Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ക്യാപ്റ്റന്‍സിയോ കീപ്പിങ്ങോ അല്ല, ഞെട്ടിച്ചത് മറ്റൊന്ന്! സഞ്ജു പറയുന്നു

ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ലോക ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കാന്‍ ധോണിക്കായി. അദ്ദേഹത്തിന്റെ പല റെക്കോഡും അത്ര പെട്ടെന്നൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്തതാണ്. അതുകൊണ്ടുതന്നെ ധോണി നിരവധി യുവതാരങ്ങള്‍ക്ക് പ്രചോദനവുമാണ്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍മാരെല്ലാം ധോണിയുടെ ശൈലിയെ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ്.

എന്നാല്‍ അടുത്ത ധോണിയാവുകയെന്നത് അത്ര പെട്ടെന്നൊന്നും ആര്‍ക്കും സാധിക്കാത്ത കാര്യമാണ്. ഇന്ത്യന്‍ ടീമിലെ കേരള സാന്നിധ്യമായ സഞ്ജു സാംസണും ധോണിയുടെ കടുത്ത ആരാധകനാണ്. ധോണിയുടെ ശൈലിയും കീപ്പിങ് തന്ത്രങ്ങളും ക്യാപ്റ്റന്‍സിയുമെല്ലാം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് സഞ്ജു തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ധോണിയുടെ മികവില്‍ നിന്ന് തന്നെ കൂടുതല്‍ സ്വാധീനിച്ചത് വിക്കറ്റ് കീപ്പിങ്ങോ ക്യാപ്റ്റന്‍സിയോ അല്ലെന്നാണ് സഞ്ജു പറയുന്നത്.

sanjusamson

അത് ധോണിയുടെ ശാന്ത സ്വഭാവവും സമ്മര്‍ദ്ദ സാഹചര്യങ്ങളിലെ പ്രകടനവുമാണെന്നാണ് സഞ്ജു പറയുന്നത്. 'ധോണിയുടെ എല്ലാ കാര്യങ്ങളും താരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതും മാതൃകയാക്കാവുന്നതുമാണ്. എന്നാല്‍ ഞാന്‍ ധോണിയില്‍ നിന്ന് ഏറ്റവും പ്രചോദനം ഉള്‍ക്കൊണ്ടത് ശാന്തതയും സമ്മര്‍ദ്ദ ഘട്ടത്തിലെ പ്രകടനവുമാണ്' എന്നാണ് സഞ്ജു ഒരിക്കല്‍ വെളിപ്പെടുത്തിയത്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ മികവ് കാട്ടുകയെന്നതാണ് പ്രധാന പ്രശ്‌നം.

ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും സമ്മര്‍ദ്ദ സാഹചര്യത്തില്‍ പതറിപ്പോകുന്നതാണ് കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ ഉള്‍പ്പെടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കസറാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. നായകനായിരിക്കുമ്പോള്‍ സ്വാഭാവികമായ സമ്മര്‍ദ്ദമുണ്ടാവും. ഈ സാഹചര്യത്തിലും ടീമിനെ ഒറ്റക്ക് മുന്നില്‍ നിന്ന് നയിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. പല താരങ്ങള്‍ക്കും സാധിക്കാത്ത കാര്യമാണത്. അതുകൊണ്ടുതന്നെ സഞ്ജുവിനും ധോണിയുടെ ഈ മികവാണ് കൂടുതല്‍ പ്രചോദനം നല്‍കിയത്.

ടീം വലിയ പ്രതിസന്ധി മുന്നില്‍ക്കാണുമ്പോഴും ശാന്തതയോടെ ഒരുവശത്ത് നിന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാനും ടീമിനെ വിജയത്തിലേക്കെത്തിക്കാനും ധോണിക്ക് സാധിച്ചിട്ടുണ്ട്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ ധോണിയെടുക്കുന്ന പല അപ്രതീക്ഷിത തീരുമാനങ്ങളും ടീമിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്. ഇതൊന്നും മറ്റാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്തതാണ്. സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്.

പലപ്പോഴും സഞ്ജു എടുക്കുന്ന തീരുമാനങ്ങള്‍ വലിയ വിമര്‍ശനത്തിനും കാരണമാകാറുണ്ട്. നായകനെന്ന നിലയിലും ധോണിയെ സഞ്ജുവിന് മാതൃകയാക്കാവുന്നതാണ്. ധോണിയും ആദം ഗില്‍ക്രിസ്റ്റുമാണ് വിക്കറ്റ് കീപ്പര്‍മാരുടെ റോളില്‍ വലിയ വ്യത്യാസം കൊണ്ടുവന്നതെന്നും സഞ്ജു തുറന്ന് പറഞ്ഞിരുന്നു. ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരെ പരിഗണിച്ചിരുന്നത് വിക്കറ്റിന് പിന്നിലെ മികവ് വിലയിരുത്തി മാത്രമായിരുന്നു. ഇവരുടെ ബാറ്റിങ്ങിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.

എന്നാല്‍ ആദം ഗില്‍ക്രിസ്റ്റും എംഎസ് ധോണിയുമാണ് വിക്കറ്റ് കീപ്പര്‍മാരുടെ ബാറ്റിങ് നിലവാരം മെച്ചപ്പെടുത്തിയത്. ഇപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരെ ടീമിലേക്ക് പരിഗണിക്കുന്നത് അവരുടെ കീപ്പിങ് മികവ് മാത്രം വിലയിരുത്തിയില്ല. ബാറ്റ്‌സ്മാനെന്ന നിലയിലെ പ്രകടനംകൂടി വിലയിരുത്തിയാണ്. ഇതിന് കാരണമായത് ഗില്‍ക്രിസ്റ്റും ധോണിയുമാണെന്ന് തന്നെ പറയാം. വിക്കറ്റ് കീപ്പര്‍ നായകനാവുന്നത് ട്രന്റാക്കി മാറ്റിയതും ധോണിയാണെന്ന് പറയാം.

വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റനായി കൂടുതല്‍ ശ്രദ്ധ നേടിയെടുത്തത് ധോണിയാണ്. ഇതിന് ശേഷമാണ് പല ടീമുകളും വിക്കറ്റ് കീപ്പറെ നായകനാക്കിയത്. വിക്കറ്റ് കീപ്പര്‍ക്ക് ബാറ്റ്‌സ്മാന്റെ ശ്രദ്ധ തിരിക്കാനും ബൗളര്‍ക്ക് ബാറ്റ്‌സ്മാനെ കബളിപ്പിച്ച് നിര്‍ദേശം നല്‍കാനുമെല്ലാം സാധിക്കും. ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ ധോണിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ധോണിയുടെ കടുത്ത ആരാധകനായ സഞ്ജുവിന് ദേശീയ ടീമില്‍ ധോണിയുടെ പകരക്കാരനായി സീറ്റുറപ്പിക്കാനായിട്ടില്ല.

സ്ഥിരത പ്രശ്‌നമുള്ള താരമാണ് സഞ്ജു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇടക്കിടെ താരത്തിന് അവസരം ലഭിക്കുന്നുമുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവുണ്ടാകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സാധ്യത വളരെ വിരളമാണെന്നതാണ് വസ്തുത.

Story first published: Monday, February 12, 2024, 13:29 [IST]
Other articles published on Feb 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+