ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെടുത്താല്‍ ആരാധകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയെടുത്ത താരങ്ങളുടെ നിരയിലാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. അഗ്രസീവ് ബാറ്റിങിലൂടെ വൈറ്റ് ബോള്‍, റെഡ് ബോള്‍ ഫോര്‍മാറ്റുകളില്‍ ആരാധകരെ ഒരുപോലെ രസിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. മറ്റു ക്രിക്കറ്റര്‍മാരില്‍ നിന്നും വീരുവിനെ സ്‌പെഷ്യലാക്കി മാറ്റിയതും ഇതു തന്നെയായിരുന്നു.
എന്നാല്‍ കരിയറിന്റെ അവസാന കാലത്തു ടീമില്‍ നിന്നും ചില അവഗണനകള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നിരുന്നു. അന്നത്തെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയായിരുന്നു ഇതിന്റെ കാരണക്കാരന്‍. 2011-12ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു വീരുവടക്കം ടീമിലെ ചില സീനിയര്‍ താരങ്ങള്‍ക്കു ധോണിയില്‍ നിന്നും അപമാനം നേരിട്ടത്.

സെവാഗിനെക്കൂടാതെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഓപ്പണര്‍ ഗൗതം ഗംഭീര്‍ എന്നിവരെ മോശം ഫീല്‍ഡര്‍മാരെന്നു ചൂണ്ടിക്കാണിച്ച് ധോണി ടീമില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. അന്നു വീരു കളിക്കളത്തില്‍ ധോണിയുടെ ഈ വിമര്‍ശനത്തിനു ചുട്ട മറുപടി നല്‍കുകയും ചെയ്തു.
ടീം ഇന്ത്യയെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഓസ്‌ട്രേലിയന്‍ പര്യടനങ്ങളിലൊന്നായിരുന്നു ഇത്. ഏകദിനത്തില്‍ ടീമിനു മികച്ചൊരു ഫിനിഷറെയും ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയുടെ പിറവിക്കും സാക്ഷിയായ പര്യടനമായിരുന്നു ഇത്.
കൂടാതെ ബാറ്റിങ് ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചതും ഇതേ പര്യടനത്തിലൂടെ തന്നെയായിരുന്നു. കൂടാതെ മോശം പ്രകടനം തുടര്‍ന്നാലും രോഹിത് ശര്‍മയ്ക്കു തുടര്‍ന്നും ടീമിന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുമെന്നും ഈ പര്യടനത്തലൂടെ വ്യക്തമായി.
വീരേന്ദര്‍ സെവാഗിന്റെ ഡൈവിങ് ക്യാച്ച് കാണാം
പക്ഷെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കെതിരേ 4-0ന്റെ ഏകപക്ഷീയ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് പരമ്പര മാത്രമല്ല ഇവിടെ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലും ഇന്ത്യക്കു തിരിച്ചടികള്‍ നേരിട്ടിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരുള്‍പ്പെട്ട ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു.
ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു തിരിച്ചടികള്‍ നേരിട്ടപ്പോള്‍ ഡ്രസിങ് റൂമിലെ ചില അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തു വരികയും ചെയ്തു. ഫീല്‍ഡിങില്‍ ടീമിനു സംഭവിച്ച തിരിച്ചടികള്‍ക്കു ശേഷം ക്യാപ്റ്റന്‍ ധോണി പരസ്യമായി ചില സീനിയര്‍ താരങ്ങള്‍ക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. മാധ്യമങ്ങളോടു സംസാരിക്കവെ ടീമിലെ സീനിയര്‍ താരങ്ങള്‍ ഫീല്‍ഡിങില്‍ സ്ലോയാണെന്നു ധോണി പരസ്യമായി വിമര്‍ശിച്ചു.

ഈ മൂന്നു പേരെക്കുറിച്ച് (സച്ചിന്‍, സെവാഗ്, ഗംഭീര്‍) മാത്രമല്ല നമ്മള്‍ സംസാരിക്കുന്നത്. ഫീല്‍ഡില്‍ സ്ലോയായ വേറെയും ചില കളിക്കാര്‍ ഞങ്ങളുടെ ടീമിലുണ്ട്. രണ്ടോ, മൂന്നോ മികച്ച ഫീല്‍ഡര്‍മാര്‍ മാത്രമേ ഞങ്ങള്‍ക്കുള്ളൂ. ഈ ഫീല്‍ഡര്‍മാര്‍ വളരെ മോശമാണെന്നു അര്‍ഥമില്ല. പക്ഷെ ഈ അന്തരീക്ഷത്തില്‍, സാഹചര്യങ്ങളില്‍, വലിയ ഔട്ട് ഫീല്‍ഡുകളില്‍ ഇവരെല്ലാം സ്ലോയാണെന്നു കാണാം. അവര്‍ തുറന്നു കാണിക്കപ്പെടുക തന്നെ ചെയ്യുമെന്നും എംഎസ് ധോണി സീനിയര്‍ കളിക്കാരെ വിമര്‍ശിച്ചിരുന്നു.
സീനിയര്‍ കളിക്കാര്‍ക്കെതിരേയുള്ള ധോണിയുടെ ഈ പരസ്യവിമര്‍ശനം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കിടിലനൊരു ഡൈവിങ് ക്യാച്ചെടുത്ത് സെവാഗ് മറുപടി നല്‍കുകയായിരുന്നു. ശ്രീലങ്കയുമായുള്ള മല്‍സരത്തിലായിരുന്നു ഡൈവിങ് ക്യാച്ചിലൂടെ മഹേല ജയവര്‍ധനെയെ വീരു പുറത്താക്കിയത്. ഈ കളിയില്‍ ധോണിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചതും സെവാഗായിരുന്നു.
ഈ മല്‍സരത്തിനു ശേഷമായിരുന്നു താനടക്കമുള്ള ടീമിലെ സീനിയര്‍ ഫീല്‍ഡില്‍ സ്ലോയാണെന്ന ധോണിയുടെ വിമര്‍ശനങ്ങളോടു വീരു പ്രതികരിച്ചത്. നിങ്ങളെന്റെ ഇന്നത്തെ ക്യാച്ച് കണ്ടോയെന്നായിരുന്നു ധോണിയെ പരസ്യമായി കളിയാക്കിക്കൊണ്ടുള്ള വീരുവിന്റെ ചോദ്യം.
പക്ഷെ നിങ്ങള്‍ക്കു ധോണിയോടു ഇതേക്കുറിച്ച് (സ്ലോ ഫീല്‍ഡറെന്ന പരാമര്‍ശം) വീണ്ടും ചോദിക്കേണ്ടി വരും. ഞങ്ങളോടു ധോണി പറഞ്ഞത് യുവതാരങ്ങള്‍ക്കു അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും ഇവിടെ വന്ന് അടുത്ത ലോകകപ്പില്‍ കളിക്കണമെന്നുമായിരുന്നുവെന്നും സെവാഗ് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
2012ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ത്രിരാഷ്ട്ര പരമ്പരയില്‍ റൊട്ടേഷന്‍ പോളിസിയായിരുന്നു ധോണി പരീക്ഷിച്ചത്. ഓരോ മല്‍സരത്തിലും ഒന്നു വീതം സീനിയര്‍ താരങ്ങളെ അദ്ദേഹം റൊട്ടേറ്റ് ചെയ്തു കൊണ്ടിരുന്നു. രോഹിത്തിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. രോഹിത്തിനു വേണ്ടി സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവര്‍ക്കാണ് വഴി മാറിക്കൊടുക്കേണ്ടി വന്നത്. പക്ഷെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ രോഹിത്തിനായതുമില്ല.
ഹൊബാര്‍ഡിലെ ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് മൂന്നു സീനിയേഴ്‌സിനെയും ഇന്ത്യ ഒരുമിച്ച് കളിപ്പിച്ചത്. ഈ മല്‍സരത്തില്‍ 321 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം 36.4 ഓവറില്‍ ഇന്ത്യ ചേസ് ചെയ്തു ജയിക്കുകയും ചെയ്തു. 86 ബോളില്‍ 133 റണ്‍സ് വാരിക്കൂട്ടിയ കോലിയായിരുന്നു ഇന്ത്യയുടെ ഹീറോ.