For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിയെ മനപ്പൂര്‍വ്വം ഒതുക്കി, ചാപ്പല്‍ ചെയ്തത് വിചിത്രമായ കാര്യം! സെവാഗ് വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലൊന്നാണ് സൗരവ് ഗാംഗുലിയും ഗ്രേഗ് ചാപ്പലും തമ്മില്‍ നടന്നത്. ഇന്ത്യയുടെ വീര നായകന്മാരിലൊരാളായ സൗരവ് ഗാംഗുലിയും പരിശീലകനായ ഓസ്‌ട്രേലിയക്കാരന്‍ ചാപ്പലും തമ്മില്‍ നടന്നത് ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ അപൂര്‍വ്വമായ നേര്‍ക്കുനേര്‍ പോരാണ്. 2005ലാണ് ജോണ്‍ റൈറ്റിന് പകരക്കാരനായി ചാപ്പല്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കെത്തിയത്. അത്രയും നാള്‍ ഇന്ത്യ പിന്തുടര്‍ന്ന ശൈലിയെ പൊളിച്ചെഴുതാനാണ് ചാപ്പല്‍ പരിശീലകനായപ്പോള്‍ ശ്രമിച്ചത്.

സീനിയര്‍ താരങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുകയും യുവതാരങ്ങളെവെച്ച് പല പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. ചാപ്പലിന്റെ രീതിയെ ഗാംഗുലി ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇത് ഗാംഗുലിയെ ടീമില്‍ നിന്ന് പുറത്താക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. സിംബാബ് വെ പര്യടനത്തില്‍ ഇന്ത്യയെ നയിച്ച ഗാംഗുലിയെ പെട്ടെന്ന് തന്നെ ടീമിന് പുറത്താക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അന്ന് സച്ചിനും ദ്രാവിഡും സെവാഗുമെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു.

ഒരിക്കല്‍ സെവാഗ് ഗാംഗുലിയും ചാപ്പലും തമ്മിലുണ്ടായ പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് സെവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാപ്പലിന്റെ കീഴില്‍ ഇന്ത്യ കണ്ടത് അതുവരെ കാണാത്ത തരത്തിലുള്ള കാര്യങ്ങളായിരുന്നുവെന്നാണ് സെവാഗ് പറയുന്നത്. 'ചാപ്പല്‍ പരിശീലകനായ ശേഷം ദീര്‍ഘ സമയം നീണ്ടുനില്‍ക്കുന്ന മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു. ഒരുപാട് സമയം മീറ്റിങ്ങിനായി ഞങ്ങള്‍ക്ക് ഇരിക്കേണ്ടി വന്നു.

ദാദക്ക് പകരം പുതിയ നായകനെത്തിയപ്പോഴും ഇതേ രീതി തുടര്‍ന്നു. ഇതില്‍ എല്ലാവര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. സീനിയര്‍ താരങ്ങളോട് പോലും ചാപ്പല്‍ ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു. മര്യാദ ആര്‍ക്കും നല്‍കിയിരുന്നില്ല' സെവാഗ് പറഞ്ഞു. ചാപ്പല്‍ പരിശീലകനായപ്പോള്‍ യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. സീനിയര്‍ താരങ്ങളുടെ അഭിപ്രായങ്ങളൊന്നും ചെവിക്കൊണ്ടില്ല. എംഎസ് ധോണിയെ മൂന്നാം നമ്പറിലേക്കെത്തിച്ചു. ഇര്‍ഫാന്‍ പഠാനെ മൂന്നാം നമ്പറിലും ഓപ്പണിങ്ങിലും പരീക്ഷിച്ചു.

greg chappell

ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിന് ശീലമില്ലാത്ത പരിഷ്‌കാരങ്ങളാണ് ചാപ്പല്‍ നടത്തിയത്. ഇന്ത്യന്‍ ടീമിന്റെ രീതികളുടെ സമ്പൂര്‍ണ്ണ പൊളിച്ചെഴുത്താണ് ചാപ്പല്‍ നടത്തിയത്. ഒരിക്കല്‍ വിവിഎസ് ലക്ഷ്മണ് ടെസ്റ്റില്‍ വിരലിന് പരിക്കേറ്റു. ബാറ്റ് ചെയ്യാന്‍ സാധിക്കാതെ ലക്ഷ്മണ്‍ തിരിച്ച് ഡ്രസിങ് റൂമിലേക്കെത്തിയപ്പോള്‍ ചാപ്പല്‍ ദേഷ്യപ്പെടുകയും മോശമായി സംസാരിക്കുകയും ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കറെ മധ്യനിരയില്‍ ബാറ്റു ചെയ്യാന്‍ ഇറക്കിയതും ചാപ്പലിന്റെ മണ്ടന്‍ തീരുമാനമാണ്.

എന്നാല്‍ ചാപ്പലിന്റെ രീതികള്‍ എംഎസ് ധോണി, ഇര്‍ഫാന്‍ പഠാന്‍, സുരേഷ് റെയ്‌ന തുടങ്ങിയ യുവതാരങ്ങളെല്ലാം പിന്തുണച്ചു. ചാപ്പലിന്റെ പരിഷ്‌കാരങ്ങളെല്ലാം മികച്ചതായിരുന്നുവെന്നും ഇന്ത്യന്‍ ടീമിനെ ആക്രമണോത്സകതയിലേക്ക് മാറ്റിയത് ചാപ്പലാണെന്നും റെയ്‌ന പറഞ്ഞിരുന്നു. എന്നാല്‍ ചാപ്പലിന് കീഴില്‍ ടീമിനുള്ളില്‍ ഒത്തൊരുമയില്ലായിരുന്നു. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും താരങ്ങളില്‍ അതൃപ്തിയുണ്ടാക്കിയതോടെ പ്രകടന നിലവാരം പിന്നോട്ട് പോയി.

ഇതിന്റെ ഫലമാണ് 2007ലെ ഏകദിന ലോകകപ്പില്‍ ചരിത്ര നാണക്കേടിലേക്ക് ഇന്ത്യയെ തള്ളിവിട്ടത്. ഇതോടെ ചാപ്പലിന്റെ കസേരയും തെറിച്ചു. 2006ല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഗാംഗുലിക്ക് സാധിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താനാവാതെ വന്നതോടെ വൈകാതെ പടിയിറങ്ങേണ്ടി വന്നു. ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ലഭിച്ചപോലെ രാജകീയമായ യാത്രയയപ്പ് അര്‍ഹിച്ച താരമാണ് ഗാംഗുലി.

എന്നാല്‍ അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ലെന്നതാണ് വസ്തുത. ചാപ്പലില്ലായിരുന്നുവെങ്കില്‍ ഗാംഗുലിയുടെ കരിയറിന്റെ ക്ലെമാക്‌സ് മറ്റൊരു തരത്തിലാവുമായിരുന്നുവെന്നുറപ്പ്. എന്തായാലും ചാപ്പലിന്റെ തീരുമാനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമായിരുന്നില്ലെന്ന് തന്നെ പറയാം. ഇന്ത്യന്‍ ടീമിനെ തകര്‍ത്തെറിഞ്ഞാണ് ചാപ്പല്‍ പടിയിറങ്ങിയത്. പിന്നീട് എംഎസ് ധോണിക്ക് കീഴില്‍ 2007ലെ ടി20 ലോകകപ്പ് ഇന്ത്യ നേടിയതോടെയാണ് ടീം തിരിച്ചുവന്നത്. പിന്നീട് 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടാനും ഇന്ത്യക്ക് സാധിച്ചു.

Story first published: Sunday, February 18, 2024, 12:43 [IST]
Other articles published on Feb 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+