Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അഞ്ചിന് 5 വിക്കറ്റ്! എവിടെ മധ്വാള്‍? രോഹിത്തിന്റെ തുറുപ്പുചീട്ടിനെ ഹാര്‍ദിക് ഒതുക്കി

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ കണ്ടെത്തലുകളിലൊന്നായിരുന്നു യുവ ഫാസ്റ്റ് ബൗളര്‍ ആകാശ് മധ്വാള്‍. പക്ഷെ ഇത്തവണ രോഹിത് മാറി ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി വന്നപ്പോള്‍ മധ്വാളിനു എന്തു പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. ഈ സീസണില്‍ മുംബൈ കളിച്ച രണ്ടു മല്‍സരങ്ങളിലും മുംബൈയുടെ ഇലവനില്‍ നിന്നും മധ്വാള്‍ തഴയപ്പെട്ടിരിക്കുകയാണ്.

ഡെത്ത് ഓവറുകളിലടക്കം ഉജ്ജ്വലമായി ബൗള്‍ ചെയ്ത മധ്വാളിനു എന്തുകൊണ്ട് ഹാര്‍ദിക് അവസരം നല്‍കുന്നില്ലെന്നാണ് ആരാധകരുടെ ചോദ്യം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമാണ് കഴിഞ്ഞ തവണ മധ്വാളിനു മുംബൈയുടെ പ്ലെയിങ് ഇലവനിലേക്കു വഴി തുറന്നത്. വളരെ പെട്ടെന്നു തന്നെ രോഹിത്തിന്റെ വിശ്വസ്തനായ പേസറായി മധ്വാള്‍ മാറുകയും ചെയ്തു. ഏറ്റവും കടുപ്പമേറിയ ഡെത്ത് ഓവറുകളിലടക്കം അസാധാരണ മിടുക്കോടെയാണ് താരം പന്തെറിഞ്ഞത്.

AKASH MADHWAL

എട്ടു മല്‍സരങ്ങളിലാണ് കഴിഞ്ഞ തവണ മുംബൈയ്ക്കായി മധ്വാള്‍ ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 8.59 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളും 28 കാരനായ പേസര്‍ വീഴ്ത്തിയിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു പ്രകടനവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള എലിമിനേറ്ററിലായിരുന്നു മധ്വാളിന്റെ അവിശ്വസനീയ പ്രകടനം. വെറും അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു പേരെയാണ് അദ്ദേഹം മടക്കിയത്. മല്‍സരത്തില്‍ എല്‍എസ്ജിയെ 81 റണ്‍സിനു മുംബൈ മുക്കുകയും ചെയ്തിരുന്നു.

ഈ സീസണില്‍ ബുംറയ്‌ക്കൊപ്പം മുംബൈയുടെ പേസ് ബൗളിങിലെ നിര്‍ണായക താരമായി മധ്വാള്‍ മാറുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ ഹാര്‍ദിക് ഈ യുവ ഫാസ്റ്റ് ബൗളറെ തീര്‍ത്തും മറന്ന മട്ടാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ കളിയില്‍ ഏഴു പേര്‍ മുംബൈയ്ക്കായി പന്തെറിഞ്ഞെങ്കിലും ഇക്കൂട്ടത്തില്‍ മധ്വാള്‍ ഇല്ലായിരുന്നു. ബുംറയും ഹാര്‍ദിക്കുമായിരുന്നു ഇലവനിലെ ഇന്ത്യന്‍ പേസര്‍മാര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഇന്നത്തെ കളിയിലും ഇവര്‍ തന്നെയായിരുന്നു പേസ് ബൗളിങ് കൈകാര്യം ചെയ്ത ഇന്ത്യക്കാര്‍.

AKASH MADHWAL

ഈ സീസണിനു തൊട്ടുമുമ്പ് മുന്‍ ക്യാപ്റ്റന്‍ രോഹിത്തിനെ പിന്തുണച്ചുകൊണ്ട് മധ്വാള്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ അരിശം കാരണമാണോ ഹാര്‍ദിക് അദ്ദേഹത്തെ തഴയുന്നതെന്നാണ് ആരാധകരുടെ സംശയം. രോഹിത് മുംബൈ ടീമില്‍ ആദ്യത്തെ ബാറ്റിങ് പരിശീലനത്തിനായി നെറ്റ്‌സിലെത്തുന്ന വീഡിയോയാണ് മധ്വാള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചത്.

അദ്ദേഹത്തോടൊപ്പം മലയാളി താരം വിഷ്ണു വിനോദ്, സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയ എന്നിവരും ഇതേ പോസ്റ്റ് വച്ചിരുന്നു. മധ്വാളിനെപ്പോലെ ഈ രണ്ടു പേരയും ഹാര്‍ദിക് രണ്ടു മല്‍സരങ്ങളിലും കളിപ്പിച്ചിട്ടില്ലെന്നത് എടുത്തു പറയേണ്ടതാണ്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഹൈദരാബാദ് സ്‌ഫോടനാത്മക ബാറ്റിങാണ് മുംബൈക്കെതിരേ കാഴ്ചവയ്ക്കുന്നത്. വെറും 10 ഓവറാവുമ്പോഴേക്കും ഹൈദരാബാദ് രണ്ടു വിക്കറ്റിനു 148 റണ്‍സ് വാരിക്കൂട്ടിക്കഴിഞ്ഞു. അഭിഷേക് ശര്‍മയുടെയും (54*) ട്രാവിസ് ഹെഡിന്റെയും (62) തീപ്പൊരി ഫിഫ്റ്റികളാണ് മുംബൈയെ വിറപ്പിച്ചത്.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, നമാന്‍ ദിര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്‌സി, ഷാംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വെന എംപാക്വ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കാണ്ഡെ, ജയദേവ് ഉനാട്കട്ട്.

Story first published: Wednesday, March 27, 2024, 20:37 [IST]
Other articles published on Mar 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+