ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം രണ്ടു വലിയ നഷ്ടങ്ങളുടെ മാസമായി മാറിയിരിക്കുകയാണ് മേയ്. കാരണം ടീമിന്റെ നെടുംതൂണുകളായ രണ്ടു ബാറ്റിങ് ഇതിഹാസങ്ങളെയാണ് ഒരാഴ്ചയ്ക്കിടെ നഷ്ടമായിരിക്കുന്നത്. ഈ മാസം ഏഴിന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ന് (മേയ് 12) മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിയും റെഡ് ബോള്‍ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞിരിുകയാണ്.
അടുത്ത മാസം കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കാനിരിക്കെയാണ് രണ്ടു ഇതിഹാസ ബാറ്റര്‍മാരുടെയും പടിയിറക്കം. ടി20യില്‍ നിന്നും കഴിഞ്ഞ വര്‍ഷം തന്നെ ഇരുവരും വിരമിച്ചിരുന്നു. ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമേ രോഹിത്തിന്റെയും കോലിയുടെയും സാന്നിധ്യമുണ്ടാവുകയുള്ളൂ. കോലി ടെസ്റ്റ് മതിയാക്കിയതോടെ ഇനി എപ്പോഴായിരിക്കും അദ്ദേഹത്തെ വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ സാധിക്കുകയെന്നാണ് ആരാധകരുടെ ചോദ്യം. ഇതേക്കുറിച്ച് അറിയാം.

കോലിയുടെ അടുത്ത മല്‍സരം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി കാണില്ലെങ്കിലും ഏകദിനത്തില്‍ തുടര്‍ന്നും കളിക്കാന്‍ തന്നെയാണ് വിരാട് കോലി തീരുമാനിച്ചിട്ടുള്ളത്. പക്ഷെ ഏകദിനത്തില്‍ ഉടനെയൊന്നും ഇന്ത്യന്‍ ടീമിനു മല്‍സരങ്ങളില്ല. ഈ വര്‍ഷം ആഗസ്റ്റിലാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
ആഗസ്റ്റ് 17നു ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ബംഗ്ലാദേശുമായാണ് ഇന്ത്യന്‍ ടീം കൊമ്പുകോര്‍ക്കുന്നത്. ഈ പരമ്പരയിലാവും അടുത്തതായി കോലിയെ നമുക്കു ഇനി കാണാന്‍ സാധിച്ചേക്കുക. ഈ പരമ്പരയില്‍ അദ്ദേഹം തീര്‍ച്ചയായും കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐപിഎല്ലിന്റെ 18ാ സീസണിലെ മാറ്റി വച്ച മല്‍സരങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇതു ഈ മാസം പുനരാരംഭിക്കാന്‍ സാധിക്കാതെ വരികയും ആഗസ്റ്റിലെ അടുത്ത വിന്‍ഡോയിലേക്കു മാറ്റുകയും ചെയ്താല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയും നടന്നേക്കില്ല.
അങ്ങനെ സംഭവിച്ചാല്‍ കോലി പിന്നീട് ഇന്ത്യക്കായി കളിക്കുക ഒക്ടോബറിലായിരിക്കും. കാരണം ബംഗ്ലാദേശുമായുള്ള ആഗസ്റ്റിലെ ഏകദിന പരമ്പര കഴിഞ്ഞാല്‍ പിന്നീട് ഇന്ത്യയുടെ അടുത്ത പരമ്പര ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്.
ഓസീസിനെതിരേ അവരുടെ നാട്ടിലാണ് മൂന്നു ഏകദിനങ്ങള്‍ ഇന്ത്യന്‍ ടീം കളിക്കുക. കൂടാതെ അഞ്ചു ടി20കളുടെ പരമ്പരയും ഈ പര്യടനത്തിലുണ്ടാവും. ഓസീസ് പര്യടനത്തിനു ശേഷം നാട്ടില്‍ വച്ച് സൗത്താഫ്രിക്കയുമായി മൂന്നു ഫോര്‍മാറ്റുകളിലുമുളള പരമ്പരയും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുകയാണ്.
വമ്പന്‍ നേട്ടമില്ലാതെ വിരമിക്കല്‍
ഏകദിന ക്രിക്കറ്റിനു പിന്നാലെ ടെസ്റ്റിലും 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുന്ന താരമെന്ന നേട്ടം പൂര്‍ത്തിയാക്കാതെയാണ് വിരാട് കോലിയുടെ പൊടുന്നനെയുള്ള വിരിക്കല്‍. 10,000 റണ്‍സെന്ന മാന്ത്രിക സംഖ്യക്കു അരികിലായിരുന്നു അദ്ദേഹം. ഈ നേട്ടം തികയ്ക്കാന്‍ 770 റണ്‍സ് കൂടിയാണ് കോലിക്കു വേണ്ടിയിരുന്നത്.

അടുത്ത രണ്ടോ, മൂന്നോ ടെസ്റ്റ് പരമ്പരകളില്‍ കൂടി കളിച്ചിരുന്നെങ്കില്‍ അദ്ദേഹം ഒരുപക്ഷെ 10,000 റണ്‍സ ക്ലബില്‍ അംഗമായി മാറുമായിരുന്നു. പക്ഷെ കരിയറിലെ മറ്റൊരു പൊന്‍തൂവലിനു കാത്തുനില്‍ക്കാതെയാണ് കോലി ബാറ്റ് താഴെ വച്ചിരിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തെ മോശം പ്രകടനങ്ങളാണ് അദ്ദേഹത്തെ കളി നിര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍. ഏറ്റവും അവസാനം ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ചു ടെസ്റ്റുകളില്‍ നിന്നും കോലിയുടെ സമ്പാദ്യം വെറും 190 റണ്‍സായിരുന്നു.