ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രിയതാരം രവീന്ദ്ര ജഡേജ വിവാഹിതനാകുന്നു. ഐ പി എല്‍ ക്രിക്കറ്റ് സീസണിടെയാണ് ജഡേജ കൂട്ടുകാരി റിവ സോളങ്കിയുടെ കഴുത്തില്‍ താലി കെട്ടുന്നത്. ഏപ്രില്‍ 17 നാണ് വിവാഹം. ഐ പി എല്ലിന്റെ ഒമ്പതാം സീസണ് ഏപ്രില്‍ 9 ന് തുടങ്ങും. സുരേഷ് റെയ്ന നയിക്കുന്ന ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് ജഡ്ഡു ഇത്തവണ ഐ പി എല്‍ കളിക്കുന്നത്.
ഫെബ്രുവരി ആദ്യവാരമാണ് ഹോംടൗണായ രാജ്കോട്ടില്‍ സ്വന്തം ഹോട്ടലായ ജഡ്ഡൂസില് വെച്ച് ജഡേജയും റീവ സോളങ്കിയുമായുള്ള വിവാഹ നിശ്ചയം നടന്നത്. രാജ്കോട്ടിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ മകളാണ് ജഡ്ഡുവിന്റെ വധു റീവ സോളങ്കി. മെക്കാനിക്കല്‍ എഞ്ചിനീയറായ റീവ ഒറ്റമോളാണ്. ക്ഷണിക്കപ്പെട്ട പ്രമുഖരും അടുത്ത ബന്ധുക്കളും മാത്രമേ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നുള്ളൂ
ക്രിക്കറ്റ് താരങ്ങളെല്ലാം ഇപ്പോള്‍ വിവാഹം കഴിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ഡിസംബര്‍ 13നാണ് രോഹിത് ശര്‍മയും കാമുകി റിതിക സജ്ദേശും വിവാഹിതരായത്. ബോളിവുഡ് താരം ഗീത ബസ്രയ സ്പിന്നര്‍ ഹര്ഭജന് സിംഗ് വിവാഹം ചെയ്തതും ഈ അടുത്ത കാലത്താണ്. ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണ്‍, ഇര്ഫാന് പത്താന്, അഭിമന്യു മിഥുന് എന്നിവരും വിവാഹിതരായി. യുവരാജ് സിംഗാണ് ഇനി ക്യൂവിലുള്ളത്.