ക്രിക്കറ്റില്‍ അധികം ഹേറ്റേഴ്‌സില്ലാത്ത ചുരുക്കം താരങ്ങളിലൊരാളാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. കളിക്കളത്തിനകത്തു മാത്രമല്ല പുറത്തും എല്ലായ്‌പ്പോഴും വളരെ കൂളായ, മിതഭാഷിയായ വ്യക്തി കൂടിയാണ് അദ്ദേഹം. ധോണി ആരോടെങ്കിലും ക്ഷുഭിതനായി സംസാരിക്കുന്നത് നമുക്കു അധികം കാണാന്‍ കഴിയില്ല.
മാത്രമല്ല തന്നെ കാണാനും ഒപ്പം ഫോട്ടോയെടുക്കാനുമെല്ലാം ശ്രമിക്കാറുള്ള ആരാധകരോടു എല്ലായ്‌പ്പോഴും സൗമ്യമായി പെരുമാറുകയും അവര്‍ക്കു ഇതിനുള്ള അവസരം നല്‍കുകയും ചെയ്യുന്നയാള്‍ കൂടിയാണ് ധോണി. ധോണിയുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവത്തെക്കുറിച്ച് കേരളത്തിലെ പ്രശസ്ത പാചക വിദഗ്ധനായ സുരേഷ് പിള്ള ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പം ധോണി കേരളത്തില്‍ വരികയും അന്നു അദ്ദേഹത്തിനു ഭക്ഷണം നല്‍കാന്‍ അവസരം ലഭിക്കുകയും ചെയ്ത സംഭവമായിരുന്നു ട്വിറ്ററിലൂടെ സുരേഷ് പിള്ള പങ്കുവച്ചത്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന മല്‍സരത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്തു വന്നിരുന്നു. അന്നു ടീമിലെ നോണ്‍ വെജിറ്റേറിയന്‍മാരായ കളിക്കാര്‍ക്കു പ്രത്യേക കടല്‍ ഭക്ഷണ വിഭവമായിരുന്നു സുരേഷ് പിള്ള തയ്യാറാക്കിയത്.
ഇന്ത്യന്‍ താരങ്ങള്‍ക്കു താന്‍ തയ്യാറാക്കിയ ഈ വിഭവത്തിന്റെ രുചി ഇഷ്ടപ്പെടുമോയെന്നറിയാന്‍ വലിയ ആവേശത്തിലുമായിരുന്നു അദ്ദേഹം. എന്നാല്‍ ധോണി തന്നെ മുറിയിലേക്കു നേരിട്ടു വിളിപ്പിച്ചിരുക്കുന്നതയി കേട്ടതോടെ ഈ ആവേശം പരിഭ്രാന്തിയിലേക്കു മാറുകയും ചെയ്തതായി സുരേഷ് പിള്ള പറയുന്നു.
ഇന്ത്യന്‍ ടീമിലെ നോണ്‍ വെജ് താരങ്ങളില്‍ ധോണിയൊഴികെ മറ്റുള്ളവര്‍ ഇതു കഴിക്കുകയും അവര്‍ക്കു രുചി ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുരേഷ് പിള്ളയെ ധോണി മുറിയിലേക്കു വിളിപ്പിക്കുന്നത്.
ഒരു നിമിഷത്തേക്കു ഞാന്‍ ആകെ മരവിച്ചു പോയി. ഞാന്‍ ആരാധിക്കുന്ന, ടിവി സ്‌ക്രീനിലെല്ലാം ഒരുപാട് തവണ കണ്ടിട്ടുള്ള വ്യക്തി എന്നെ മുറിയിലേക്കു വിളിപ്പിച്ചിരിക്കുകയാണ്. ഇതു കേട്ടയുടനെ ലിഫ്റ്റിനു പോലും കാത്തുനില്‍ക്കാതെ ഞാന്‍ മൂന്നാം നിലയിലുള്ള ധോണിയുടെ മുറിയിലേക്കു ഓടിയെന്നും സുരേഷ് പിള്ള പറയുന്നു.
പക്ഷെ അദ്ദേഹം ഭയപ്പെട്ടതു പോലെയൊന്നും അവിടെ സംഭവിച്ചില്ല. ഒരു പുഞ്ചിരിയോടെയായിരുന്നു ധോണി സുരേഷ് പിള്ളയെ സ്വീകരിച്ചത്. ഡിന്നറിനായി എന്താണ് തയ്യാറാക്കിയതെന്നു ചോദിക്കുകയും ചെയ്തു. കടല്‍ ഭക്ഷണ വിഭവമാണ് തയ്യാറാക്കിയിട്ടുള്ളതെന്നും പ്രത്യേകം പാകം ചെയ്ത ഈ വിഭവം കളിക്കാര്‍ക്കു വിളമ്പിയതായും അല്‍പ്പം പരിഭ്രമത്തോടെയും ആവേശത്തോടെയും സുരേഷ് പിള്ള ധോണിയോടു പറയുകയായിരുന്നു.

എന്നാല്‍ അലര്‍ജി കാരണം കടല്‍ഭക്ഷണം താന്‍ കഴിക്കാറില്ലെന്നും ചിക്കന്‍ കറിയും ചോറും തയ്യാറാക്കി നല്‍കാമോയെന്നു ചോദിക്കുകയും ചെയ്തു. തൊണ്ടവേദനയുള്ളതിനാല്‍ എരിവുള്ള രസവും വേണെന്നു അദ്ദേഹം പറഞ്ഞതായി സുരേഷ് പിള്ള വെളിപ്പെടുത്തി.
ഏകദേശം 20 മിനിറ്റിനുള്ളില്‍ ഞാന്‍ ധോണിയാവശ്യപ്പെട്ട ഭക്ഷണം തയ്യാറാക്കി അദ്ദേഹത്തിന്റെ 302ാം മുറിയിലെത്തി. ചെട്ടിനാട് ചിക്കന്‍, ബസ്മതി റൈസ്, വറുത്ത പപ്പടം, കുരുമുളകും വെളുത്തുള്ളിയും ചേര്‍ത്ത രസം എന്നിവയായിരുന്നു ധോണിക്കു നല്‍കിയ വിഭവങ്ങളെന്നും സുരേഷ് പിള്ള കുറിക്കുന്നു.
ഭക്ഷണം മുഴുവന്‍ കഴിച്ച് തൃപ്തിയോടെയായിരുന്നു ധോണി ഉറങ്ങാന്‍ കിടന്നത്. അടുത്ത ദിവസം രാവിലെ വര്‍ക്കൗട്ടിനായി ജിമ്മിലേക്കു പോവുംമുമ്പ് ധോണി സുരേഷ് പിള്ളയെ വീണ്ടും കാണുകയും തനിക്കായി തയ്യാറാക്കിയ ഡിന്നറിനു നന്ദി അറിയിക്കുകയും ചെയ്യുകയായിരുന്നു. ധോണി തന്റെയടുത്ത് വന്നു ഭക്ഷണത്തിനു നന്ദി പറഞ്ഞപ്പോള്‍ അതു തന്റെ ഹൃദയത്തെ സ്പര്‍ശിച്ചതായും അതൊരിക്കലും മറക്കാന്‍ കഴിയില്ലെന്നും സുരേഷ് പിള്ള പറയുന്നു.