ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്തു ഏറെ പ്രതീക്ഷ നല്‍കി ഉയര്‍ന്നു വന്ന താരമാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ന്യൂബോള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനുള്ള കഴിവും അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുകയും ചെയ്തു. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു പോലും ഇര്‍ഫാന്‍ ആ സമയത്തു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
പക്ഷെ പരിക്കുകളും പിന്നീട് ഫോമില്ലായ്മയും വില്ലനായതോടെ ഇര്‍ഫാന്റെ കരിയര്‍ എങ്ങുമെത്താതെ അവസാനിക്കുകയുമായിരുന്നു. അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയില്‍ നിന്നും വേണ്ടത്ര പിന്തുണയോ, മതിയായ അവസരങ്ങളോ തനിക്കു ലഭിച്ചില്ലെന്നും ഇതാണ് കരിയര്‍ തകര്‍ത്തതെന്നും വിരമിച്ച ശേഷം ഇര്‍ഫാന്‍ ആരോപിക്കുകയും ചെയ്തിരുന്നു.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ധോണിയെക്കുറിച്ച് ഇര്‍ഫാന്റെ ഒരു പരാമര്‍ശം വലിയ വിവാദമായി മാറി. ഇപ്പോഴിതാ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. സ്‌പോര്‍ട്‌സ് തക്കിനു (Sports Tak) നല്‍കിയ അഭിമുഖത്തിലായിരുന്നു ഇര്‍ഫാന്‍ ആഞ്ഞടിച്ചത്.

ഇര്‍ഫാന്‍ പറഞ്ഞതെന്ത്?
ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിട്ടുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയാണ് എംഎസ് ധോണിക്കെതിരേ ഇര്‍ഫാന്‍ പഠാന്‍ ഗുരുതര ആരോപണമുന്നയിച്ചത്. ടീമിലെ സ്ഥാനത്തിനു വേണ്ടി ധോണിക്കു വേണ്ടി മുറിയില്‍ ഹൂക്ക (Hookah) സെറ്റാക്കി നല്‍കേണ്ട ശീലം തനിക്കു ഇല്ലെന്നായിരുന്നു ഇര്‍ഫാന്‍ ആഞ്ഞടിച്ചത്.
2008ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മോശം ബൗളിങ് കാരണമാണ് ഇര്‍ഫാനെ ഒഴിവാക്കിയതെന്നു ധോണി പറഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേക്കുറിച്ചു ധോണിയോടു താന്‍ നേരിട്ടു തന്നെ പിന്നീട് ചോദിച്ചുവെന്നായിരുന്നു അഭിമുഖത്തില്‍ ഇര്‍ഫാന്റെ വെളിപ്പെടുത്തല്‍.
2008ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തന്നെ ഞാന്‍ മഹി ഭായിയോടു (എംഎസ് ധോണി) ഇതേക്കുറിച്ചു സംസാരിച്ചിരുന്നു. ഇര്‍ഫാന്‍ നന്നായി ബൗള്‍ ചെയ്യുന്നില്ലെന്ന മഹി ഭായിയുടെ പ്രസ്താവനയെ കുറിച്ചായിരുന്നു ഞാന്‍ തിരക്കിയത്. പരമ്പരയിലുടനീളം നന്നായി ബൗള്‍ ചെയ്തുവെന്നു എനിക്കു തോന്നിയിരുന്നു. ചില സമയങ്ങളില്‍ മാധ്യമങ്ങള്‍ പ്രസ്താവനകളെ വളച്ചൊടിക്കുകയും ചെയ്യാറുണ്ട്. അതിനാലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഞാന്‍ മഹി ഭായിയോടു ഇതേക്കുറിച്ച് ചോദിച്ചത്.
ഇല്ല ഇര്‍ഫാന്‍, അങ്ങനെയൊന്നും തന്നെയില്ല. എല്ലാം നമ്മളുടെ പ്ലാനുകള്‍ അനുസരിച്ചാണ് പോവുന്നതെന്നും മഹി ഭായി പ്രതികരിച്ചു. നിങ്ങള്‍ക്കു ഈ തരത്തിലുള്ള മറുപടി ലഭിക്കുമ്പോള്‍ നിങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്നതു ചെയ്യാമെന്നു നിങ്ങള്‍ വിശ്വസിക്കും. മാത്രമല്ല, നിങ്ങള്‍ വീണ്ടും വീണ്ടും ഈ തരത്തിലുള്ള കാര്യങ്ങളില്‍ വിശദീകരണം തേടിയാല്‍ അതു നിങ്ങളുടെ ആത്മാഭിമാനത്തിനു തന്നെ മുറിവേല്‍പ്പിക്കുമെന്നായിരുന്നു അഭിമുഖത്തില്‍ ഇര്‍ഫാന്‍ വ്യക്തമാക്കിയത്.

കളിക്കളത്തിനു പുറത്തുള്ള ചില പ്രവര്‍ത്തികളിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഒരു താലമല്ല താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏതെങ്കിലുമൊരാളുടെ മുറിയില്‍ ഹൂക്ക വച്ചു കൊടുക്കുകയോ, അതേക്കുറിച്ച് സംസാരിക്കുകയോ ചെയ്യുന്ന ശീലം എനിക്കില്ല.
എല്ലാവര്‍ക്കും അറിയാം. ചില സമയങ്ങളില്‍ നിങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിക്കാതിരിക്കുന്നതായിരിക്കും നല്ലത്. മൈതാനത്തു പെര്‍ഫോം ചെയ്യുകയെന്നതാണ് ഒരു ക്രിക്കറ്ററുടെ ജോലി. ഞാന്‍ ശ്രദ്ധിച്ചതും അതില്‍ മാത്രമാണെന്നും ഇര്‍ഫാന്‍ അന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യക്കു വേണ്ടി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ടി2കളിലും കളിച്ചിട്ടുള്ള താരമാണ് ഇര്‍ഫാന്‍. മൂന്നു ഫോര്‍മാറ്റുകളിലുമായി 2821 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം 301 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.