ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കെതിരേ പല സന്ദര്‍ഭങ്ങളിലും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിട്ടുള്ള വ്യക്തിയാണ് യുവരാജ് സിങിന്റെ അച്ഛനും മുന്‍ ക്രിക്കറ്ററുമായ യോഗ്‌രാജ് സിങ്. യുവിയുടെ കരിയര്‍ തകര്‍ത്തതിനു പിന്നില്‍ ധോണിയാണെന്നും സ്വാര്‍ഥനായ ക്യാപ്റ്റനാണെന്നുമെല്ലാം പല തവണ യോഗ്‌രാജ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാളെല്ലാം വലിയൊരു ആരോപണം ഒരിക്കല്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. 2019ലെ ലോകകപ്പ് സെമിയില്‍ ധോണി മനപ്പൂര്‍വ്വം മോശമയി കളിച്ചെന്നായിരുന്നു യോഗ്‌രാജിന്റെ ആരോപണം.
ന്യൂസ് 18 ഹരിയാനയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗുരുതര ആരോപണം. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു 18 റണ്‍സിനു തോറ്റ് പുറത്താവുകയായിരുന്നു. വിരാട് കോലിയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിച്ചത്. വിക്കറ്റ് കീപ്പറുടെ റോളില്‍ ധോണിയുമായിരുന്നു. കോലിക്കു കീഴില്‍ ഇന്ത്യയുടെ ലോകകപ്പ് വിജയം തടയാന്‍ ധോണി ആഗ്രഹിച്ചെന്നും ഇതിനായി മനപ്പൂര്‍വം മോശമായി കളിക്കുകയായിരുന്നുവെന്നുമാണ് യോഗ്‌രാജ് തുറന്നടിച്ചത്.

2019ലെ ലോകകപ്പില്‍ മഹേന്ദ്ര സിങ് ധോണി മനപ്പൂര്‍വ്വം ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുകയായിരുന്നു. താനല്ലാതെ മറ്റൊരു ക്യാപ്റ്റനു കീഴില്‍ ഇന്ത്യയുടെ ലോകകപ്പ് വിജയം ധോണി ആഗ്രഹിച്ചില്ല. കാരണം 18 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു 2011ല്‍ ധോണിക്കു കീഴില്‍ ഇന്ത്യ വീണ്ടും ലോക ചാംപ്യന്‍മാരായത്. ഈ നേട്ടം തന്റെ പേരില്‍ മാത്രം മതിയെന്നും അദ്ദേഹം ആഗ്രഹിച്ചുവെന്നും യോഗ്‌രാജ് സിങ് തുറന്നടിച്ചിരുന്നു.
തന്റെ കസേരയ്ക്കായി ആരെ വേണമെങ്കിലും വില്‍ക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ് മഹേന്ദ്ര സിങ് ധോണി. അതു മാത്രമല്ല, ആരെ വേണമെങ്കിലും എന്തും ചെയ്യാനും അദ്ദേഹത്തിനു മടിയുമില്ലെന്നും യോഗ്‌രാജ് വിമര്‍ശിക്കുന്നു.
മഹേന്ദ്ര സിങ് ധോണി കാരണം തന്നെയാണ് 2019ലെ ലോകകപ്പ് സെമി ഫൈലനലില്‍ നമ്മള്‍ തോറ്റതെന്നു ഞാന്‍ ഇപ്പോഴും ഉറച്ചുതന്നെ വിശ്വസിക്കുന്നു. ലോജിക്കോടെ ഒന്നു ആലോചിച്ചു നോക്കൂ. രവീന്ദ്ര ജഡേജയാണ് ധോണിക്കൊപ്പം അപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. അതേ ബൗളര്‍, അതേ വിക്കറ്റ്, ജഡേജ എത്ര അനായാസമായിട്ടായിരുന്നു അന്നു ഫോറും സിക്‌സറുമെല്ലാം അടിച്ചതെന്നു നോക്കൂ.
പക്ഷെ ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന ധോണി എന്താണ് കാണിച്ചത് ? നീ അടിക്കൂയെന്നാണ് ജഡേജയുള്‍പ്പെടെ ക്രീസിലേക്കു ബാറ്റ് ചെയ്യാന്‍ വന്നവരോടെല്ലാം അദ്ദേഹം നിര്‍ദേശിച്ചത്. ധോണിയുടെ ഉപദേശം കാരണം രണ്ടു ബാറ്റര്‍മാര്‍ പുറത്താവുകയും ചെയ്തു. ജഡേജയ്ക്കു ഈ തരത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ ധോണിക്കു എന്തുകൊണ്ട് സാധിക്കുന്നില്ല?

12 ബോളുകള്‍ ഞാന്‍ എണ്ണി കാണിച്ചു തരാം. ധോണിക്കു ഷോട്ടുകള്‍ കളിക്കാനുള്ള സ്ലോട്ടിലായിരുന്നു ഈ ബോളുകള്‍ വന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമ്പോള്‍ ഇത്തരം ബോളുകള്‍ കിട്ടിയാല്‍ ധോണി പാഴാക്കാറില്ല. മിഡ് ഓണ്‍, മിഡ് വിക്കറ്റ്, മിഡ് ഓഫ് തുടങ്ങി എല്ലാ ഏരിയയിലേക്കും ഷോട്ടുകള്‍ പായിക്കാറുണ്ട്. ലോകകപ്പിലെ ആ മല്‍സരത്തില്‍ ഈ തരത്തിലുള്ള ഷോട്ടുകളാന്നും കളിക്കാന്‍ പറ്റില്ലേ? ജഡേജ കളിച്ചതു പോലെ ധോണിയും അന്നു കളിച്ചിരുന്നെങ്കില്‍ 48 ഓവറിനുള്ളില്‍ നമ്മള്‍ മല്‍സരം ജയിച്ചേനെയെന്നുമാണ് യോഗ്‌രാജ് സിങ് ചൂണ്ടിക്കാണിച്ചത്.
സെമിയില്‍ 72 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 50 റണ്‍സെടുത്ത ധോണി റണ്ണൗട്ടായാണ് പുറത്തായത്. 48ാം ഓവറില്‍ ടീം സ്‌കോര്‍ 208ല്‍ നില്‍ക്കെ ഏഴാമനായി ജഡേജ പുറത്തായതാണ് കളിയിലെ ടേണിങ് പോയിന്റ്. പിന്നാലെ ധോണിയും മടങ്ങിയതോടെ 240 റണ്‍സ് പിന്തുര്‍ന്ന ഇന്ത്യ 221ന് പുറത്താവുകയും ചെയ്തു.