ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ രണ്ടു നെടുംതൂണുകളെന്നു വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും. ഉജ്ജ്വല ബാറ്റിങ് പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയവരാണ് ഇരുവരും. ദീര്‍ഘകാലം മൂന്നു ഫോര്‍മാറ്റുകളില്‍ ഇന്ത്യയെ നയിച്ച ശേഷമായിരുന്നു 2021ലെ ടി20 ലോകകപ്പിനു പിന്നാലെ കോലി ക്യാപ്റ്റന്‍സി വേണ്ടെന്നു വച്ചത്.
ടി20യിലും ടെസ്റ്റിലും അദ്ദേഹം സ്വയം നായകസ്ഥാനമൊഴിഞ്ഞപ്പോള്‍ ഏകദിനത്തില്‍ പുറത്താക്കപ്പെടുകയായിരുന്നു. ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ നായകനായി രോഹിത് വരികയും ചെയ്തു. ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ നിന്നും രോഹിത് ക്യാപ്റ്റനായിരിക്കെ കോലിയെ പുറത്താക്കുന്നത് ആരാധര്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമോ? പക്ഷെ കോലി അതു ചെയ്തിട്ടുണ്ട്.

നേരത്തേ ടീമിന്റെ ഓള്‍ ഫോര്‍മറ്റ് നായകനായിരിക്കെയായിരുന്നു ഹിറ്റ്മാനെ കോലി ഒരു പരമ്പരയില്‍ നിന്നും തഴഞ്ഞത്. ഇതു അന്നു വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കോലിക്കെതിരേ ഒരുപാട് വിമര്‍ശനങ്ങളുമുയര്‍ന്നു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ റണ്‍വേട്ട നടത്തിയതിനു പിന്നാലെയായിരുന്നു കോലി രോഹിത്തിന്റെ ചീട്ട് കീറിയത്.
ടൂര്‍ണമെന്റില്‍ അഞ്ചു സെഞ്ച്വറികള്‍ വാരിക്കൂട്ടിയ ഹിറ്റ്മാന്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തെ എന്തുകൊണ്ട് കോലി ഒഴിവാക്കിയെന്നതായിരുന്നു ആരാധക രോഷത്തിനു കാരണം.
ലോകകപ്പിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നായിരുന്നു രോഹിത് ഒഴിവാക്കപ്പെട്ടത്. ഈ സമയത്തു അദ്ദേഹം റെഡ് ബോള്‍ ഫോര്‍മാറ്റിലെ സ്ഥിരം ഓപ്പണറായിരുന്നില്ല. മധ്യനിരയിലായിരുന്നു രോഹിത് ബാറ്റ് ചെയ്തിരുന്നത്.
വിന്‍ഡീസ് പര്യടനത്തില്‍ നിന്നും രോഹിത്തിനെ തഴഞ്ഞതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കോലി തന്നെ ഇതിന്റെ കാരണം ഒടുവില്‍ വിശദീകരിക്കുകയും ചെയ്തു. പ്രധാനപ്പെട്ട വലിയ പരമ്പരകള്‍ വരാനിരിക്കുന്നതിനാല്‍ രോഹിത്തിനെ പരിക്കുകളേല്‍ക്കാതെ കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ് വിന്‍ഡീസ് പര്യടനത്തിലേക്കു പരിഗണിക്കാതിരുന്നതെന്നായിരുന്നു കോലിയുടെ വിശദീകരണം.
വര്‍ഷത്തിന്റെ അവസാനത്തോട ഞങ്ങള്‍ക്കു വലിയ പര്യടനങ്ങള്‍ വരാനിരിക്കുകയാണ്. ബാറ്റിങില്‍ രോഹിത്തിന്റെ സംഭാവനകള്‍ ഞങ്ങളെ സംബന്ധിച്ച് വലിയ ഘടകം തന്നെയായിരിക്കും. അതു കണക്കിലെടുത്താണ് അദ്ദേഹത്തിനു ഇപ്പോള്‍ വിശ്രമം നല്‍കിയതെന്നായിരുന്നു കോലി വ്യക്തമാക്കിയത്.
ഒരു ഐപിഎല്‍ സീസണ്‍ മുഴുവന്‍ കളിച്ചതിനു ശേഷമാണ് രോഹിത് ഇന്ത്യന്‍ ടീമിലേക്കു വന്നത്. മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെയെത്തിയതിനാല്‍ അദ്ദേഹത്തിനു അതു തിരക്കേറിയ ഒരു സീസണായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ ടീമില്‍ നിലവിലുള്ളവരേക്കാള്‍ കുറച്ചു വിശ്രമം മാത്രമേ രോഹിത്തിനു ലഭിക്കുകയും ചെയ്തിട്ടുള്ളൂവെന്നും കോലി പറഞ്ഞിരുന്നു.

രോഹിത് അരക്കെട്ടിനു വലിയൊരു ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ശരീരത്തിന്റെ ഈ ഭാഗത്തുള്ള പേശികള്‍ എല്ലായ്‌പ്പോഴും വളരെ ദുര്‍ബലവുമായിരിക്കും. ഇതും കണക്കിലെടുത്താണ് രോഹിത്തിനെ വിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കളിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്കു ഞങ്ങള്‍ എത്തിച്ചേര്‍ന്നത്.
രോഹിത്തിന്റെ കഴിവിനെക്കുറിച്ചും അദ്ദേഹം ടീമിലേക്കു എന്താണ് കൊണ്ടു വരുന്നത് എന്നതിനെക്കുറിച്ചും ഒരു സംശയവുമില്ലെന്നും കോലി വിശദീകരിച്ചിരുന്നു. രോഹിത്ത് വിധേയനായത് വലിയൊരു ശസ്തക്രിയക്കു തന്നെയാണ്. ഇത്തരമൊരു ശസ്ത്രക്രിയ കഴിഞ്ഞാല്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനാണ് ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കിയത്.
കാരണം രോഹിത്തിനെ നിങ്ങള്‍ നിര്‍ബന്ധിച്ച് കളിപ്പിക്കുകയാണെങ്കില്‍ അതു വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ഏഴ്- എട്ടു മാസത്തേക്കു വീണ്ടും പുറത്തിരിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു.