Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ക്യാപ്റ്റന്‍സി മികവ് ആദ്യം കണ്ടെത്തിയതാര്? മുന്‍ ഇതിഹാസം! സംഭവം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് മുന്‍ ഇതിഹാസവും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. തന്റെ മുന്‍ഗാമികളായ പല ക്യാപ്റ്റന്മാര്‍ക്കും സാധിക്കാതെ പോയ വമ്പന്‍ നേട്ടങ്ങളിലേക്കു ടീം ഇന്ത്യയെ നയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. രണ്ടു ലോകകപ്പ് ട്രോഫികളടക്കം മൂന്നു ഐസിസി ട്രോഫികളാണ് ധോണി ഇന്ത്യക്കു സമ്മാനിച്ചത്. ഈ നേട്ടങ്ങള്‍ സ്വന്തം പേരില്‍ കുറിച്ച ലോകത്തിലെ തന്നെ ഒരേയൊരു ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്.

2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയാണ് ധോണി ലോക ക്രിക്കറ്റില്‍ വരവറിയിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ നടന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ധോണി വീണ്ടും ലോകത്തെ ഞെട്ടിക്കുകയായിരുന്നു. അതു കൊണ്ടും തീര്‍ന്നില്ല. 2013ല്‍ ഇംഗ്ലണ്ട് വേദിയായ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ധോണി ഇന്ത്യക്കു കിരീടം നേടിത്തന്നു. ഇന്ത്യക്കു ലഭിച്ച അവസാനത്തെ ഐസിസി ട്രോഫിയും അതു തന്നെയായിരുന്നു.

MS DHONI

യഥാര്‍ഥത്തില്‍ ആരാണ് ജാര്‍ഖണ്ഡുകാരനായ ധോണിയില്‍ മികച്ചൊരു ക്യാപ്റ്റനുണ്ടെന്നു ആദ്യം തിരിച്ചറിഞ്ഞത്? അതു അന്നുണ്ടായിരുന്ന സെലക്ഷന്‍ കമ്മിറ്റിയംഗങ്ങളോ, മുന്‍ താരങ്ങളോ ഒന്നും തന്നെയല്ല എന്നതാണ് കൗതുകകരമായ കാര്യം. മറിച്ച് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.

അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് 2007ലെ ടി20 ലോകകപ്പില്‍ ധോണി നായകനായി ആദ്യം പരീക്ഷിക്കപ്പെടുന്നത്. ഈ സമയത്തു ബിസിസിഐയുടെ പ്രസിഡന്റ് ശരദ് പവാറായിരുന്നു.

2007ല്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റുകളിലൊന്നായിരുന്നു. വമ്പന്‍ താരനിരയുള്ള ഇന്ത്യ അന്നു കിരീട ഫേവറിറ്റുകള്‍ കൂടിയായിരുന്നു. രാഹുല്‍ ദ്രാവിഡ് നയിച്ച സംഘത്തില്‍ സച്ചിന്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, ദിനേശ് കാര്‍ത്തിക് തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളുണ്ടായിരുന്നു.

പക്ഷെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഇന്ത്യക്കു നാണംകെട്ട തോല്‍വിയേറ്റു വാങ്ങേണ്ടി വരികയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി ഉലച്ച സംഭവമായിരുന്നു ഇത്. അതിനു പിന്നാലെയാണ് ഇതേ വര്‍ഷം സൗത്താഫ്രിക്കയില്‍ പ്രഥമ ടി20 ലോകകപ്പ് നടത്താന്‍ ഐസിസി തീരുമാനിക്കുന്നത്. ഏകദിന ലോകകപ്പിലേറ്റ ഞെട്ടലില്‍ നിന്നും ടീം ഇന്ത്യ അപ്പോഴും മുക്തരായിരുന്നില്ല.

ഇതേ തുടര്‍ന്നു ചില സീനിയര്‍ കളിക്കാര്‍ ടി20 ലോകപ്പില്‍ കളിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ടീമിലേക്കു തങ്ങളെ പരിഗണിക്കരുതെന്നു അവര്‍ സെലക്ഷന്‍ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി എന്നിവരാണ് ടി20 ലോകകപ്പില്‍ നിന്നും പിന്‍മാറിയത്. ഇതോടെ ടൂര്‍ണമെന്റില്‍ ആരെ ക്യാപ്റ്റനാക്കുമെന്നതായി സെലക്ഷന്‍ കമ്മിറ്റിക്കു മുന്നിലുള്ള ചോദ്യം.

SACHIN TENDULKAR

വീരേന്ദര്‍ സെവാഗും യുവരാജ് സിങുമായിരുന്നു ഈ സമയത്തു ടീമിലെ മറ്റു രണ്ടു പ്രധാനപ്പെട്ട കളിക്കാര്‍. അതുകൊണ്ടു തന്നെ ഇവരിലൊരാള്‍ക്കു നായകനായി നറുക്കുവീഴുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സംഭവിച്ചത് അപ്രതീക്ഷിത ട്വിസ്റ്റായിരുന്നു. ഇവരേക്കാള്‍ ജൂനിയറായിട്ടുള്ള ധോണിക്കാണ് ക്യാപ്റ്റനായി നറുക്കുവീണത്. ഇതിനു കാരണമായത് സച്ചിന്റെ നിര്‍ദേശവുമായിരുന്നു.

ടി20 ലോകകപ്പില്‍ ആരാണ് നായകസ്ഥാനത്തേക്കു ബെസ്റ്റ് ഓപ്ഷനെന്നു ബിസിസിഐ പ്രസിഡന്റായിരുന്ന ശരദ് പവാര്‍ സീനിയര്‍ കളിക്കാരോടു തിരക്കുകയായിരുന്നു. ഈ സമയത്താണ് അന്നു തുടക്കക്കാരന്‍ മാത്രമായിരുന്ന ധോണിയെക്കുറിച്ച് സച്ചിന്‍ വലിയ മതിപ്പോടെ അദ്ദേഹത്തോടു സംസാരിച്ചത്. എംഎസ് ധോണിക്കു ക്യാപ്റ്റനായി അവസരം നല്‍കൂ, ടീമംഗങ്ങളുമായി വളരെ നല്ല ബന്ധമാണ് അവനുള്ളതെന്നായിരുന്നു പവാറിനോടു സച്ചിന്റെ വാക്കുകള്‍.

പവാര്‍ ഇതു പരിഗണിക്കുകയും ധോണിക്കു കീഴില്‍ യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ഒരു പരീക്ഷണം ടീമിനെ ഇറക്കുകയായിരുന്നു. ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടിലെത്തുമെന്നു പോലും ആരും അന്നു പ്രതീക്ഷിച്ചില്ല. പക്ഷെ ധോണിയും സംഘവും സൗത്താഫ്രിക്കന്‍ മണ്ണില്‍ അദ്ഭുതം തീര്‍ക്കുകയും ലോകകപ്പും റാഞ്ചി നാട്ടിലേക്കു പറക്കുകയുമായിരുന്നു.

Story first published: Thursday, February 8, 2024, 6:15 [IST]
Other articles published on Feb 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+