ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഏറ്റവും നിര്‍ണ്ണായക പ്രകടനം നടത്തിയത് യുവരാജായിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും വിസ്മയിപ്പിച്ച യുവരാജ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്. അര്‍ബുദം ബാധിച്ചപ്പോഴും കീഴ്‌പ്പെടാതെ പൊരുതിയ യുവരാജ് ലോക ക്രിക്കറ്റിലെ വലിയ മാതൃകകളിലൊരാളാണ്.
വിരമിച്ച ശേഷവും പല ആരാധകരുടേയും മനസില്‍ ഹീറോയായി തുടരാന്‍ യുവരാജിന് സാധിക്കുന്നുണ്ട്. അത്രത്തോളം ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് യുവരാജ്. ഇന്ത്യയുടെ ഹീറോയെന്ന് പറയുമ്പോള്‍ താന്‍ ഒരിക്കല്‍ ക്രിക്കറ്റിനെ വെറുത്തിരുന്നുവെന്ന് യുവി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരമൊരു ദിവസം തന്റെ കരിയറില്‍ ഉണ്ടായിരുന്നുവെന്നാണ് യുവരാജ് തുറന്ന് പറഞ്ഞത്. ഏതാണ് ഈ സംഭവമെന്ന് അറിയാമോ? പരിശോധിക്കാം.
'എനിക്ക് ക്രിക്കറ്റിനെ വളരെ ഇഷ്ടമാണ്. അതുപോലെ തന്നെ വെറുപ്പുമാണ്. ക്രിക്കറ്റിനെ ഞാന്‍ ഇഷ്ടപ്പെടാനുള്ള കാരണം ഇത് എനിക്കെല്ലാം തന്നതുകൊണ്ടാണ്. ഞാന്‍ ക്രിക്കറ്റിനെ വെറുക്കാന്‍ കാരണം മാനസികമായി വളരെ പ്രയാസപ്പെടുത്തിയതിനാലാണ്. ഇന്ത്യക്കായി 400ലധികം മത്സരം കളിക്കാനായി എന്നത് എന്റെ ഭാഗ്യമായാണ് കരുതുന്നത്. ക്രിക്കറ്റ് താരമെന്ന നിലയില്‍ കരിയര്‍ തുടങ്ങിയപ്പോള്‍ ഇത്തരമൊരു പ്രതീക്ഷ എനിക്കില്ലായിരുന്നു.
പല മനോഹരമായ ഓര്‍മകളും എന്റെ ക്രിക്കറ്റ് കരിയറിലുണ്ടായി. 2002ലെ നാറ്റ് വെസ്റ്റ് സീരിസ് ഫൈനലാണ് ഇതില്‍ പ്രധാനപ്പെട്ടത്. 2004ല്‍ പാകിസ്താനെതിരേ എന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി, 2007ല്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, 2007ലെ ടി20 ലോകകപ്പില്‍ ആറ് സിക്‌സുകള്‍ നേടിയത്, പിന്നെ 2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയും മറക്കാനാവാത്തതാണ്' യുവരാജ് പറഞ്ഞു. 2007ലെ ടി20 ലോകകപ്പില്‍ യുവരാജിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ടിരുന്നു.

സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും യുവി സിക്‌സര്‍ പറത്തി. 2011ലെ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ ലോകകപ്പിലെ താരമാകാന്‍ യുവരാജിനായിരുന്നു. പരിമിത ഓവറില്‍ ഇന്ത്യയുടെ ഹീറോയാണെങ്കിലും ടെസ്റ്റില്‍ പ്രതീക്ഷിച്ച കരിയര്‍ യുവരാജിന് ലഭിച്ചില്ല. പരിമിത ഓവറില്‍ മികവ് കാട്ടിയിട്ടും ടെസ്റ്റില്‍ വേണ്ടത്രെ അവസരം ലഭിക്കാത്തതിന്റെ പരിഭവം യുവരാജ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയുടെ പല പ്രധാന നേട്ടങ്ങളിലും യുവിയുടെ പ്രകടന മികവുണ്ടായിരുന്നു.
എന്നാല്‍ കരിയറിലെ ഏറ്റവും വെറുക്കപ്പെട്ട ദിനം 2014ലെ ടി20 ലോകകപ്പ് ഫൈനലാണെന്നാണ് യുവരാജ് പറയുന്നത്. '2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ കളിച്ചതാണ് കരിയറിലെ ഏറ്റവും മോശം ദിനം. ഞാന്‍ 21 പന്തില്‍ 11 റണ്‍സാണ് അന്ന് നേടിയത്. എന്റെ കരിയര്‍ അവസാനിച്ചുവെന്ന് മനസില്‍ തോന്നി' യുവരാജ് പറഞ്ഞു. ഇന്ത്യന്‍ ടീമിനൊപ്പം അര്‍ഹിച്ച യാത്രയയപ്പ് യുവരാജിന് ലഭിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
'2000ല്‍ എനിക്ക് 19 വയസുള്ളപ്പോഴാണ് കരിയര്‍ ആരംഭിക്കുന്നത്. എങ്ങനെ തുടങ്ങുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ എനിക്കന്ന് അറിയില്ലായിരുന്നു. 2019ലെ ഐപിഎല്ലില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സന്തോഷത്തോടെ എനിക്ക് കളി നിര്‍ത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും കരിയറില്‍ ആര്‍ക്കും ലഭിക്കില്ല.
ഇപ്പോഴും ടി20 ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിദേശ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അനുമതി ലഭിക്കണം. സമ്മര്‍ദ്ദമില്ലാതെ ആഘോഷമാക്കി ആസ്വദിച്ച് ക്രിക്കറ്റ് കളിക്കണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു' യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ പരിശീലക റോളിലേക്കെത്താന്‍ യുവരാജ് ആഗ്രഹിക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സില്‍ അവസരം ചോദിച്ചെങ്കിലും ലഭിച്ചില്ല. വൈകാതെ പരിശീല റോളില്‍ യുവരാജ് എത്താന്‍ സാധ്യതകളേറെയാണ്.