ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ നിരയിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ സ്ഥാനം. വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ കളിക്കളത്തില്‍ ചടുലമായി പ്രതികരിക്കാനും അവിശ്വസനീയ ക്യാച്ചുകളെടുക്കാനുമെല്ലാം അദ്ദേഹത്തിനു സാധിക്കുകയും ചെയ്യുന്നു. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ടീമിനു വേണ്ടി കളിക്കുമ്പോള്‍ ഔട്ട് ഫീല്‍ഡില്‍ സഞ്ജുവിന്റെ ചില മാരക ക്യാച്ചുകള്‍ കണ്ട് ക്രിക്കറ്റ് പ്രേമികള്‍ ആശ്ചര്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ബൗണ്ടറി ലൈനിന് തൊട്ടരികെ വച്ചുള്ള സഞ്ജുവിന്റെ ചില അദ്ഭുത ക്യാച്ചുകള്‍ ഇന്ത്യന്‍ കുപ്പായത്തിലും ഐപിഎല്ലിലുമെല്ലാം നമ്മള്‍ ഇതിനകം കണ്ടു കഴിഞ്ഞു. സിക്‌സറെന്നു ഉറപ്പിച്ച ചില ഷോട്ടുകളാണ് ജോണി റോഡ്‌സിനെപ്പോലെ വായുവില്‍ പറന്ന് അദ്ദേഹം റാഞ്ചിയെടുത്തത്. ഈ തരത്തിലുള്ള അവിശ്വസനീയ ക്യാച്ചുകള്‍ക്കു പിന്നിലെ രഹസ്യം സഞ്ജു ഒരിക്കല്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. നടനും സംവിധായകനുമായ ബേസില്‍ ജോസഫുമായുള്ള അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

ഇത്തരം ക്യാച്ചുകള്‍ എങ്ങനെ സാധിക്കുന്നു ?
ബൗണ്ടറി ലൈനിന് അരികില്‍ വച്ചു പറന്നു ക്യാച്ചുകളെടുക്കാന്‍ നിങ്ങള്‍ക്കു പ്രത്യേകം പരിശീലനം നല്‍കാറുണ്ടോയെന്നായിരുന്നു ബേസില്‍ ജോസഫിന്റെ ചോദ്യം. അതൊക്കെ അങ്ങു നടന്നു പോവുന്നതല്ലേയെന്നായിരുന്നു ചെറുചിരിയോടെ തമാശരൂപേണയുള്ള സഞ്ജുവിന്റെ മറുപടി.
ഈ തരത്തിലുള്ള ബോളുകള്‍ വരുമ്പോള്‍ ചാടി നോക്കും. ചിലപ്പോള്‍ ബോള്‍ കൈയിലിരിക്കും, ചിലപ്പോള്‍ കൈയിലൊതുങ്ങില്ല. ഈ ചാട്ടത്തിലാണ് കാര്യമെന്നും അദ്ദേഹം ചിരിയോടെ പറയുന്നു.
ഗ്രൗണ്ടില്‍ വച്ച് നല്‍കുന്ന നിര്‍ദേശമെന്ത്
ഒരു മല്‍സരത്തിനു മുമ്പ് ഗ്രൗണ്ടിലെത്തിയതിനു ശേഷം ടീമിലെ താരങ്ങള്‍ വട്ടംകൂടി നില്‍ക്കുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീമംഗങ്ങള്‍ക്കു സഞ്ജു നല്‍കാറുള്ള നിര്‍ദേശം എന്താണെന്നായിരുന്നു ബേസിലിന്റെ മറ്റൊരു പ്രധാനപ്പെട്ട ചോദ്യം.
ഞാന്‍ അതിനെ മറ്റൊരു രീതിയലാണ് ഹാന്റില്‍ ചെയ്യുന്നത്. കളിക്കാരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കിയാണ് സംസാരിക്കുക. ടീമിനു വേണ്ടി നന്നായി ചെയ്യണമെന്ന ആഗ്രഹത്തോടെ തന്നെയായിരിക്കും താരങ്ങളെത്തുന്നത്.
അതുകൊണ്ടു തന്നെ നമ്മളും ഇതേ കാര്യം തന്നെ അവരോടു ആവശ്യപ്പെടുകയാണെങ്കില്‍ അതു നന്നായിരിക്കില്ല. നല്ല സമ്മര്‍ദ്ദമുള്ള സാഹചര്യമൊക്കെയാണെങ്കില്‍ ഞാന്‍ അവര്‍ക്കിടയില്‍ നിന്ന് ചില തമാശകളൊക്കെ പറയും. ഇതു കാര്യങ്ങള്‍ ലൈറ്റാക്കി കൊണ്ടുപോവാന്‍ സഹായിക്കുകയും ചെയ്യുമെന്നും സഞ്ജു വ്യക്തമാക്കി.

കളിക്കളത്തിലേക്കു തിരിച്ചെത്താന്‍ സഞ്ജു
ചെറിയൊരു ബ്രേക്കിനു ശേഷം കളിക്കളത്തിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. ഇന്ത്യയുടെ അവസാനത്തെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി20 പരമ്പരയിലാണ്
അദ്ദേഹം അവസാനമായി കളിച്ചത്. അതിനു ശേഷം ചെറിയൊരു ബ്രേക്കിലാണ് സഞ്ജു. അതിനിടെ ദുലീപ് ട്രോഫിയില്‍ അദ്ദേഹം കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്.
നേരത്തേ പ്രഖ്യാപിച്ച നാലു ടീമുകളിലും സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പരിക്കു കാരണം ഇഷാന്‍ കിഷന്‍ പിന്‍മാറിയതോടെയാണ് അദ്ദേഹത്തിനു ടീമിലേക്കു വഴിയൊരുക്കുന്നത്. ടീം ഡിയില്‍ ഇഷാനു പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
സഞ്ജു ടീമിലേക്കു വരികയാണെങ്കില്‍ ശ്രേയസ് അയ്യര്‍ക്കു കീഴിലാണ് അദ്ദേഹം കളിക്കുക. ടെസ്റ്റില്‍ ഇന്ത്യക്കായി കളിക്കുകയെന്ന സഞ്ജുവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാവണമെങ്കില്‍ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ.