ഇന്ത്യന്‍ ക്രിക്കറ്റിലെ കേരളത്തിന്റെ അഭിമാന മുഖമായിരുന്നു എസ് ശ്രീശാന്ത്. തീപാറും ബൗണ്‍സുകൊണ്ടും ഔട്ട് സ്വിങ്ങറും ഇന്‍സ്വിങ്ങറും ഒരുപോലെ എറിയാനുള്ള മികവുകൊണ്ടും ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്നു. ഇന്ത്യക്കൊപ്പം ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടാന്‍ ശ്രീശാന്തിന് സാധിച്ചിരുന്നു. എംഎസ് ധോണി നായകനായിരിക്കെ പേസ് നിരയിലെ വിശ്വസ്തനായ മുഖമായിരുന്നു ശ്രീശാന്ത്. എന്നാല്‍ ഐപിഎല്ലിലെ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടതോടെ അജീവനാന്ത വിലക്ക് താരത്തിന് നേരിടേണ്ടി വന്നു.
പ്രതിഭാശാലിയായിട്ടും ശ്രീശാന്തിന് അധികം ആരാധകരെ സൃഷ്ടിക്കാനായില്ല. അഹങ്കാരിയെന്ന വിശേഷണമാണ് ശ്രീക്ക് ലഭിച്ചത്. അതിന്റെ കാരണം ശ്രീശാന്ത് കളത്തില്‍ കാട്ടിയിരുന്ന അമിത ആക്രമണോത്സകതയാണ്. ബാറ്റ്‌സ്മാനെ പ്രകോപിപ്പിച്ച് വിക്കറ്റ് നേടാന്‍ പല തവണ ശ്രീശാന്ത് അതിരുവിട്ട് പെരുമാറിയിട്ടുണ്ട്. ടി20 ലോകകപ്പില്‍ മാത്യു ഹെയ്ഡനെ പുറത്താക്കിയപ്പോള്‍ നടത്തിയ ആഹ്ലാദ പ്രകടനവും ആന്‍ഡ്രൂ സൈമണ്‍സിനെ അധിക്ഷേപിച്ചതുമെല്ലാം ശ്രീശാന്തിന്റെ കരിയറിലെ ചുവപ്പുമഷികൊണ്ട് അടയാളപ്പെടുത്തിയ സംഭവങ്ങളായി.
എന്നാല്‍ സത്യത്തില്‍ താന്‍ ദേഷ്യക്കാരനായ താരമല്ലെന്നും തന്റെ ആക്രമണോത്സകതയ്ക്ക് കാരണം എംഎസ് ധോണിയാണെന്നും ശ്രീശാന്ത് തുറന്ന് പറഞ്ഞിരുന്നു. ഇതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 2007ലെ ടി20 ലോകകപ്പിനിടെയാണ് ശ്രീശാന്ത് വളരെ ആക്രമണോത്സകതയോടെ കാണപ്പെട്ടത്. ബാറ്റ്‌സ്മാനെ മോശം ആംഗ്യങ്ങളിലൂടെ പ്രകോപിപ്പിച്ചും മോശം ഭാഷ ഉപയോഗിച്ചുമെല്ലാം ശ്രീശാന്ത് എതിര്‍ ബാറ്റ്‌സ്മാന്‍മാരുടെ കണ്ണിലെ കരടായി മാറി.
എന്നാല്‍ ഇത്തരത്തില്‍ പെരുമാറിയതെല്ലാം ധോണിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്. 'ബാറ്റ്‌സ്മാനെ പ്രകോപിക്കാനും ആക്രമണോത്സകത നിലനിര്‍ത്താനും ധോണിയാണ് നിര്‍ദേശിച്ചത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് എനിക്ക് ആത്മവിശ്വാസം തന്ന് ആക്രമണോത്സകത കാട്ടാന്‍ ധോണി പറഞ്ഞു. ഇതാണ് ഞാന്‍ പിന്നീടുള്ള മത്സരങ്ങളിലെല്ലാം കാട്ടിയത്. ധോണിയുടെ വാക്കുകളായിരുന്നു ഇതിന് കരുത്തായത്' എന്നാണ് ശ്രീ ഒരിക്കല്‍ തുറന്ന് പറഞ്ഞത്.

ആക്രമണോത്സകത കാട്ടിയ ശ്രീശാന്ത് ഇതേ തന്ത്രത്തിലൂടെ പല മത്സരങ്ങളിലും ഇന്ത്യക്ക് ജയമൊരുക്കി. എടുത്തു പറയേണ്ടത് 2007ലെ ടി20 ലോകകപ്പ് സെമിയാണ്. ഓസ്‌ട്രേലിയക്കെതിരേ മത്സരത്തിന്റെ ഗതി മാറ്റിയത് ശ്രീശാന്താണ്. ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ്റിനെ പുറത്താക്കിയ ശ്രീശാന്ത് നിര്‍ണ്ണായക സമയത്ത് മാത്യു ഹെയ്ഡന്റെ വിക്കറ്റും നേടി ഇന്ത്യക്ക് ജയമൊരുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ജാക്‌സ് കാലിസിനെതിരേ ശ്രീശാന്ത് എറിഞ്ഞ ബൗണ്‍സര്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്നതാണ്.
നല്ല വേഗവും മികച്ച ലൈനും ലെങ്തുമുള്ള ബൗളറായിരുന്നു ശ്രീശാന്ത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലടക്കം കളിക്കാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരിക്കെ ഒത്തുകളി വിവാദത്തില്‍ പെട്ടതോടെ കരിയറിന് പൂട്ടിടേണ്ടി വന്നു. ഏറെ നാള്‍ നിയമപോരാട്ടം നടത്തിയതിനൊടുവില്‍ സഞ്ജുവിന്റെ ആജീവനാന്ത വിലക്ക് ബിസിസി ഐ നീക്കി. അപ്പോഴേക്കും താരത്തിന്റെ പ്രായം തിരിച്ചുവരവിന് തടസമായിക്കഴിഞ്ഞിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനും മത്സരം കളിക്കാനും സഞ്ജുവിന് സാധിച്ചു. അതേ സമയം ഐപിഎല്ലിലേക്ക് മടങ്ങിയെത്തണമെന്ന സഞ്ജുവിന്റെ ആഗ്രഹം നടക്കാതെ പോയി. അന്ന് വിവാദത്തില്‍ പെട്ട് വിലക്ക് നേരിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസര്‍മാരുടെ പട്ടികയില്‍ ശ്രീശാന്ത് എന്ന പേരും ഉള്‍പ്പെടുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ശ്രീശാന്തിനത് സാധിക്കാതെ പോയി. ഇപ്പോള്‍ അവതാരകനായും കമന്റേറ്ററായുമെല്ലാം ശ്രീശാന്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
വിരമിച്ചവരുടെ ലീഗ് ക്രിക്കറ്റിലും ശ്രീശാന്ത് കളിച്ചിരുന്നു. കേരള ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയിലേക്ക് വളര്‍ന്ന ശ്രീക്ക് പക്ഷെ മോശം സ്വഭാവം വിനയായി. പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ പിന്തുണക്കാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ടായി. വലിയ തിരിച്ചടിയാണ് അന്ന് ശ്രീശാന്ത് നേരിട്ടത്. അന്ന് ശ്രീശാന്തിന്റെ വീഴ്ചയില്‍ സന്തോഷിച്ചവരാണ് കൂടുതലെന്ന് പറയാം. ഇതിന് കാരണം അദ്ദേഹത്തിന്റെ മോശം പെരുമാറ്റവും കളത്തിലെ അമിത ആക്രമണോത്സകതയുമായിരുന്നുവെന്ന് നിസംശയം പറയാം.