IND vs AUS: സുന്ദറിന്റെ ബാറ്റിങില്‍ ഹാപ്പിയല്ലെന്ന് അച്ഛന്‍! അവന്‍ വാക്ക് പാലിച്ചില്ല
ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ ഉജ്ജ്വല ഫിഫ്റ്റിയുമായി അരങ്ങേറ്റക്കാരനായ വാഷിങ്ടണ്‍ സുന്ദര്‍ മിന്നിയിരുന്നു. ടീം തകര്‍ച്ച നേരിടവെയാണ് 62 റണ്‍സുമായി സുന്ദര്‍ ടീമിനെ ഓസീസുമായുള്ള അകലം കുറയ്ക്കാന്‍ സഹായിച്ചത്. ക്രിക്കറ്റ് പ്രേമികളും മുന്‍ താരങ്ങളുമെല്ലാം സുന്ദറിന്റെ ബാറ്റിങ് പ്രകടനത്തെ വാനോളം പുകഴ്ത്തുമ്പോഴും താരത്തിന്റെ അച്ഛന്‍ പൂര്‍ണ സംതൃപ്തനല്ല.
വലിയ സ്‌കോര്‍ നേടാന്‍ സുന്ദറിനു സാധിക്കുമായിരുന്നുവെന്നും അവന് അതിനു സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും അച്ഛന്‍ എം സുന്ദര്‍ പ്രതികരിച്ചു. ആദ്യ ഇന്നിങ്‌സില്‍ ബൗളിങിലും സുന്ദര്‍ ഇന്ത്യക്കു വേണ്ടി മിന്നിയിരുന്നു.

അവന്‍ ഉറപ്പ് നല്‍കിയിരുന്നു
ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ വലിയ സ്‌കോര്‍ നേടണമെന്ന് അവനോടു ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. തീര്‍ച്ചയായും അതിനാവുമെന്നായിരുന്നു മകന്‍ വാക്ക് നല്‍കിയതെന്നും എം സുന്ദര്‍ പറഞ്ഞു.
അവന് സെഞ്ച്വറി തികയ്ക്കാന്‍ സാധിക്കാതിരുന്നതില്‍ ഞാന്‍ നിരാശനാണ്. മുഹമ്മദ് സിറാജ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ ശേഷം സുന്ദറിന് ബൗണ്ടറികളും സിക്‌സറുകളും നേടാന്‍ ശ്രമിക്കാമായിരുന്നു. അതിനുള്ള ശേഷിയും അവനുണ്ടായിരുന്നു. സിക്‌സറുകള്‍ അവന്‍ നേടണമായിരുന്നു. പുള്‍ ഷോട്ടുകളും വലിയ ഷോട്ടുകളും കളിക്കാനും സുന്ദര്‍ ശ്രമിക്കണമായിരുന്നു. ലീഡ് കുറയ്ക്കുന്നതിനായി ഓസീസ് സ്‌കോറിന് പരമാവധി അടുത്ത് ഇന്ത്യയെ എത്തിക്കുന്നതിനെക്കറിച്ചാണ് അവന്‍ ചിന്തിച്ചിട്ടുണ്ടാവുകയെന്നും എം സുന്ദര്‍ വിശദമാക്കി.

ഓപ്പണിങ് ബാറ്റ്‌സ്മാന്‍
അവന്‍ സ്വാഭാവിക ഓപ്പണിങ് ബാറ്റ്‌സ്മാനാണ്. ന്യൂബോളിനെതിരേ ഒരുപാട് റണ്‍സും നേടിയിട്ടുണ്ട്. ചെന്നൈ ലീഗിലെ ഒന്നാം ഡിവിഷനില്‍ സെഞ്ച്വറിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായിരുന്നു അവന്‍. 14ാം വയസ്സിലായിരുന്നു ഓപ്പണറയി ഇറങ്ങി അവന്‍ സെഞ്ച്വറിയടിച്ചതെന്നും എം സുന്ദര്‍ പറയുന്നു.
നേരത്തേ ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന സുന്ദറിന് തീര്‍ത്തും അപ്രതീക്ഷിതമായാണ് ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ് പിന്‍മാറേണ്ടി വന്നതോടെ പകരം സുന്ദറിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. ജഡേജയുടെ അഭാവം നികത്തുന്ന പ്രകടനം താരം പുറത്തെടുക്കുകയും ചെയ്തു.

സുന്ദര്‍- താക്കൂര്‍ കൂട്ടുകെട്ട്
ഗാബ ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ വന്‍ ലീഡുമായി ഓസ്‌ട്രേിയ പിടിമുറുക്കവെയായിരുന്നു സുന്ദര്‍- ശര്‍ദ്ദുല്‍ താക്കൂര്‍ ജോടി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. 369 റണ്‍സെന്ന ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിലേക്കു ബാറ്റ് വീശിയ ഇന്ത്യ ആറിന് 186 റണ്‍സെന്ന നിലയില്‍ പതറവെയാണ് സുന്ദറിനു കൂട്ടായി കരിയറിലെ രണ്ടാം ടെസ്റ്റ് കളിച്ച താക്കൂര്‍ ക്രീസിലെത്തിയത്.
123 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോസായി മാറി. 67 റണ്‍സെടുത്ത താക്കൂര്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായപ്പോള്‍ സുന്ദര്‍ 62 റണ്‍സും സംഭാവന ചെയ്തു. ഇരുവരുടെയും പ്രകടനമാണ് ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വെറും 33 റണ്‍സാക്കി കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications