്‍സെടുത്തപ്പോള്‍ റൂട്ട് ആറു ടെസ്റ്റുകളില്‍ നിന്നും 67.54 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളോടെ 743 റണ്‍സ് നേടിയിട്ടുണ്ട്.

ക്യാപ്റ്റന്‍സിയില്‍ കേമനാര്?
ടെസ്റ്റിലെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് പരിശോധിച്ചാല്‍ വിജയശതമാനത്തില്‍ കോലിക്കാണ് നേരിയ മുന്‍തൂക്കം. ടെസ്റ്റില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ടീമിനെ നയിച്ചതും കോലിയാണ്. 56 ടെസ്റ്റുകളാണ് കോലിക്കു കീഴില്‍ ഇന്ത്യ കളിച്ചത്. ഇതില്‍ 33ലും ടീമിനു വിജയം നേടിത്തരാന്‍ ഇന്ത്യക്കു കഴിഞ്ഞു. 13 ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടുള്ളൂ. ഇത്രയും മികച്ച റെക്കോര്‍ഡുള്ള മറ്റൊരു ക്യാപ്റ്റനും ടെസ്റ്റില്‍ ഇന്ത്യക്കില്ല. 58.92 ആണ് കോലിയുടെ വിജയശതമാനം.
അതേസമയം, റൂട്ടിനു കീഴില്‍ ഇംഗ്ലണ്ട് കളിച്ചത് 46 ടെസ്റ്റുകളിലാണ്. ഇവയില്‍ 25 എണ്ണത്തില്‍ ജയിച്ച ഇംഗ്ലണ്ട് 15 എണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി. 54.34 ആണ് റൂട്ടിന്റെ വിജയശതമാനം.
ഇംഗ്ലണ്ടിനെതിരേ 10 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോലിക്കു അഞ്ചെണ്ണത്തിലാണ് ടീമിനെ വിജയിപ്പിക്കാനായത്. റൂട്ടാവട്ടെ അഞ്ചു ടെസ്റ്റുകളില്‍ നാലെണ്ണത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനു വിജയം നേടിക്കൊടുത്തു.