ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. പ്രതിഭാശാലികളായ വമ്പന്‍ കളിക്കാരുടെ സാന്നിധ്യമാണ് ആരാധകര്‍ക്കിടയില്‍ ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. ഓരോ കാലഘട്ടത്തിലും ഇതിഹാസ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടുള്ളതായി നമുക്കു കാണാന്‍ സാധിക്കും. ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ തങ്ങളുടെ ടീമിലുണ്ടായിരുന്നെങ്കിലെന്നു മറ്റു ടീമുകളുടെ ആരാധകര്‍ പലപ്പോഴും ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രീലങ്കന്‍ ടീമിന്റെ ആരാധകര്‍ തങ്ങള്‍ക്കു പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്.
നിലവില്‍ മല്‍സരരംഗത്തുള്ള ഒരു ഇന്ത്യന്‍ താരത്തെ ശ്രീലങ്കന്‍ ടീമിലേക്കു തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ആരെ വേണമെന്നാണ് ആരാധകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍സൈഡ്‌സ്‌പോര്‍ട്ടിനോടു സംസാരിക്കവെയാണ് ലങ്കന്‍ ആരാധകര്‍ പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഭൂരിഭാഗം പേരും ഇതിഹാസ ബാറ്ററായ വിരാട് കോലിയുടെ പേരാണ് പറഞ്ഞിട്ടുള്ളതെന്നു കാണാം.

ആകെ 27 പേരോടാണ് ലങ്കന്‍ ടീമില്‍ കാണാനാഗ്രഹിക്കുന്ന ഇന്ത്യന്‍ താരത്തെക്കുറിച്ച് ചോദിച്ചിരിക്കുന്നത്. ഇതില്‍ 15 പേരുടെയും ഉത്തരം വിരാട് കോലിയെന്നാണ്. നിലവിലെ ക്യാപ്റ്റനും ഓപ്പണിങിലെ ഇതിഹാസ താരവുമായ രോഹിത് ശര്‍മയെ അധികം പേര്‍ തിരഞ്ഞെടുത്തില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ലോക ക്രിക്കറ്റില്‍ കോലിക്കൊപ്പം തന്നെ ചേര്‍ത്തു നിര്‍ത്താവുന്ന താരമാണെങ്കിലും ലങ്കന്‍ ആരാധകര്‍ക്കു ഹിറ്റ്മാനോടു അധികം പ്രിയമില്ല.
ലങ്കയുടെ രണ്ടു ആരാധകര്‍ മാത്രമേ രോഹിത്തിനെ തങ്ങളുടെ ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞിട്ടുള്ളൂ. മലയാളി താരം സഞ്ജു സാംസണിനും ലങ്കയില്‍ ആരാധകരുണ്ട്. ലങ്കയുടെ ഒരു ആരാധകനാണ് സഞ്ജുവിനെ തങ്ങളുടെ ടീമില്‍ വേണെന്നു അഭിപ്രായപ്പെട്ടിരിക്കുന്നത്. ലങ്കന്‍ ആരാധകര്‍ക്കിടയില്‍ രോഹിത്തിനേക്കാള്‍ ഫാന്‍സുള്ളത് സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, എന്നിവര്‍ക്കാണ്.
ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററും ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനുമായ സൂര്യയെ തങ്ങളുടെ ടീമില്‍ വേണമെന്നു പറഞ്ഞിരിക്കുന്നത് ലങ്കയുടെ മൂന്നു ആരാധകരാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കിനെ ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നതായി ലങ്കയുടെ മൂന്നു ഫാന്‍സ് പറയുന്നു. ബുംറ ടീമില്‍ വേണമെന്നു താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നതും മൂന്നു ആരാധകര്‍ തന്നൊയാണ്.

അതേസമയം, ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ ടീം ഇപ്പോള്‍ ചെറിയൊരു ബ്രേക്കിലാണ്. ലങ്കയില്‍ വൈറ്റ് ബോള്‍ പരമ്പരകളാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇതില്‍ ടി20 പരമ്പരയില്‍ പ്രതീക്ഷിച്ചതു പോലെയൊരു വിജയം ഇന്ത്യന്‍ ടീം സ്വന്തമാക്കിയപ്പോള്‍ ഏകദിനത്തില്‍ നാണംകെട്ടാണ് മടങ്ങിയത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു.
പക്ഷെ ഏകദിനത്തില്‍ രോഹിത്തിനു കീഴില്‍ ഏറ്റലും ശക്തമായ ടീമിനെ ഇറക്കിയിട്ടും ഇന്ത്യക്കു വലിയ ഷോക്കാണ് നേരിട്ടത്. ഫേവറിറ്റുകളായിരുന്ന ഇന്ത്യയെ സ്തബ്ധരാക്കി ഏകദിന പരമ്പര 2-0നു ലങ്ക കൈക്കലാക്കുകയായിരുന്നു. ആദ്യത്തെ മല്‍സരം ടൈയില്‍ കലാശിച്ചപ്പോള്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ലങ്ക അപ്രതീക്ഷിത വിജയം കൊയ്യുകയായിരുന്നു.
ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കവെ ഇത്തരമൊരു തിരിച്ചടി ഇന്ത്യന്‍ ടീം ഒട്ടും പ്രതീക്ഷിച്ചതല്ല. പുതിയ കോച്ച് ഗൗതം ഗംഭീറിനേറ്റ ഇരുട്ടടി കൂടിയായിരുന്നു ഏകദിന പരമ്പരയിലേറ്റ വമ്പന്‍ നാണക്കേട്.