ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരെയെടുത്താല്‍ അക്കൂട്ടത്തില്‍ ഏറ്റവും അനായാസമായി സിക്‌സറുകള്‍ പറത്താന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. അദ്ദേഹം വളരെ കൂളായി ബോളിനെ നിലം തൊടീക്കാതെ ഗ്രൗണ്ടിനു പുറത്തേക്കു പായിക്കുമ്പോള്‍ ഇത്ര എളുപ്പമാണോ സിക്‌സറടിക്കുകയെന്നു ആരും സംശയിച്ചു പോവും. മറ്റു പല ബാറ്റര്‍മാരെയും പോലെ സ്പിന്നര്‍മാര്‍ക്കെതിരേ സിക്‌സറടിക്കാന്‍ സഞ്ജുവിനു ക്രീസിനു പുറത്തേക്കിറങ്ങേണ്ട കാര്യമില്ല. നിന്ന ഇടത്തു നിന്നു തന്നെ അദ്ദേഹത്തിനു അതു സാധിക്കാറുണ്ട്.
ഭൂരിഭാഗം ബാറ്റര്‍മാരും സിക്‌സറിനായി വളരെയധികം പ്രയത്‌നവും റിസ്‌കുമെടുക്കുമ്പോള്‍ സഞ്ജു എങ്ങനെയാണ് ഇത്ര ലാഘവത്തോടെ സിക്‌സറുകള്‍ വാരിക്കൂട്ടുന്നത്? ഈ കഴിവിനു പിന്നിലെ രഹസ്യത്തെക്കുറിച്ച അദ്ദേഹം തന്നെ ഒരിക്കല്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇതു എന്താണെന്നു നമുക്കു പരിശോധിക്കാം.

സിക്‌സര്‍ കഴിവിനു പിന്നില്‍?
ഇത്ര കൂളായി സിക്‌സറുകള്‍ പായിക്കാനുള്ള ശേഷി തനിക്കു ജന്‍മനാ തന്നെ ലഭിച്ചതാണെന്നും ജീനുകളില്‍ തന്നെ അതുണ്ടെന്നുമായിരുന്നു സഞ്ജു സാംസണ്‍ ഒരിക്കല്‍ വെളിപ്പെടുത്തിയത്. ഈ കഴിവ് എന്റെ ജീനുകളില്‍ തന്നെയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ അച്ഛന്‍ വളരെ ശക്തനായ വ്യക്തിയാണ്. എനിക്കും അദ്ദേഹത്തിന്റെ ഇതേ കരുത്ത് തന്നെയാണ് ലഭിച്ചിരിക്കുന്നത്.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്റെ ഗെയിമെന്നത് കരുത്തിനെ ആശ്രയിച്ചിട്ടുള്ളതാണെന്നു നന്നായി അറിയാം. ഞാന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് മസിലുകള്‍ വര്‍ധിപ്പിക്കാനും ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുമാണ്. അതിനു ഇപ്പോള്‍ ഫലം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു സഞ്ജു വെളിപ്പെടുത്തിയത്.
സഞ്ജുവിന്റെ സിക്‌സര്‍ റെക്കോര്‍ഡ്
അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം സഞ്ജുവിന്റെ സിക്‌സര്‍ റെക്കോര്‍ഡ് മികച്ചതാണെന്നു കണക്കുകള്‍ പറയുന്നു. ഒരു മോശം ബോള്‍ ലഭിച്ചാല്‍ അതിനെ എങ്ങനെ സിക്‌സറിലേക്കു നയിക്കാമെന്നു അദ്ദേഹത്തിനു നന്നായി അറിയുകയും ചെയ്യാം. ഫോറുകളേക്കാള്‍ സിക്‌സറുകള്‍ അടിക്കുന്നതിലാണ് മലയാളി താരത്തിനു പ്രിയം.
ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദിനത്തിലും ടി20യിലുമായി ഇതിനകം 41 സിക്‌സറുകളാണ് സഞ്ജുവിന്റെ സമ്പാദ്യം. ഏകദിനത്തില്‍ 16 മസരങ്ങളിലായി 14 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 22 സിക്‌സറുളും താരം സ്‌കോര്‍ ചെയ്തു. ടി20യിലാവട്ടെ 26 ഇന്നിങ്‌സുകളില്‍ നിന്നും 19 സിക്‌സറുകളും സഞ്ജു നേടിയിട്ടുണ്ട്.

ഐപിഎല്ലിലെ പ്രകടനമെടുത്താല്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകള്‍ക്കായി 200ന് മുകളില്‍ സിക്‌സറുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സഞ്ജു ഇതിനകം 167 മല്‍സരങ്ങളിലായി 163 ഇന്നിങ്‌സുകളിലാണ് ബാറ്റ് വീശിയത്. ഇവയില്‍ നിന്നും 206 സിക്‌സറുകളും നേടിയിട്ടുണ്ട്.
അവസാന മല്‍സരം ശ്രീലങ്കയില്‍
കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്ജുവിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ലങ്കയുമായുള്ള ടി20 പരമ്പരയിലെ അവസാന രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ രണ്ടിലും സഞ്ജു നിരാശപ്പെടുത്തുകയായിരുന്നു. ഡെക്കായാണ് അദ്ദേഹം രണ്ടിലും ക്രീസ് വിട്ടത്.
അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സഞ്ജു. പക്ഷെ ടൂര്‍ണമെന്റിനുള്ള നാലു ടീമുകളെ അടുത്തിടെ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. അടുത്ത മാസം തന്നെ നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിലും സഞ്ജു കളിക്കുന്നില്ല. ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.