For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമിലും റാഗിങ്! രോഹിത്തിന്‍റെ സീറ്റ് തെറിപ്പിച്ചു, ഞെട്ടിച്ച താരത്തെ അറിയാമോ?

ഇന്ത്യന്‍ ടീമില്‍ ഒരു കാലത്തു സ്ഥിരസാന്നിധ്യം പോലുമാവാതെ കഷ്ടപ്പെട്ട ക്രിക്കറ്ററില്‍ നിന്നും ഇപ്പോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായി വളര്‍ന്നുവന്നയാളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹിറ്റ്മാന് വലിയൊരു ഭാവിയുണ്ടാവുമെന്നു ആരും തന്നെ കരുതിയതല്ല. പക്ഷെ കഠിനാധ്വാനവും ആത്മവിശ്വാസവും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പിന്തുണയുമെല്ലാം രോഹിത്തിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തുകയായിരുന്നു. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

ദേശീയ ടീമിലേക്കു ആദ്യമായി വന്നപ്പോള്‍ താന്‍ റാഗിങിനു ഇരയായ രസകരമായ ഒരു സംഭവത്തെക്കുറിച്ച് രോഹിത് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ വളരെയധികം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും അതുപോലെ തന്നെ ഭയപ്പെടുകയുമെല്ലാം ചെയ്ത ഒരു താരമായിരുന്നു റാഗ് ചെയ്തതെന്നായിരുന്നു രോഹിത് തുറന്നു പറഞ്ഞത്. എന്തായിരുന്നു ഈ സംഭവമെന്നറിയാം.

ROHIT SHARMA

ഇന്ത്യന്‍ ടീമിലേക്കു വന്നപ്പോള്‍ നിങ്ങളെ റാഗ് ചെയ്ത താരമായിരുന്നുവെന്നായിരുന്നു അഭിമുഖത്തില്‍ രോഹിത് ശര്‍മയോടുള്ള ചോദ്യം. അധികം ആലോചിക്കാതെ തന്നെ പിന്നാലെ അദ്ദേഹത്തിന്റെ മറുപടിയും വന്നു. യുവരാജ് സിങല്ലാതെ ആരാണെന്നായിരുന്നു ചിരിയോടെ രോഹിത് തിരിച്ച് പറഞ്ഞത്. യുവരാജിനെക്കുറിച്ച് ഞാന്‍ എന്താണ് പറയുക? തനിക്കു അദ്ദേഹത്തെ വലിയ ഭയമായിരുന്നുവെന്നും രോഹിത് ശര്‍മ വെളിപ്പെടുത്തി.

ടീം ബസിലുണ്ടായ ആദ്യത്തെ സംഭവം എനിക്കു ഇപ്പോഴും ഓര്‍മയുണ്ട്. ടീം യാത്ര തിരിക്കുന്നതിനും ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഞാന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും താഴെയെത്തി കാത്തു നിന്നു. ബസ് ഏതു വഴിയാവും വരിക? എന്താണ് സംഭവിക്കുക? ടീമംഗങ്ങളെല്ലാം ഏതു വഴിയായിരിക്കും എത്തുക? തുടങ്ങി ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമെല്ലാം എനിക്കുണ്ടായിരുന്നു. ഈ ഭയത്താലാണ് ഞാന്‍ എല്ലാവരേക്കാളും മുമ്പ് തന്നെ അവിടെയെത്തി നിലയുറപ്പിച്ചതെന്നും രോഹിത് പറയുന്നു.

ടീം ബസ് വന്നപ്പോള്‍ ഞാന്‍ അതില്‍ കയറി ഒരു സീറ്റില്‍ ഇരിക്കുകയും ചെയ്തു. പിന്നാലെ പല ടീമംഗങ്ങളും ബസിലേക്കു കയറി പല സീറ്റുകളിലുമായി ഇരുന്നു. ഈ സമയത്താണ് യുവി പായുടെ (യുവരാജ് സിങ്) വരവ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനായിരുന്നു. ബസിലേക്കു കയറി അദ്ദേഹം വലിയ ഗൗരവത്തില്‍ എല്ലായിടത്തേക്കും നോക്കിയതിനു ശേഷം എന്റെ സീറ്റിനടുത്തേക്കു വന്നു. യുവി പാ, ഞാന്‍ രോഹിത്തെന്നു പറഞ്ഞ് അദ്ദേഹത്തിനു കൈ കൊടുത്തു.

YUVRAJ SINGH

ഗൗരവം വിടാതെ ആ ശരിയെന്നു യുവി പാ പറഞ്ഞു. പിന്നാലെ എന്നോടു ചോദിച്ചത് ഈ സീറ്റ് ആരുടേതാണെന്നു നിനക്ക് അറിയാമോയെന്നായിരുന്നു. ഞാന്‍ അറിയില്ലെന്നു പറഞ്ഞു. ഉടന്‍ തന്നെ യുവി എന്നോടു പറഞ്ഞത് നീ എഴുന്നേല്‍ക്ക് ഞാന്‍ ഇവിടെ ഇരിക്കാമെന്നായിരുന്നു. നീ വേറെയൊരു സീറ്റ് കിട്ടുമോയെന്നു നോക്കൂയെന്നും പറഞ്ഞു. ഞാന്‍ ശരിക്കും അമ്പരന്നു പോയ നിമിഷമായിരുന്നു അത്. ഉടന്‍ തന്നെ താന്‍ അദ്ദേഹത്തിനു ആ സീറ്റ് ഒഴിഞ്ഞു കൊടുക്കുകയായിരുന്നുവെന്നു രോഹിത് വെളിപ്പെടുത്തി.

പക്ഷെ യുവരാജ് തന്നെയൊന്നു റാഗ് ചെയ്തതാണെന്നു പിന്നീടാണ് മനസ്സിലായതെന്നും അതിനു ശേഷം അദ്ദേഹവുമായി അടുത്ത സൗഹൃദമായിരുന്നു പുലര്‍ത്തിയതെന്നും ഹിറ്റ്മാന്‍ പറയുന്നു. പിന്നീട് കരിയറിന്റെ അവസാന ഘട്ടത്തില്‍ ഐപിഎല്ലില്‍ രോഹിത്തിനു കീഴില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനു വേണ്ടി യുവി കളിക്കുകയും ചെയ്തിട്ടുണ്ട്.

കളിക്കളത്തിനു പുറത്ത് ഇപ്പോഴും ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദമാണുള്ളത്. പല സ്വകാര്യ ചടങ്ങുകളിലിലും യുവിയും രോഹിത്തും ഭാര്യമാര്‍ക്കൊപ്പം ഒരുമിച്ച് പങ്കെടുത്തതിന്റെ ഫോട്ടോസും പുറത്തുവന്നിരുന്നു.

Story first published: Tuesday, February 13, 2024, 12:43 [IST]
Other articles published on Feb 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+