ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളികളുടെ അഭിമാനമാണ് സഞ്ജു സാംസണ്‍. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന സഞ്ജു വിക്കറ്റ് കീപ്പറെന്ന നിലയിലും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവനാണ്. ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമെന്ന് പറയാനാവില്ലെങ്കിലും നിരവധി ആരാധകരുള്ള താരമായി ഇതിനോടകം വളരാന്‍ സഞ്ജുവിനായി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ എംഎസ് ധോണിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് സഞ്ജു.
സമയം ലഭിക്കുമ്പോഴെല്ലാം ധോണിയോട് സംസാരിക്കാന്‍ സഞ്ജു സമയം കണ്ടെത്താറുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനായി ധോണി ഇപ്പോഴും തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ ഐപില്ലിനിടെ ധോണിയോട് സഞ്ജു ലഭിക്കുന്ന സമയങ്ങളിലെല്ലാം ധോണിയോട് ഉപദേശം തേടാറുണ്ട്. ധോണിക്ക് കീഴില്‍ താന്‍ സ്വപ്‌നം കണ്ട കാര്യം സംഭവിച്ചതിനെക്കുറിച്ച് സഞ്ജു വെളിപ്പെടുത്തിയിരുന്നു. അത് എന്താണെന്ന് ഓര്‍മയുണ്ടോ?. അറിയാം.
'ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ധോണി ഭായിയുമായി ഞാന്‍ ആദ്യമായി ഡ്രസിങ് റൂം പങ്കിടുന്നത്. മഹിഭായിക്ക് കീഴില്‍ കളിക്കുകയെന്നത് വലിയ സ്വപ്‌നമായിരുന്നു. ആദ്യമായി ധോണിക്ക് കീഴില്‍ കളിച്ചപ്പോള്‍ ഞാന്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. അപ്പോള്‍ ധോണി ഭായി പറഞ്ഞു സഞ്ജു തേര്‍ഡ് മാനിലേക്ക് നില്‍ക്കൂ. ഇത് എന്നെ സംബന്ധിച്ച് സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. ധോണി ഭായിയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷം തോന്നി' സഞ്ജു പറഞ്ഞു.
അന്ന് ധോണിക്ക് കീഴില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്ന സഞ്ജു ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെപ്പോലൊരു വമ്പന്‍ ടീമിന്റെ നായകനാണ്. സിഎസ്‌കെയെപ്പോലും തോല്‍പ്പിക്കുന്ന നായകമികവിലേക്ക് ഇന്ന് സഞ്ജു വളര്‍ന്നു. ഇപ്പോള്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സഞ്ജു പരിഗണിക്കപ്പെടുന്ന താരമാണ്. ഏകദിനത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിച്ചേക്കും. എന്നാല്‍ ടി20യില്‍ സഞ്ജുവിന് കൂടുതല്‍ പരിഗണന ലഭിക്കാന്‍ സാധ്യതയില്ല.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു സാംസണെ ഇന്ത്യ പരിഗണിച്ചേക്കില്ല. ഇന്ത്യക്കൊപ്പം ടി20 മത്സരങ്ങളില്‍ സഞ്ജുവിന് മികവ് കാട്ടാനായിട്ടില്ല. എന്നാല്‍ ഏകദിനത്തില്‍ സഞ്ജു കസറുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലടക്കം സെഞ്ച്വറി പ്രകടനം നടത്തി കൈയടി നേടാന്‍ സഞ്ജുവിനായി. വരുന്ന സീസണിലും രാജസ്ഥാന്റെ നായകസ്ഥാനത്ത് സഞ്ജുവുണ്ടാകും. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ ധോണിക്കെതിരേ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ എങ്ങനെ ക്ലിക്കാവുമെന്നതാണ് കണ്ടറിയേണ്ടത്.
വിക്കറ്റ് കീപ്പര്‍മാരുടെ ശൈലി മാറ്റിയ താരമാണ് ധോണിയെന്നാണ് സഞ്ജു പറയുന്നത്. പണ്ട് വിക്കറ്റിന് പിന്നിലെ മികവ് മാത്രം പരിഗണിച്ചായിരുന്നു വിക്കറ്റ് കീപ്പറെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാറ്റ്‌സ്മാനെന്ന നിലയിലും തിളങ്ങേണ്ടതായുണ്ട്. ഇതിന് കാരണം ധോണിയാണെന്നാണ് സഞ്ജു പറയുന്നത്. ധോണിയും ആദം ഗില്‍ക്രിസ്റ്റുമാണ് വിക്കറ്റ് കീപ്പര്‍മാരുടെ നിലവാരം മാറ്റിയതെന്ന് പറയാം. ഇപ്പോള്‍ മിക്ക ടീമുകളിലേയും വിക്കറ്റ് കീപ്പര്‍മാരായുള്ളത് മികച്ച ബാറ്റ്‌സ്മാന്‍മാരാണ്.
എംഎസ് ധോണിയാണ് വിക്കറ്റ് കീപ്പറായ നായകനെന്ന റോള്‍ ട്രന്റിങ്ങാക്കി മാറ്റിയത്. ഇപ്പോള്‍ മിക്ക ടീമുകളും ധോണിയുടെ ഈ ശൈലിയെ പിന്തുടരുകയാണെന്ന് പറയാം. സഞ്ജു സാംസണും ധോണിയുടെ ശൈലിയെ പല തവണ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അത്ര പെട്ടെന്നൊന്നും ധോണിയുടെ പിന്‍ഗാമിയാകാന്‍ ആര്‍ക്കുമാവില്ല. വിക്കറ്റിന് പിന്നിലെ മികവ് പരിശോധിക്കുമ്പോള്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് സഞ്ജു.
വരുന്ന ഐപിഎല്‍ സീസണ്‍ സഞ്ജുവിന് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. പ്ലേ ഓഫിലേക്കെങ്കിലും സഞ്ജുവിന് എത്താന്‍ സാധിക്കാതെ പോയാല്‍ താരത്തിന്റെ നായകസ്ഥാനമടക്കം തെറിക്കാന്‍ സാധ്യതയുണ്ട്. എന്തായാലും വരുന്ന സീസണ്‍ മലയാളി താരത്തിന് വളരെ നിര്‍ണ്ണായകമാണ്.