മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാനാവുന്നതല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു ഇത്. സൗരവ് ഗാംഗുലിയെന്ന നായകനുകീഴില്‍ ഇന്ത്യ നടത്തിയ പോരാട്ടങ്ങളെല്ലാം എന്നെന്നും ഓര്‍മിക്കപ്പെടുന്നതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ഇതിഹാസത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇവര്‍ക്കെല്ലാം സാധിച്ചിരുന്നു.
സച്ചിനുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാനും ഇവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരിലെ തന്റെ ഇഷ്ട താരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തിയിരുന്നു. 1990-2000ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സച്ചിനായിരുന്നു ഇന്ത്യന്‍ നായകന്‍. ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവരെല്ലാം ടീമിലുണ്ടായിരുന്നു. ഇതില്‍ ലക്ഷ്മണനെയാണ് കൂടുതല്‍ ഇഷ്ടമെന്നാണ് സച്ചിന്‍ പറഞ്ഞത്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
'നീ നിന്റെ പല്ലുകാട്ടാതെ ചിരിച്ചാല്‍ നീയാണ് (വിവിഎസ് ലക്ഷ്മണ്‍) എന്റെ പ്രിയപ്പെട്ട താരമെന്ന് ഞാന്‍ പറയും. പ്രതിഭകൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാണ് നീ. എന്നെക്കാള്‍ സെക്കന്റുകള്‍ക്ക് മുമ്പ് പന്ത് കാണാനുള്ള കഴിവ് നിനക്കുണ്ട്. നീ മനസിലാക്കിയതില്‍ കൂടുതല്‍ പ്രതിഭ ദൈവം നിനക്ക് തന്നിട്ടുണ്ട്. എന്റെ ബാറ്റിങ്ങില്‍ നാല് ഗിയറുകളാണുള്ളത്. ഡിഫന്‍സ്, പുഷ്, ഡ്രൈവ്, ലോഫ്റ്റ്. സാഹചര്യം മനസിലാക്കി എന്റെ ബുദ്ധിക്കനുസരിച്ച് ഈ ഗിയറുകള്‍ ഉപയോഗിച്ച് കളിക്കുകയാണ് ചെയ്യുന്നത്.
ലക്ഷ്മണ്‍ നേരിട്ട് ഫോര്‍ത്ത് ഗിയറില്‍ കളിച്ചാലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന തരത്തിലുള്ള പ്രതിഭ അവനിലുണ്ട്. പന്തിന്റെ ദിശ വളരെ നേരത്തെ കൃത്യമായി കാണാനും മനസിലാക്കാനും നിനക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഏത് സാഹചര്യമാണെന്നത് അവന് പ്രശ്‌നമല്ല. ചിലപ്പോള്‍ മികച്ച പ്രകടനം നടത്തും ചിലപ്പോള്‍ ഫ്‌ളോപ്പാവും. ആദ്യത്തെ മൂന്ന് ഗിയറിന്റെ മൂല്യം നിങ്ങള്‍ മനസിലാക്കുമ്പോള്‍ ഇതിഹാസമായി മാറും'- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

സച്ചിന്റെ 50ാം ജന്മദിനത്തില്‍ 'സച്ചിന്‍ @50 സെലിബ്രേറ്റിങ് എ മാസ്‌ട്രോ' എന്ന പുസ്തകം പുറത്തിറക്കിയിരുന്നു. ഇതിന്റെ പ്രകാശന ചടങ്ങില്‍ എംസ്‌കെ പ്രസാദിന്റെ ചോദ്യത്തിന് മറുപടി നല്‍കിയപ്പോഴാണ് സച്ചിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ലക്ഷ്മണ്‍ ഇന്ത്യക്കായി ടെസ്റ്റില്‍ തിളങ്ങിയിട്ടുള്ള താരമാണ്. ഏകദിനത്തില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷെ ടെസ്റ്റില്‍ എല്ലാവരെയും വിസ്മയിപ്പിക്കുന്ന സാങ്കേതിക മികവ് ലക്ഷ്മണിനുണ്ടായിരുന്നു.
ഇന്ത്യക്കായി 134 ടെസ്റ്റ് കളിച്ച് 8781 റണ്‍സാണ് ലക്ഷ്മണ്‍ നേടിയത്. 45.5 ശരാശരിയില്‍ കളിച്ചിരുന്ന ലക്ഷ്മണിന്റെ ഉയര്‍ന്ന സ്‌കോര്‍ 281 റണ്‍സാണ്. 17 സെഞ്ച്വറിയും 2 ഇരട്ട സെഞ്ച്വറിയും 56 ഫിഫ്റ്റിയും ലക്ഷ്മണിന്റെ പേരിലുണ്ട്. 86 ഏകദിനത്തില്‍ നിന്ന് 30.76 ശരാശരിയില്‍ 2388 റണ്‍സാണ് ലക്ഷ്മണ്‍ നേടിയത്. 6 സെഞ്ച്വറിയും 10 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. തന്റേതായ ശൈലി സൃഷ്ടിക്കാന്‍ ലക്ഷ്മണിന് സാധിച്ചിരുന്നു.
ഓസ്‌ട്രേലിയയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ അവരെ ഏറ്റവും വിറപ്പിച്ച ബാറ്റ്‌സ്മാനായി മാറാന്‍ ലക്ഷ്മണിന് സാധിച്ചു. വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ ലക്ഷ്മണിന് സവിശേഷമായ മികവുണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡ് ടെസ്റ്റിലെ ക്ലാസിക് താരമാണ്. എത്രനേരം വേണമെങ്കിലും ക്ഷമയോടെ ക്രീസില്‍ തുടരാന്‍ ദ്രാവിഡിന് സാധിക്കും. അതേ സമയം ക്ലാസിക് ശൈലിയോടൊപ്പം അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ലക്ഷ്മണിന് കഴിവുണ്ടായിരുന്നു. ഇതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
ദൗര്‍ഭാഗ്യവശാല്‍ ടെസ്റ്റിലെ മികവ് ഏകദിനത്തില്‍ കാട്ടാന്‍ ലക്ഷ്മണിനായില്ല. ഏകദിനത്തില്‍ സ്ഥിരതയില്ലായ്മയാണ് ലക്ഷ്മണിനെ പിന്നോട്ടടിച്ചത്. എന്തായാലും സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, സെവാഗ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന സുവര്‍ണ്ണ കാലഘട്ടത്തോടൊപ്പം നില്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള താരമായിരുന്നു ലക്ഷ്മണെന്ന് നിസംശയം പറയാം.