ഇന്ത്യന്‍ ക്രിക്കറ്റിന്റെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയതിന് പിന്നില്‍ യുവരാജിന്റെ മികവായിരുന്നു എടുത്തു പറയേണ്ടത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും കസറിയിരുന്ന യുവരാജ് ഇപ്പോഴും വലിയ ആരാധക പിന്തുണയുള്ള താരമാണ്. ഇപ്പോള്‍ വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന യുവരാജ് ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലടക്കം സജീവമാണ്.
മിക്ക താരങ്ങളും തങ്ങളുടെ മക്കളേയും അച്ഛന്റെ പാതയിലൂടെ വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറും സുനില്‍ ഗവാസ്‌ക്കറും വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡുമെല്ലാം തങ്ങളുടെ ആണ്‍ മക്കളെ ക്രിക്കറ്റിലേക്ക് വളര്‍ത്താന്‍ ശ്രമിച്ചവരാണ്. എന്നാല്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് സൂപ്പര്‍ താരങ്ങളായ ക്രിക്കറ്റ് താരങ്ങള്‍ കുറവാണെന്ന് പറയാം. എന്നാല്‍ തന്റെ മകനെ ഒരിക്കലും ക്രിക്കറ്റ് താരമാക്കില്ലെന്ന് തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് യുവരാജ് സിങ്.

അതിനൊരു കാരണവുമുണ്ടെന്നാണ് യുവരാജ് പറയുന്നത്. അത് എന്താണെന്ന് പരിശോധിക്കാം. 'എന്റെ മകനെ ക്രിക്കറ്റ് താരമായി കാണാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം കളിക്കുന്ന സമയത്തെ സമ്മര്‍ദ്ദം താങ്ങുകയെന്നത് എളുപ്പമല്ല. പ്രത്യേകിച്ച് കുട്ടികളെ അത് കൂടുതല്‍ ബാധിക്കും. ഞാനിത് കുറേ അനുഭവിച്ചിട്ടുള്ളതാണ്. ആളുകളുടെ അഭിപ്രായങ്ങളും മാധ്യമങ്ങളുടെ വിശകലനങ്ങളും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തെ മറികടക്കുക പ്രയാസമാണ്.
എന്നാല്‍ ഗോള്‍ഫ് കളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്റെ മകനും പ്ലാസ്റ്റിക്കിന്റെ ഗോള്‍ഫ് കിറ്റ് ഞാന്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അവന്‍ ഗോള്‍ഫിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ക്രിക്കറ്റിലും അവന്‍ ചെറുതായി താല്‍പര്യം കാട്ടുന്നുണ്ട്. ഞാന്‍ പന്തെറിഞ്ഞ് കൊടുക്കുമ്പോള്‍ അവന്‍ ഷോട്ട് കളിക്കാറുണ്ട്. ഒരു ദിവസം അവന്‍ എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. അന്നവന്‍ തന്റെ ഗോള്‍ഫ് സ്റ്റിക്ക് ഒപ്പം കൊണ്ടുപോയില്ല.
എന്നാല്‍ ക്രിക്കറ്റ് ബാറ്റ് അവന്‍ ഒപ്പം കരുതി. ചില കാര്യങ്ങള്‍ സ്വാഭാവികമായുള്ളതാണ്. അതിനെ തടുത്തുവെക്കാന്‍ നമുക്കാവില്ല. അവനൊരു ക്രിക്കറ്റ് താരമാകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അവനെ ഞാന്‍ പിന്തുണക്കും.' യുവരാജ് പറഞ്ഞു. ഭാവിയില്‍ യുവരാജിന്റെ മകന്‍ ക്രിക്കറ്റ് താരമായി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിങ് ക്രിക്കറ്റ് താരമായിരുന്നു. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിലാണ് യുവിയുടെ വളര്‍ച്ച.
ഇപ്പോഴും യോഗ്‌രാജ് പരിശീലക റോളില്‍ തിളങ്ങുന്നുണ്ട്. യുവരാജും പരിശീലക റോളിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ്. ഐപിഎല്ലില്‍ പരിശീലകസ്ഥാനം ലഭിക്കാന്‍ യുവരാജ് അവസാന സീസണില്‍ത്തന്നെ ശ്രമിച്ചിരുന്നു. എന്നാല്‍ അവസരം ലഭിച്ചില്ല. ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലക സംഘത്തിലേക്കെത്താനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാന്‍ പോവുകയാണ്.
ഇതോടെ പല ടീമുകളിലും വലിയ അഴിച്ചുപണികള്‍ ഉണ്ടായേക്കും. അങ്ങനെ വരുമ്പോള്‍ യുവരാജിനെ പരിശീലക സംഘത്തില്‍ പ്രതീക്ഷിക്കാം. അര്‍ബുദത്തെയടക്കം തോല്‍പ്പിച്ച് ക്രിക്കറ്റില്‍ വളര്‍ന്ന താരമാണ് യുവരാജ് സിങ്. താരങ്ങളെ പ്രചോദിപ്പിക്കാനും മാനസികമായി ശക്തിപ്പെടുത്താനും യുവരാജിന്റെ കരിയര്‍ തന്നെയാണ് മാതൃക. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഭയമില്ലാത്ത യുവരാജാണ് ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ ആദ്യത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം.
2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയാണ് യുവരാജിന്റെ ഈ തകര്‍പ്പന്‍ പ്രകടനം. ഭാവിയില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാവാന്‍ യുവരാജിന് സാധിക്കുമോയെന്നത് കണ്ടറിയാം. യുവരാജിന്റെ മടങ്ങിവരവ് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം അത്രത്തോളം ഇന്ത്യന്‍ ആരാധകരെ വിസ്മയിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത താരമാണ് യുവരാജ് സിങ്.