ലോക ക്രിക്കറ്റിലെ ഇതിഹാസ നായകനാണ് എംഎസ് ധോണി. ഒരു മുത്തശ്ശി കഥപോലെ വിചിത്രമെന്ന് തോന്നാവുന്ന കരിയറാണ് ധോണിയുടേത്. ഫുട്‌ബോളിനെ ഇഷ്ടപ്പെട്ടിരുന്ന ബാല്യത്തിന് ശേഷം ക്രിക്കറ്റ് താരമായി മാറിയതും പിന്നീട് ടിക്കറ്റ് കളക്ടര്‍ ജോലി നോക്കിയതും അവിടെ നിന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയതുമെല്ലാം വളരെ കൗതുകമുള്ള കഥയാണ്. 2007ല്‍ അപ്രതീക്ഷിതമായി ധോണിയുടെ കൈയിലേക്ക് ഇന്ത്യയുടെ നായകസ്ഥാനമെത്തുകയായിരുന്നു.
ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച് ധോണി തുടങ്ങിയെ ജൈത്രയാത്ര മറ്റാര്‍ക്കും എളുപ്പത്തില്‍ എത്തിപ്പിടിക്കാനാവാത്ത അത്ര ഉയരത്തിലെത്തിച്ചാണ് അദ്ദേഹം അവസാനിപ്പിച്ചത്. മൂന്ന് ഐസിസി കിരീടത്തിന് പുറമെ വിക്കറ്റ് കീപ്പറെന്ന നിലയിലും ഫിനിഷറെന്ന നിലയിലും അതുല്യ റെക്കോഡുകള്‍ ധോണിയുടെ പേരിലുണ്ട്. ലോക ക്രിക്കറ്റിനെത്തന്നെ വിസ്മയിപ്പിച്ച ധോണിയിലേക്ക് നായകസ്ഥാനമെത്തിയതിന് പിന്നില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പിന്തുണ വളരെ വലുതാണ്.
വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ് എന്നിവരെയെല്ലാം മറികടന്നാണ് ധോണിയിലേക്ക് നായകസ്ഥാനമെത്തിയത്. സീനിയര്‍ താരങ്ങളുണ്ടായിട്ടും ധോണിയെ നായകസ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യാന്‍ കാരണമെന്താണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. അത് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. മത്സരത്തിനിടെയുണ്ടായ സംഭവമാണ് ധോണിയുടെ ക്യാപ്റ്റന്‍സി മികവ് തിരിച്ചറിയാന്‍ സഹായിച്ചതെന്നാണ് സച്ചിന്‍ വെളിപ്പെടുത്തിയത്.
'മത്സരത്തില്‍ ധോണി കീപ്പറാവുമ്പോള്‍ ഞാന്‍ മിക്കപ്പോഴും സ്ലിപ്പിലുണ്ടാവും. ധോണി മത്സരത്തെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കും. ബൗളറുടെ ലൈനെക്കുറിച്ചും ഫീല്‍ഡറുടെ പൊസിഷനെക്കുറിച്ചുമെല്ലാം അവന്‍ എന്നോട് സംസാരിച്ചിട്ടുണ്ട്. ഇത് പല തവണ കേട്ടപ്പോഴാണ് ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഉള്‍ മനസില്‍ തോന്നിയത്. അവന്റെ ചിന്തയും പ്രവര്‍ത്തിയും സാധാരണ താരങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു.

അവനില്‍ മികച്ചൊരു നായകനുണ്ടെന്ന് എനിക്ക് മനസിലായി. അങ്ങനെയാണ് അടുത്ത നായകനായി ധോണിയുടെ പേര് നിര്‍ദേശിച്ചത്' എന്നാണ് സച്ചിന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ മോഹിച്ച പല താരങ്ങളുമുണ്ടായിരുന്നു. സെവാഗും ഗംഭീറും യുവരാജുമെല്ലാം ഇന്ത്യയുടെ നായകസ്ഥാനം ലക്ഷ്യംവെച്ചവരാണ്. 2007ലെ ടി20 ലോകകപ്പില്‍ തന്നെ നായകനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് യുവരാജ് തുറന്ന് പറഞ്ഞിരുന്നു.
ഗംഭീറിനും സെവാഗിനും ഇന്ത്യയുടെ നായകസ്ഥാനം നോട്ടമുണ്ടായിരുന്നു. എന്നാല്‍ ഇവരെയെല്ലാം മറികടന്നാണ് ധോണിയുടെ വളര്‍ച്ച. തന്റേതായ ശൈലിയിലൂടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ധോണിക്ക് സാധിച്ചിരുന്നു. തോല്‍ക്കുമെന്ന് കരുതിയ പല മത്സരങ്ങളിലും തന്റെ നായകമികവുകൊണ്ട് ധോണി വിജയത്തിലേക്കെത്തിച്ചു. ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കാന്‍ കഴിവുള്ള നായകനാണ് ധോണി. അതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയതും.
ധോണി നായകസ്ഥാനത്തേക്കെത്തിയതോടെ സെവാഗിനും ഗംഭീറിനും അദ്ദേഹത്തോട് അഭിപ്രായ ഭിന്നതയുമുണ്ടായിരുന്നു. ഇരുവരും ധോണിയെക്കാള്‍ സീനിയര്‍ താരങ്ങളാണെങ്കിലും ധോണിക്ക് കീഴില്‍ നിരവധി മത്സരങ്ങള്‍ കളിച്ചു. 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതോടെയാണ് ധോണി സൂപ്പര്‍ നായകനായി മാറിയത്. 1983ന് ശേഷം ഇന്ത്യ നേടുന്ന ആദ്യത്തെ ഏകദിന ലോകകപ്പ് കിരീടമായിരുന്നു ഇത്.
2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായതോടെയാണ് ധോണി ഇന്ത്യന്‍ ടീം ജേഴ്‌സി അഴിച്ചത്. വിരമിക്കല്‍ മത്സരത്തിന് പോലും കാത്തു നില്‍ക്കാതെയാണ് ധോണിയുടെ പടിയിറക്കം. 2013ല്‍ ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ഇത്. പിന്നീട് വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയെങ്കിലും ഐസിസി കിരീടം സ്വപ്‌നമായി തുടരുന്നു.
ഇത്തവണ ഇന്ത്യയിലേക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് വരുമ്പോള്‍ കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്നത് കണ്ടറിയാം. രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ താരനിരയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. തട്ടകത്തിന്റെ മുന്‍തൂക്കവും ടീമിന്റെ ശക്തിയും വിലയിരുത്തുമ്പോള്‍ ഇന്ത്യ കപ്പിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.