കോലിയെ കിങാക്കിയത് 'റണ്‍സ് ദാഹം', സ്മിത്ത് അദ്ഭുതം- ബെസ്റ്റ് ആരെന്നു ഫ്‌ളവര്‍
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആരാണ്? ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചകള്‍ക്കു തുടക്കമിടുന്ന ചോദ്യമാണിത്. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും രണ്ടു വശങ്ങളില്‍ നിര്‍ത്തിയാണ് കേമനെ തിരഞ്ഞെടുക്കാനുള്ള ചൂടേറിയ സംവാദങ്ങള്‍.
അടുത്തിടെ ഐസിസിയുടെ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റായി കോലി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഏകദിനത്തിലെയും കഴിഞ്ഞ 10 വര്‍ഷത്തെ മികച്ച താരം കോലി തന്നെയായിരുന്നു. മികച്ച ടെസ്റ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് സ്മിത്തായിരുന്നു. കോലി, സ്മിത്ത് ഇവരില്‍ ആരാണ് കേമനെന്നതിനെക്കുറിച്ചു തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് സിംബാബ്‌വെയുടെ മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായിരുന്ന ആന്‍ഡി ഫ്‌ളവര്‍.

രണ്ടു പേരോടും ആരാധന
കോലിയോടും സ്മിത്തിനോടും തനിക്കു ഒരുപോലെ ആരാധനയുണ്ടെന്നും ഇവരില്‍ നിന്നൊരാളെ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്നും ഫ്‌ളവര്‍ വ്യക്തമാക്കി. രണ്ടു പേരില്‍ ആരാണ് ബെസ്റ്റന്നു തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനമാണ് സ്മിത്ത് കാഴ്ചവയ്ക്കുന്നത്.
അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ ശരിക്കും അദ്ഭുതം തോന്നുകയാണ്. ഗെയിമുമായി പൊരുത്തപ്പെടാന്‍ കഴിയുമെന്നു സ്മിത്ത് കാണിച്ചു തന്നു. ഇതുപോലെ ഗെയിമുമായി പൊരുത്തപ്പെട്ട് സ്മിത്തിനെപ്പോലെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുകയെന്നത് മഹത്തായ കഴിവ് തന്നെയാണെന്നും ഫ്‌ളവര്‍ വ്യക്തമാക്കി.

കോലിയുടെ റണ്‍സ് ദാഹം
വിരാട് കോലി അസാധാരണമാം വിധം കഴിവുള്ള ബാറ്റ്‌സ്മാനാണ്. എല്ലായ്‌പ്പോഴും റണ്‍സിനോടുള്ള ദാഹമാണ് അദ്ദേഹം കാണിക്കുന്നത്. കോലിയുടെ ഈ പാഷനോടു എനിക്കു വലിയ ആരാധനയാണ്.
കളിക്കളത്തില്‍ എല്ലായ്‌പ്പോഴും ഊര്‍ജസ്വലനായാണ് കോലി കാണപ്പെടാറുള്ളത്. ഈ ചുറുചുറുക്കും എനിക്ക് ഇഷ്ടമാണ്. കോലിയും സ്മിത്തും മികച്ച നേതൃമികവുള്ള കളിക്കാരാണ്. മാത്രമല്ല മറ്റുള്ളവര്‍ക്കു റോള്‍ മോഡലുകള്‍ കൂടിയാണ് രണ്ടു പേരും. സ്മിത്തിനു ഇക്കാര്യത്തില്‍ ചെറിയ പോരാട്ടങ്ങളൊക്കെ നടത്തേണ്ടി വന്നതായി എനിക്കറിയാം. എങ്കിലും രണ്ടു പേരെയും ഞാന്‍ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു. ഇവരില്‍ നിന്നും ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നും ഫ്‌ളവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കളിക്കാന്‍ ഇഷ്ടം
ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്നതായും ദേശീയ ടീമിനൊപ്പമുള്ള ഇന്ത്യന്‍ പര്യടനങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ടെന്നും ഫ്‌ളവര്‍ പറയുന്നു.
ഇന്ത്യയിലെ കാണികള്‍ക്കു മുന്നില്‍ കളിക്കുകയെന്നത് മഹത്തായ അനുഭവമായിരുന്നു. ക്രിക്കറ്റിനെ അത്രയും ഇഷ്ടപ്പെടുന്നവരാണ് ഇവിടെയുള്ളത്. ഇന്ത്യയുടെ പല ഭാഗങ്ങളിലായി മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. എവിടെപ്പോയാലും ക്രിക്കറ്റിനെക്കുറിച്ച് അറിയുന്നവരും സ്ഥിരമായി ഫോളോ ചെയ്യുന്നവരുമാണുള്ളത്. പരമ്പരയില്‍ ഇപ്പോള്‍ ആരാണ് മുന്നിലെന്നും കൂടുതല്‍ റണ്‍സെടുത്തതും വിക്കറ്റെടുത്തതും ആരാണെന്നുമെല്ലാം അവര്‍ക്കു അറിയാമായിരുന്നു. ഇന്ത്യന്‍ ടീമിലെ മാത്രമല്ല സിംബാബ്‌വെ ടീമിലെയും കളിക്കാരുടെ സ്റ്റാറ്റസുള്‍പ്പെടെ എല്ലാം ക്രിക്കറ്റ് പ്രേമികള്‍ മനസ്സിലാക്കി വച്ചിരുന്നതായും ഫ്‌ളവര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications