ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായിരുന്നു യുവരാജ് സിങ്. അതിവേഗത്തില്‍ ബാറ്റുചെയ്യാനും സ്പിന്‍ ബൗളിങ്ങുകൊണ്ട് മത്സരഫലത്തെ മാറ്റാനും തകര്‍പ്പന്‍ ഫീല്‍ഡിങ് കാഴ്ചവെക്കാനും യുവിക്ക് കഴിഞ്ഞിരുന്നു. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യ നേടിയെടുത്തത് യുവരാജിന്റെ മികവിലായിരുന്നു. 2011ലെ ഏകദിന ലോകകപ്പിലെ താരമായി മാറിയത് യുവരാജായിരുന്നു.
ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായ ബാറ്റ്സ്മാനായിരുന്നു യുവരാജ് സിങ്. എന്നാല്‍ കരിയറിന്റെ തുടക്ക സമയത്ത് താന്‍ ആഗ്രഹിച്ചത് വിക്കറ്റ് കീപ്പറാവാന്‍ ആയിരുന്നുവെന്നാണ് യുവരാജ് വെളിപ്പെടുത്തിയത്. എന്നാല്‍ ആ തീരുമാനം ഉപേക്ഷിക്കാന്‍ കാരണം പിതാവാണെന്നാണ് യുവരാജ് തുറന്ന് പറഞ്ഞത്. 'എന്നെ പേസ് ബൗളറാക്കണമെന്നാണ് പിതാവ് ആഗ്രഹിച്ചത്. എന്നാല്‍ പിതാവിന്റെ ആഗ്രഹം 14ാം വയസില്‍ ഞാന്‍ തകര്‍ത്തു.
ബിഷന്‍ സിങ് ബേദിയുടെ പരിശീലന ക്യാംപിലായിരുന്നു അന്ന് ഞാന്‍ ഉണ്ടായിരുന്നത്. അദ്ദേഹമാണ് ബൗളറെന്നതിനെക്കാള്‍ ബാറ്റിങ്ങിലാണ് എനിക്ക് കഴിവുണ്ടെന്ന് കാട്ടിത്തന്നത്. എന്നോട് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ബിഷന്‍ സിങ്ങാണ് പറഞ്ഞത്. സ്പിന്‍ ബൗളിങ്ങിലേക്ക് മാറാനും അദ്ദേഹം ഉപദേശിച്ചു. എന്നാല്‍ എന്റെ പിതാവിന് ഈ പദ്ധതിയോട് വലിയ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ പേസ് എറിയുമ്പോള്‍ എനിക്കുണ്ടായിരുന്ന ശാരീരിക പ്രശ്നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പിന്നീട് സമ്മതിച്ചു.
എന്നാല്‍ ഇതിന് ശേഷവും വിക്കറ്റ് കീപ്പറാവാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ എന്റെ പിതാവ് ഇതിനെ ശക്തമായി എതിര്‍ത്തു. മറ്റ് ബൗളര്‍മാര്‍ എറിയുന്ന പന്തുകളുടെ ക്യാച്ചെടുക്കേണ്ടവനല്ല നീയെന്നാണ് പിതാവ് പറഞ്ഞിരുന്നത്. എന്നെ ബൗളറാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ ചിന്താഗതി മറ്റുള്ളവരേക്കാള്‍ വളരെ വ്യത്യസ്തമായതാണ്. 150 കിലോമീറ്റര്‍ വേഗത്തില്‍ ഞാന്‍ പന്തെറിയണം, 1000 വിക്കറ്റ് നേടുന്ന ബൗളറാവണം, 20000 റണ്‍സ് നേടണം എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി'- യുവി പറഞ്ഞു.

എന്നാല്‍ ബാറ്റിങ്ങിലേക്ക് ശ്രദ്ധ നല്‍കിയതോടെ ഇന്ത്യക്ക് എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളെയാണ് ലഭിച്ചത്. കരിയറിന്റെ തുടക്കം മുതല്‍ വലിയ ആത്മവിശ്വാസത്തോടെ കളിക്കുന്ന താരമായിരുന്നു യുവരാജ് സിങ്. ഏത് ബൗളറേയും ഭയമില്ലാതെ നേരിടാന്‍ യുവരാജിന് സാധിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരേ തകര്‍പ്പന്‍ പ്രകടനത്തോടെ തന്റെ മികവ് കാട്ടിക്കൊടുത്ത യുവരാജ് പിന്നീടങ്ങോട്ട് ഇന്ത്യയുടെ മധ്യനിരയിലെ ഏറ്റവും വിശ്വസ്തനായി മാറി.
നാറ്റ് വെസ്റ്റ് സീരിസ് ഫൈനലില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ യുവരാജിനായിരുന്നു. ഇംഗ്ലണ്ടിനെതിരേ യുവരാജ് നേടിയ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി ടീമിന്റെ ജയത്തില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ യുവരാജ് ആഗ്രഹിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ അതിലേക്കെത്താനായില്ല. 2007ലെ ടി20 ലോകകപ്പില്‍ യുവിയുടെ ബാറ്റിങ് വിസ്ഫോടനമാണ് ക്രിക്കറ്റ് ലോകം കണ്ടത്.
ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറ് സിക്സുകള്‍ പറത്താന്‍ യുവരാജിനായിരുന്നു. ഇന്നും യുവരാജിന്റെ ആറ് സിക്സുകള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മകളാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ധൈര്യം കാട്ടിയിരുന്ന യുവിയുടെ പോരാട്ടവീര്യമാണ് 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തത്. അര്‍ബുദം ബാധിച്ച് യുവരാജ് കരിയറില്‍ വലിയ പ്രയാസം നേരിടുന്ന സമയമായിരുന്നു ഇത്.
എന്നാല്‍ ഈ പ്രതിസന്ധിയെ പോരാട്ടവീര്യംകൊണ്ട് തോല്‍പ്പിക്കാന്‍ യുവരാജിനാവുകയും പന്തുകൊണ്ടും ബാറ്റുകൊണ്ടും മുന്നില്‍ നിന്ന് നയിക്കാനും സാധിച്ചു. വിക്കറ്റ് കീപ്പറാവാന്‍ സാധിച്ചില്ലെങ്കിലും ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായി വളരാന്‍ യുവരാജിനായിരുന്നു. പല തവണ ഡൈവിങ് ക്യാച്ചുകളെടുത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കാന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വിരമിക്കല്‍ ജീവിതം നയിക്കുന്ന യുവരാജ് വൈകാതെ പരിശീലക റോളിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.