സഞ്ജുവിനെ ഇന്ത്യ ഉപയോഗിക്കുന്നില്ല! തഴയുന്നത് അത്ഭുതപ്പെടുത്തുന്നു; വോണ്‍ അന്ന് പറഞ്ഞത്
മുംബൈ: എല്ലാ കാലത്തും താരസമ്പന്നമായ ടീമാണ് ഇന്ത്യ. ഐപിഎല്ലിന്റെ വരവിന് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഇതോടെ അസാമാന്യ പ്രതിഭകളായിട്ടും പലര്‍ക്കും വേണ്ടത്ര അവസരം ലഭിക്കാതെ പോകുന്നു. സ്ഥിരതയോടെ കളിക്കാനാവാത്ത പക്ഷം ഇന്ത്യന്‍ ടീമില്‍ തുടരുക പ്രയാസമാണെന്ന് പറയാം. അതുകൊണ്ടുതന്നെ പല സൂപ്പര്‍ താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിനൊപ്പം പ്രതീക്ഷിച്ച കരിയര്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോവുന്നു.
ഈ ഗണത്തില്‍ പെട്ട താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച് മികവ് തെളിയിച്ചാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിരമായൊരു സീറ്റ് നേടാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ഇന്ത്യന്‍ ടീമിലെ ഗസ്റ്റ് റോളാണ് സഞ്ജുവിനുള്ളത്. ഏകദിനത്തിലും ടി20യിലും കസറുമ്പോഴും സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടി പലപ്പോഴും അര്‍ഹിച്ച അവസരങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു.
സഞ്ജുവിന്റെ പ്രതിഭയെ അടുത്തറിയുന്ന പലരും ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം കുറയുന്നതിനെതിരേ ചോദ്യമുയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തിലൊരാളാണ് മുന്‍ ഓസീസ് സ്പിന്നറും രാജസ്ഥാന്‍ റോയല്‍സ് നായകനുമായിരുന്ന ഷെയ്ന്‍ വോണ്‍. ഇതിനോടകം ലോകത്തോട് വിടപറഞ്ഞ ഷെയ്ന്‍ വോണ്‍ ഒരിക്കല്‍ സഞ്ജുവിനെതിരായ അവഗണനയെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും സഞ്ജു കളിക്കാത്തത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നാണ് വോണ്‍ അന്ന് പ്രതികരിച്ചത്.
'എന്തൊരു അസാമാന്യ പ്രതിഭയാണ് സഞ്ജു സാംസണ്‍. കരിയറില്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും അസാമാന്യനായ താരങ്ങളിലൊരാളാണ് സഞ്ജു. ഇക്കാര്യം നേരത്തെ തന്നെ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കാത്തത് കാണുമ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്' എന്നാണ് വോണ്‍ ഒരിക്കല്‍ പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് ഇന്ന് രാജസ്ഥാന്റെ നായകസ്ഥാനത്തേക്കെത്താന്‍ സഞ്ജുവിനായി.

രാജസ്ഥാനെ ഫൈനല്‍ കളിപ്പിക്കാനും സഞ്ജുവിന് സാധിച്ചു. ഇന്ത്യന്‍ ടീമിലേക്ക് 2015ല്‍ എത്തിയ സഞ്ജു ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ കളിച്ചത് വെറും 46 മത്സരങ്ങള്‍ മാത്രം. ഏകദിനത്തില്‍ 16 മത്സരവും ടി20യില്‍ 30 മത്സരങ്ങളുമാണ് സഞ്ജുവിന് ഇതുവരെ കളിക്കാന്‍ സാധിച്ചത്. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ പറയുമ്പോഴും തുടര്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിച്ചിരുന്നില്ലെന്ന വസ്തുത തള്ളിക്കളയാനാവില്ല. ഐപിഎല്ലില്‍ മൂന്ന് തവണ സെഞ്ച്വറി നേടാന്‍ സഞ്ജുവിനായിട്ടുണ്ട്.
എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ 19.3 ശരാശരിയില്‍ 444 റണ്‍സാണ് സഞ്ജുവിന് ആകെ നേടാനായത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. തുടര്‍ അവസരങ്ങള്‍ ലഭിക്കാത്തത് മികച്ച പ്രകടനത്തിലേക്കുയരാന്‍ സഞ്ജുവിന് തടസമായിട്ടുണ്ടെന്ന് പറയാം. എന്നാല്‍ ഏകദിനത്തിലെ സഞ്ജുവിന്റെ കണക്കുകള്‍ മികച്ചതാണ്. 56.57 ശരാശരിയില്‍ 510 റണ്‍സ് അദ്ദേഹം നേടി. ഇതില്‍ ദക്ഷിണാഫ്രിക്കയില്‍ നേടിയ ഏകദിന സെഞ്ച്വറിയും ഉള്‍പ്പെടും.
എന്നാല്‍ സഞ്ജുവിന് ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം ലഭിക്കുന്നില്ല. ടി20യെക്കാള്‍ സഞ്ജു അവസരം അര്‍ഹിക്കുന്നത് ഏകദിനത്തിലാണ്. എന്നിട്ടും തഴയപ്പെടുന്നു. ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കായിരുന്നു. ഏകദിന പരമ്പരയില്‍ സഞ്ജുവിനെ കളിപ്പിച്ചുമില്ല. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യതയും വളരെ വിരളമാണ്. പുതിയ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ സഞ്ജുവിന്റെ മികവിനെ അംഗീകരിക്കുന്നയാളാണ്.
എന്നിട്ടും ഏകദിനത്തില്‍ സഞ്ജുവിന് അവസരം നിഷേധിച്ചു. ടെസ്റ്റില്‍ സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മോശമല്ലാത്ത കണക്ക് സഞ്ജുവിനുണ്ട്. രഞ്ജി ട്രോഫിയില്‍ കേരളത്തെ നയിച്ചിട്ടുമുണ്ട്. എന്നിട്ടും സഞ്ജുവിന് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് സഞ്ജുവെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications