ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളും നായകന്മാരിലൊരാളുമാണ് റിക്കി പോണ്ടിങ്. ഏത് ബൗളര്‍മാരെയും തല്ലിപ്പറത്തുന്ന പോണ്ടിങ് ഒരു കാലഘട്ടത്തിലാകെ വിസ്മയിപ്പിച്ച ബാറ്റ്‌സ്മാനാണ്. നായകനായും ബാറ്റ്‌സ്മാനായും വമ്പന്‍ റെക്കോഡുകളോടെ കളമൊഴിഞ്ഞ പോണ്ടിങ് നിരവധി ബൗളര്‍മാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. എന്നാല്‍ ചുരുക്കം ചില ബൗളര്‍മാര്‍ക്ക് മുന്നിലാണ് പോണ്ടിങ് ഭയന്നുകണ്ടിട്ടുള്ളത്.
പൊതുവേ പോണ്ടിങ്ങിനെ പ്രകോപിപ്പിക്കുന്ന ബൗളര്‍മാരെയെല്ലാം കരയിപ്പിച്ച് പറഞ്ഞയക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് പോണ്ടിങ്. എന്നാല്‍ റിക്കി പോണ്ടിങ്ങിനെ ക്രീസില്‍ തളച്ചിട്ട ഇന്ത്യന്‍ പേസറുണ്ട്. അത് ആരാണെന്ന് അറിയാമോ?. സഹീര്‍ ഖാനോ ആശിഷ് നെഹ്‌റയോ, ജവഗല്‍ ശ്രീനാഥോ ഒന്നുമല്ലത്. അത് ഇഷാന്ത് ശര്‍മയാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്ന ഇഷാന്ത് 2008ലെ പെര്‍ത്ത് ടെസ്റ്റിലാണ് പോണ്ടിങ്ങിന്റെ അന്തകനായി മാറിയത്.
പോണ്ടിങ് ആ സമയത്ത് വളരെ അനുഭവസമ്പന്നനായ താരമായിരുന്നെങ്കില്‍ ഇഷാന്ത് ശര്‍മ ഇന്ത്യന്‍ ടീമിലെ യുവതാരമായിരുന്നു. രണ്ട് വശത്തേക്കും പന്ത് സ്വിങ് ചെയ്യിച്ച് പോണ്ടിങ്ങിനെ വിറപ്പിക്കാന്‍ ഇഷാന്തിന് സാധിച്ചു. ഇന്‍സ്വിങ്ങറായി സ്റ്റംപിലേക്കെത്തുന്ന പന്ത് പല തവണ പോണ്ടിങ്ങിന്റെ പാഡിലടിച്ചു. എവിടെ ബാറ്റുവെക്കണമെന്ന് അറിയാതെ പോണ്ടിങ് പതറുന്നതാണ് അന്ന് പെര്‍ത്തില്‍ കണ്ടത്. 19കാരനായ ഇഷാന്തിന്റെ ബൗളിങ് ദിശ മനസിലാക്കാനാവാതെ റിക്കി പോണ്ടിങ് പതറി.
ആ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് തവണയാണ് പോണ്ടിങ്ങിനെ ഇഷാന്ത് പുറത്താക്കിയത്. ടെസ്റ്റില്‍ ആകെ ആറ് തവണയും പോണ്ടിങ്ങിനെ ഇഷാന്ത് മടക്കി. ഇഷാന്ത് ശര്‍മയുടെ പന്തുകള്‍ തുടക്ക സമയത്ത് തന്നെ പ്രയാസപ്പെടുത്തിയിരുന്ന് പോണ്ടിങ് തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഉയരക്കൂടുതലുള്ള താരത്തിന്റെ പേസും ബൗണ്‍സും മനസിലാക്കാനാവാതെ നന്നായി ബുദ്ധിമുട്ടിയെന്നാണ് പോണ്ടിങ് തുറന്ന് സമ്മതിച്ചത്. എന്നാല്‍ താന്‍ ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് അല്ലെന്നാണ് പോണ്ടിങ് വെളിപ്പെടുത്തിയത്.

കരിയറില്‍ നേരിടാന്‍ ഏറ്റവും ഭയപ്പെടുത്തിയ ബൗളര്‍ ഹര്‍ഭജന്‍ സിങ്ങാണെന്നാണ് പോണ്ടിങ് പറഞ്ഞത്. ഹര്‍ഭജന്റെ ദൂസ്‌ര പല വിദേശ താരങ്ങളേയും പ്രയാസപ്പെടുത്തിയിരുന്നു. പോണ്ടിങ്ങിനും ഹര്‍ഭജന്‍ പേടി സ്വപ്‌നമായിരുന്നു. ഹര്‍ഭജന്റെ സ്പിന്‍ ബൗളിങ്ങിന്റെ ദിശ മനസിലാക്കുക പ്രയാസമായിരുന്നുവെന്നാണ് പോണ്ടിങ് തുറന്ന് പറഞ്ഞിട്ടുള്ളത്. ഇത് തെളിയിക്കുന്നതാണ് ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകള്‍. 13 തവണയാണ് പോണ്ടിങ്ങിനെ ഹര്‍ഭജന്‍ പുറത്താക്കിയത്.
പോണ്ടിങ്ങിനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ ഹര്‍ഭജനാണ്. തന്നെ ഏറ്റവും ഭയപ്പെടുത്തിയ പേസര്‍മാരെ പോണ്ടിങ് തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഇഷാന്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. വസിം അക്രം, കോര്‍ട്ട്‌ലി ആംബ്രോസ്, ഷുഹൈബ് അക്തര്‍ എന്നിവരെയാണ് തന്നെ ഭയപ്പെടുത്തിയ പേസര്‍മാരായി പോണ്ടിങ് തിരഞ്ഞെടുത്തത്. പൊതുവേ ആക്രമണോത്സകത കാട്ടുന്ന ബൗളര്‍മാര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്ന ബാറ്റ്‌സ്മാനാണ് പോണ്ടിങ്.
ഒരു തവണ ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി പോണ്ടിങ് കൊമ്പുകോര്‍ത്തിരുന്നു. പോണ്ടിങ്ങിനെ ക്രീസില്‍ നിര്‍ത്തി പൊരിച്ച ഫ്‌ളിന്റോഫ് ഒടുവില്‍ വിക്കറ്റ് നേടുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ തവണയും ബൗളര്‍മാര്‍ക്ക് മുകളില്‍ പോണ്ടിങ് ആധിപത്യം സ്ഥാപിക്കുകയാണ് ചെയ്തിട്ടുള്ളത്. എങ്കിലും ഹര്‍ഭജനും ഇഷാന്തും ഏറെക്കാലം പോണ്ടിങ്ങിന്റെ ഉറക്കം നഷ്ടപ്പെടുത്തിയവരാണെന്ന് പറയാം. ഇഷാന്ത് ശര്‍മ ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുറത്താണ്.
മികച്ച റെക്കോഡ് ഇഷാന്ത് ശര്‍മക്ക് ടെസ്റ്റില്‍ അവകാശപ്പെടാം. എന്നാല്‍ ടെസ്റ്റിലെപ്പോലെ മറ്റ് ഫോര്‍മാറ്റുകളില്‍ മികവ് കാട്ടാന്‍ ഇഷാന്ത് ശര്‍മക്ക് സാധിച്ചിട്ടില്ല. നിലവില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും താരം കളിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിന് പുറത്താണ് ഇഷാന്ത് ശര്‍മ. ഇനിയൊരു തിരിച്ചുവരവ് നടത്തുകയെന്നതും ഇഷാന്ത് ശര്‍മയെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്.