ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു സൂപ്പര്‍ ബൈക്കുകളോടുള്ള പ്രിയം എല്ലാവര്‍ക്കുമറിയാം. ലക്ഷങ്ങള്‍ വില മതിക്കുന്ന നിരവധി ആഡംബര ബൈക്കുകളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ദേശീയ ടീമിലെത്തിയതു മുതല്‍ ബൈക്കുകളോടുള്ള ധോണിയുടെ ക്രേസ് വളരെ പ്രശസ്തമാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം തന്റെ ബൈക്കുകളില്‍ കറങ്ങുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പലരും പങ്കുവയ്ക്കാറുമുണ്ട്.
കുറച്ചു മുമ്പ് റാഞ്ചിയിലെ തന്റെ ഫാം ഹൗസില്‍ മകള്‍ സിവയെ പിന്നില്‍ ഇരുത്തി ധോണി സൂപ്പര്‍ ബൈക്ക് ഓടിക്കുന്ന വീഡിയോ ഭാര്യ സാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു. വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഇതു ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ എംഎസ് ധോണി സൂപ്പര്‍ ബൈക്കില്‍ കുതിച്ചുപായുന്ന ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതു അടുത്തൊന്നും സംഭവിച്ചതല്ലെന്നു കാണാം. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു വീഡിയോയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനു ഒരു പ്രത്യേകത കൂടിയുണ്ട്.
സൂപ്പര്‍ ബൈക്കില്‍ എംഎസ് ധോണിയെ കെട്ടിപ്പിടിച്ച് ഒരാള്‍ പിറകില്‍ ഇരിക്കുന്നതു നമുക്കു കാണാം. വീഡിയോയുടെ തുടക്കത്തില്‍ ഇതാരാണെന്നു ആര്‍ക്കും സംശയം തോന്നും. എന്നാല്‍ ഇതു മുന്‍ ഇന്ത്യന്‍ പേസറും മലയാളി താരവുമായ എസ് ശ്രീശാന്താണെന്നു വീഡിയോ അല്‍പ്പം പിന്നിട്ടു കഴിഞ്ഞാലാണ് വ്യക്തമാവുക. പിറകില്‍ ഒരു ബാഗ് ധരിച്ചാണ് ശ്രീയെ ഈ വീഡിയോയില്‍ കാണാന്‍ കഴിയുക.
ശ്രീശാന്തിനെ പിറകില്‍ ഇരുത്തി എംഎസ് ധോണി ബൈക്കോടിക്കുന്ന വീഡിയോ കാണാം
ഇരുവശങ്ങളിലൂടെയും കൈകള്‍ മുന്നിലേക്കിട്ട് ധോണിയെ ചേര്‍ത്തു പിടിച്ചാണ് ശ്രീ ബൈക്കില്‍ സഞ്ചരിക്കുന്നത്. ഇവരുടെ ബൈക്കിനു പിന്നില്‍ പിന്തുടര്‍ന്നെത്തിയ ആരോയാണ് ഇതു ഫോണില്‍ പകര്‍ത്തിയിരിക്കുന്നതെന്നു വ്യക്തം. ബൈക്ക് ഒരു സിഗ്നനില്‍ നിര്‍ത്തിയപ്പോഴാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്ക് ഓടിക്കുന്നത് ധോണിയും പിറകിലുള്ളത് ശ്രീയുമാണെന്നു നമുക്കു മനസ്സിസാവുകയുള്ളൂ. ഈ വീഡിയോക്കു ഒരു മിനിറ്റില്‍ താഴെ മാത്രമേ ദൈര്‍ഘ്യമുള്ളൂവെങ്കിലും ഒരു സമയത്തു ധോണിയും ശ്രീശാന്തും തമ്മില്‍ എത്ര മാത്രം അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നു ഇതു കാണിച്ചു തരുന്നു.
എംഎസ് ധോണി ക്യാപ്റ്റനായിരുന്ന സമയത്തു മൂന്നു ഫോര്‍മാറ്റുകളിലും ദീര്‍ഘകാലം ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ ശ്രീശാന്തിനു അവസരം കിട്ടിയിരുന്നു. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ഐസിസി ടി20 ലോകകപ്പില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോല്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം.

ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലടക്കം പന്തുമായി ശ്രീ കസറുകയും ചെയ്തു. ചിരവൈരികളായ പാകിസ്താനുമായുള്ള ഫൈനലില്‍ ഇന്ത്യ അഞ്ചു റണ്‍സിന്‍റെ ത്രില്ലിങ് വിജയം നേടിയപ്പോള്‍ ടീമിന്റെ വിജയമുറപ്പിച്ച മിസ്ബാഹുല്‍ ഹഖിന്‍റെ അവസാന ക്യാച്ചെടുത്തതും ശ്രീയായിരുന്നു.
അതേസമയം, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ഒത്തുകളി വിവാദത്തിലകപ്പെട്ട് ശ്രീശാന്തിന്റെ കരിയര്‍ തകരുകയായിരുന്നു. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറാവാതിരുന്നതു കാരണം കരിയറിന്റെ നല്ലൊരു ഭാഗം അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ ബിസിസിഐയുടെ വിലക്കിനെ തോല്‍പ്പിച്ച് ശ്രീ മടങ്ങിവന്നെങ്കിലും കരിയര്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയുമായിരുന്നു. സമാപിച്ച ഐപിഎല്ലില്‍ കമന്റേറ്ററുടെ റോളില്‍ ശ്രീ തിളങ്ങിയിരുന്നു.