ലോക ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നറാണ് മുത്തയ്യ മുരളീധരന്‍. പന്തുകൊണ്ട് മായാജാലം സൃഷ്ടിച്ച അപൂര്‍വ്വ പ്രതിഭ. മുരളിയുടെ ദൂസ്‌രക്ക് മുന്നില്‍ അടിപതറാത്ത താരങ്ങള്‍ വളരെ വിരളമാണെന്ന് പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയുമടക്കം ഒട്ടുമിക്ക ഇതിഹാസങ്ങളും മുരളീധരന്റെ മികവിന് മുന്നില്‍ മുട്ട് മടക്കിയവരാണ്. കൈക്കുഴക്കുള്ളില്‍ തന്ത്രങ്ങളൊളിപ്പിക്കുന്ന മുരളീധരന്‍ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനായാണ് കരിയര്‍ അവസാനിപ്പിച്ചത്.
എന്നാല്‍ എതിരാളികളുടെ പേടി സ്വപ്‌നമായിരുന്ന മുരളീധരന്‍ ഭയപ്പെട്ടിരുന്നത് ഒരേ ഒരു ബാറ്റ്‌സ്മാനെയായിരുന്നു. അത് മറ്റാരുമല്ല ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗാണ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത സെവാഗിനെതിരേ പന്തെറിയാന്‍ വളരെ പ്രയാസമാണെന്ന് മുരളീധരന്‍ തന്നെയാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. അത് എന്താണെന്ന് മുരളീധരന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
'സെവാഗ് ഓരോ തവണ പ്രഹരിക്കുമ്പോഴും ഞാന്‍ സന്തോഷിച്ചിരുന്നു. കാരണം എറിയുന്ന ബൗളര്‍ ആരാണെന്നോ വിക്കറ്റ് നഷ്ടമാവുമെന്നോ ചിന്തിക്കാതെ ഇഷ്ടത്തിനനുസരിച്ച് കളിക്കുന്ന താരമാണ് സെവാഗ്. അവന്‍ തന്റെ വിക്കറ്റിനെ ഭയന്ന് കളിക്കില്ല. സ്വാഭാവികമായി അവന്‍ ഫോമിലേക്കെത്തുന്ന ദിവസം പിടിച്ചുകെട്ടാന്‍ പ്രയാസമാണ്. അവന്റെ മനോഭാവം തന്നെ ആക്രമിച്ച് കളിക്കുകയെന്നതാണ്. അധികം താരങ്ങള്‍ക്ക് ഇല്ലാത്ത ഗുണമാണത്' മുരളീധരന്‍ പറഞ്ഞു.
എത്ര സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തിലും ഭയമില്ലാതെ കളിക്കുന്ന താരമാണ് സെവാഗ്. 2011ലെ ഏകദിന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ നേരിട്ട ആദ്യ പന്തുകളെല്ലാം ബൗണ്ടറി കടത്താന്‍ സെവാഗിന് സാധിച്ചിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ധൈര്യം കാട്ടിയ സെവാഗ് ഏത് ലൈനില്‍ പന്തെറിഞ്ഞാലും ആക്രമിക്കുമായിരുന്നു. പൊതുവേ മുരളീധരനെപ്പോലൊരു മികച്ച ബൗളര്‍ എതിരില്‍ നില്‍ക്കുമ്പോള്‍ ഏത് ബാറ്റ്‌സ്മാനും ഒന്ന് പ്രയാസപ്പെടും.

അല്‍പ്പമെങ്കിലും സമ്മര്‍ദ്ദത്തോടെയാവും മുരളീധരനെ നേരിടുക. എന്നാല്‍ ഇത്തരമൊരു സമ്മര്‍ദ്ദം സെവാഗിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ബൗളറെ മുഖം നോക്കാതെ കടന്നാക്രമിക്കാന്‍ ധൈര്യം കാട്ടിയിരുന്നതിനാല്‍ സെവാഗിനെതിരേ പന്തെറിയാന്‍ ഒട്ടുമിക്ക ബൗളര്‍മാരും പ്രയാസപ്പെട്ടിരുന്നു. ബ്രെറ്റ് ലീ, ഷൊയ്ബ് അക്തര്‍ എന്നിവരെല്ലാം സെവാഗിനെതിരേ പന്തെറിയാന്‍ പ്രയാസമാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. സെവാഗ് ടെസ്റ്റിലടക്കം കടന്നാക്രമിച്ച് കളിച്ച താരമാണ്.
ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള സെവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. നായകനായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് സെവാഗ്. എന്നാല്‍ കരിയറിന്റെ അവസാന സമയത്ത് സെവാഗിന് അര്‍ഹിച്ച യാത്രയയപ്പ് ലഭിച്ചില്ല. എംഎസ് ധോണിയുമായി ധോണിക്കുണ്ടായിരുന്ന അഭിപ്രായ ഭിന്നത സെവാഗിന്റെ കരിയറില്‍ തിരിച്ചടിയായി. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ നായകനാവേണ്ടിയിരുന്നത് സെവാഗായിരുന്നു.
എന്നാല്‍ അര്‍ഹിച്ച പിന്തുണ സെവാഗിന് ലഭിച്ചില്ല. ധോണി അതിവേഗത്തില്‍ നായകനായി വളര്‍ന്നതോടെ നായകസ്ഥാനത്തേക്കെത്തുകയെന്ന സെവാഗിന്റെ മോഹം നടക്കാതെ പോയി. ഇതോടെ വലിയ വിടവാങ്ങല്‍ അര്‍ഹിച്ചിരുന്ന സെവാഗിന് യാത്രയയപ്പ് മത്സരം പോലും ലഭിക്കാതെ പടിയിറങ്ങേണ്ടി വന്നു. മുത്തയ്യ മുരളീധരന്‍ ഉള്‍പ്പെടെ ഭയപ്പെട്ട സെവാഗ് ഇപ്പോള്‍ കമന്റേറ്റര്‍ റോളില്‍ ഒതുങ്ങിയിരിക്കുകയാണ്. പരിശീലക റോളിലേക്കെത്താന്‍ സെവാഗ് ശ്രമിക്കുന്നുണ്ട്.
എന്നാല്‍ അവസരം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്നു സെവാഗ്. ഐപിഎല്ലിലും മികച്ച റെക്കോഡുകള്‍ നേടിയെടുക്കാന്‍ സെവാഗിന് സാധിച്ചു. ഇന്ത്യക്കൊപ്പം 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടാന്‍ സെവാഗിന് സാധിച്ചു. കാലമെത്ര കഴിഞ്ഞാലും ആരാധക മനസില്‍ സെവാഗിന് നിര്‍ണ്ണായക സ്ഥാനമുണ്ടാവുമെന്നുറപ്പാണ്.