മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഹീറോയാണ് വിരാട് കോലി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണം വിരാട് കോലിക്ക് അര്‍ഹതപ്പെട്ടതാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ് കോലി. മറ്റ് താരങ്ങളില്‍ നിന്ന് കോലിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ആക്രമണോത്സകതയാണ്. കരിയറിന്റെ തുടക്കം മുതല്‍ ഇതേ ആക്രമണോത്സകത കോലി കാട്ടിയിരുന്നു. പലപ്പോഴും കോലിയുടെ ആക്രമണോത്സകത അതിരുവിട്ട് പോയിട്ടുമുണ്ട്.
നായകനായ ശേഷം കോലി കാട്ടിയ ആക്രമണോത്സകതയ്ക്ക് വലിയ പ്രോത്സാഹനവും പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ കോലി തന്റെ ആക്രമണോത്സകതകൊണ്ട് പുലിവാല് പിടിച്ചിട്ടുണ്ട്. വിലക്കിന്റെ വക്കോളമെത്തിയ ശേഷമാണ് കോലി തിരിച്ചുവരവ് നടത്തിയത്. അന്ന് മാച്ച് ഒഫീഷ്യല്‍ കോലിയെ രക്ഷിച്ച സംഭവം അറിയാം. 2011-12ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് സംഭവം.
കോലി കാണികളെ മോശം ആംഗ്യം കാട്ടിയാണ് അധിക്ഷേപിച്ചത്. നടുവിരല്‍ ഉയര്‍ത്തികാട്ടിയ കോലിയുടെ പ്രവര്‍ത്തി അന്ന് വലിയ വിവാദമായിരുന്നു. മാച്ച് റഫറി രഞ്ജന്‍ മധുഗല്ലി കോലിയെ അന്ന് തന്നെ താക്കീത് നല്‍കിയിരുന്നു. തന്റെ പ്രവര്‍ത്തി കൈവിട്ട് പോയെന്ന് അന്ന് തന്നെ കോലിക്ക് മനസിലായി. കോലിക്കെതിരേ പരാതിയും ഉയര്‍ന്നതോടെ താരത്തിന് വിലക്ക് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ കോലി നടത്തിയ ക്ഷമാപണത്തില്‍ മാച്ച് റഫറിക്ക് കനിവ് തോന്നിയതാണ് കോലിയെ രക്ഷപെടുത്തിയത്.
'സിഡ്‌നിയിലെ ഓസ്‌ട്രേലിയന്‍ ആരാധകരുടെ പ്രകോപനം തുടര്‍ന്നപ്പോഴാണ് ഞാന്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയത്. ഞാന്‍ വളരെ ശാന്തനായിരുന്നു. അന്നത്തെ മാച്ച് റഫറിയായിരുന്ന രഞ്ചന്‍ സാര്‍ പിറ്റേന്ന് എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്നതായിരുന്നു അപ്പോഴത്തെ മനോഭാവം. എന്താണ് ഇന്നലെ ബൗണ്ടറി ലൈനില്‍ സംഭവിച്ചതെന്നാണ് രഞ്ചന്‍ സാര്‍ ചോദിച്ചത്. ഞാന്‍ ഒന്നുമില്ലെന്നും പ്രകോപനത്തിന് മറുപടി നല്‍കിയതാണെന്നും ഞാന്‍ പറഞ്ഞു.

അപ്പോള്‍ എന്റെ മുന്നിലേക്ക് അദ്ദേഹം ഒരു പത്രം എറിഞ്ഞുതന്നു. അതില്‍ ഞാന്‍ നടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന വലിയ ചിത്രമാണ് കണ്ടത്. അപ്പോഴാണ് സംഭവത്തിന്റെ ഗൗരവം എനിക്ക് മനസിലായത്. ക്ഷമിക്കണമെന്നും എന്നെ വിലക്കരുതെന്ന് ഞാന്‍ അദ്ദേഹത്തോട് താഴ്ന്ന് പറഞ്ഞു. എന്റെ സാഹചര്യം അദ്ദേഹത്തിന് മനസിലായി. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. യുവതാരമായതിനാല്‍ സംഭവിച്ച പിഴവാണിതെന്ന് അദ്ദേഹം തിരിച്ചറിയുകയും എന്നെ വിലക്ക് നല്‍കാതെ രക്ഷിക്കുകയുമായിരുന്നു'- കോലി പറഞ്ഞു.
അന്നത്തെ സംഭവത്തിന്റെ പേരില്‍ കോലിയെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിച്ചിരുന്നെങ്കിലും എംഎസ് ധോണി കോലിയെ പിന്തുണച്ച് പ്ലേയിങ് 11ല്‍ നിലനിര്‍ത്തി. 44, 75 റണ്‍സുകള്‍ നേടി കോലി പെര്‍ത്തില്‍ തിളങ്ങി. ഓസ്‌ട്രേലിയ ഇന്നിങ്‌സ് ജയം നേടിയെങ്കിലും കോലി തിളങ്ങി. നാലാം ടെസ്റ്റില്‍ 213 പന്തില്‍ 116 റണ്‍സോടെ കോലി കൈയടി നേടി. പിന്നീട് ഓസ്‌ട്രേലിയയില്‍ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്താന്‍ കോലിക്കായിട്ടുണ്ട്.
നായകനായ ശേഷം കോലിയുടെ ആക്രമണോത്സകത വീണ്ടും ഉയര്‍ന്നു. വിദേശ പര്യടനങ്ങളിലെല്ലാം കോലിയെ സ്ലെഡ്ജ് ചെയ്യാന്‍ ആരും ധൈര്യപ്പെടാറില്ല. അടിക്ക് തിരിച്ചടിയെന്ന രീതിയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മാറ്റിയത് കോലിയാണ്. ഇപ്പോഴും കോലിയോട് ഉടക്കാന്‍ ആരും ധൈര്യം കാട്ടാറില്ലെന്നതാണ് വസ്തുത. എന്നാല്‍ കോലിയുടെ ആക്രമണോത്സകത കാരണം സഹതാരങ്ങളുമായിപ്പോലും ഉടക്കേണ്ടി വന്നിട്ടുണ്ട്. വിരാട് കോലി ഐപിഎല്ലില്‍ ഗൗതം ഗംഭീറുമായി ഉടക്കിയത് ഇതിന് ഉദാഹരണമാണ്.
എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിമാനമാണ് കോലി. ആക്രമണോത്സകതകൊണ്ടും ബാറ്റിങ് മികവുകൊണ്ടും ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. അവസാന ഏകദിന ലോകകപ്പിലടക്കം റെക്കോഡ് പ്രകടനം കാഴ്ചവെക്കാന്‍ കോലിക്കായിരുന്നു.