കളിക്കളത്തിനകത്തും പുറത്തും വളരെയധികം ശാന്തപ്രകൃതമുള്ള താരങ്ങളിലൊരാളായാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗ്രൗണ്ടില്‍ എത്ര വലിയ പിരിമുറുക്കങ്ങളുള്ള സന്ദര്‍ഭങ്ങളുണ്ടായായാലും അദ്ദേഹത്തെ പ്രകോപിതനായി നമുക്കു കാണാന്‍ സാധിക്കില്ല. ഈ കാരണത്താല്‍ തന്നെയാണ് ധോണിയെ ക്യാപ്റ്റന്‍ കൂളെന്നു ലോകം വിശേഷിപ്പിക്കുന്നത്.
പക്ഷെ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ധോണിക്കും നിയന്ത്രണം വിട്ടിട്ടുണ്ട്. അത്തരമൊരു സംഭവത്തിനു ലോകം സാക്ഷിയായത് 2019ലെ ഐപിഎല്ലിനിടെയായിരുന്നു. അന്നു ധോണിയെ വിലക്കണമെന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍.

മല്‍സരം വളരെ ആവേശകരമയ ക്ലൈമാക്‌സിലേക്കു നീങ്ങവെയായിരുന്നു സിഎസ്‌കെയുടെ ബാറ്റിങിനിടെ അംപയറുടെ ഒരു തീരുമാനം ധോണിയെ ചൊടിപ്പിച്ചത്. സിഎസ്‌കെയ്ക്കു അനുകൂലമായി ഒരു നോ ബോള്‍ വിളിക്കാതിരുന്നതായിരുന്നു ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ രോഷത്തിനു കാരണം.
സ്‌ട്രൈക്ക് നേരിട്ട ബാറ്ററുടെ അരക്കെട്ടിന്റെ ഉയരത്തിലായിരുന്നു ബോള്‍ വന്നത്. പക്ഷെ ലെഗ് അംപയര്‍ അതു നോ ബോള്‍ നല്‍കിയില്ല. എന്നാല്‍ ടിവി അംപയര്‍ അതു നോബോള്‍ വിധിക്കുകയും ചെയ്തു. പക്ഷെ ഡഗൗട്ടില്‍ ഇരുന്ന ധോണി പെട്ടെന്നാണ് അവിടെ നിന്നെഴുന്നേറ്റ് ഗ്രൗണ്ടിലേക്കു വന്നത്. തുടര്‍ന്നു ക്രീസിലെത്തിയ അദ്ദേഹം ഫീല്‍ഡ് അംപയര്‍മാരുമായി ബോളിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഇതോട കുറച്ചു സമയത്തേക്കു കളിയും തടസ്സപ്പെടുകയായിരുന്നു. ധോണിയുടെ ഈ പ്രവര്‍ത്തി കാണികളെയും കമന്റേറ്റര്‍മാരെയുമെല്ലാം ഒരുപോലെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. കാരണം മല്‍സരം നടക്കവെ ഒരു ടീമിന്റെ ക്യാപ്റ്റന്‍ ഈ തരത്തില്‍ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി അംപയര്‍മാരുമായി തകര്‍ക്കിച്ചത് ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു.
ഈ പ്രവര്‍ത്തിയുടെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ധോണിക്കു നേരിടേണ്ടി വന്നത്. വിലക്കുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ അദ്ദേഹത്തിനെതിരേ സ്വീകരിക്കണമെന്നു പലരും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്രിക്ക്ബസിന്റെ ഷോയില്‍ വന്നപ്പോഴായിരുന്നു ധോണിയെ കുറച്ചു മല്‍സരങ്ങളില്‍ നിന്നും വിലക്കണമെന്നു സെവാഗ് ആവശ്യപ്പെട്ടത്. പക്ഷെ വലിയ നടപടികളൊന്നും അന്നു ധോണിക്കെതിരേയുണ്ടായില്ല. മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തുക മാത്രമാണ് ഐപിഎല്‍ അച്ചടക്ക സമിതി ചെയ്തത്.
ധോണിയെ വളരെ അനായാസം ഇതില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിച്ചതായിട്ടാണ് എനിക്കു തോന്നുന്നത്. ചുരുങ്ങിയത് രണ്ട്- മൂന്ന് മല്‍സരങ്ങളില്‍ അദ്ദേഹത്തെ വിലക്കേണ്ടതായിരുന്നു. കാരണം ഇന്നു ധോണി ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നാളെ മറ്റൊരു ക്യാപ്റ്റനും ഇതാവര്‍ത്തിക്കും. അങ്ങനെയെങ്കില്‍ എന്താണ് അംപയറുടെ മൂല്യമെന്നും സെവാഗ് ആഞ്ഞടിച്ചിരുന്നു.
എംഎസ് ധോണി ഗ്രൗണ്ടിലേക്കു വരാന്‍ പാടില്ലായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രണ്ടു താങ്ങള്‍ അപ്പോള്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. അവരും നോ ബോളിന്റെ കാര്യത്തില്‍ സംശയമുന്നയിച്ചു നില്‍ക്കവെ ധോണി എന്തിനാണ് അവിടേക്കു വന്നതെന്നും സെവാഗ് ചോദിച്ചിരുന്നു. ഈ മല്‍സരത്തില്‍ റോയല്‍സിനെതിരേ സിഎസ്‌കെ ത്രില്ലിങ് വിജയം സ്വന്തമാക്കിയിരുന്നു.
152 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയെ അവസാന ബോളില്‍ സിക്‌സറടിച്ച് മിച്ചെല്‍ സാന്റ്‌നര്‍ ജയിപ്പിക്കുകയായിരുന്നു. ഈ സീസണില്‍ സിഎസ്‌കെ ഫൈനല്‍ വരെയെത്തുകയും ചെയ്തു. പക്ഷെ കലാശക്കളിയില്‍ അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനോടു പരാജയപ്പെടുകയായിരുന്നു.