ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20ക്കു പിന്നാലെ കണ്‍കഷന്‍ സബുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്തു നടന്നു കൊണ്ടിരിക്കുന്നത്. കളിയിക്കിടെ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ടതു കാരണം ശിവം ദുബെയുടെ പകരക്കാരനായി പേസര്‍ ഹര്‍ഷിത് റാണയെ ഇന്ത്യയെ കളിപ്പിച്ച തീരുമാനത്തെയാണ് ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്. പ്രത്യേകിച്ചും ഇംഗ്ലണ്ടിനും അവരുടെ ആരാധകര്‍ക്കുമാണ് ഏറ്റവും വലിയ അതൃപ്തി.
മല്‍സരശേഷം ഇന്ത്യയുടെ നീക്കത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതു ശരിയായ രീതിയലുള്ള ഒരു പകരക്കാരനല്ലെന്നും തങ്ങള്‍ ഇതു അംഗീകരിക്കുന്നില്ലെന്നുമായിരുന്നു ബട്‌ലര്‍ തുറന്നടിച്ചത്. എന്നാല്‍ മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് അംഗീകരിച്ചതു കാരണമാണ് ദുബെയ്ക്കു പകരക്കാരനായി ഹര്‍ഷിത്തിനെ കളിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചത്.
നേരത്തേയും ഇന്ത്യ ഈ തരത്തില്‍ ഓള്‍റൗണ്ടര്‍ക്കു പകരം ബൗളറെ കണ്‍കഷന്‍ സബായി കളിപ്പിച്ചിട്ടുണ്ട്. അന്നു ഇത്ര മാത്രം വിവാദങ്ങളുമുണ്ടായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ ടി20യിലായിരുന്നു ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ ഇറക്കിയത്. ചഹലിന്റെ മികവില്‍ ഇന്ത്യ കളിയും ജയിച്ചെങ്കിലും ഇതിനെ ചോദ്യം ചെയ്യാന്‍ അന്നത്തെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും തയ്യാറായിരുന്നില്ല. അന്നു സംഭവിച്ചത് എന്താണെന്നു നോക്കാം.

മല്‍സരം 2020ല്‍
2020ല്‍ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20യിലായിരുന്നു പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു പകരം കണ്‍കഷന്‍ സബായി ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ കളിപ്പിച്ചത്. ഇന്ത്യയുടെ ഇന്നിങ്‌സിനിടെയായിരുന്നു ജഡ്ഡുവിനു പരിക്കേറ്റത്. 23 ബോളില്‍ പുറത്താവാതെ 44 റണ്‍സുമായി ടീമിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചതും അദ്ദേഹമായിരുന്നു. ബാറ്റിങിനിടെ 20ാം ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബോള്‍ ജഡേജയുടെ ഹെല്‍മറ്റില്‍ കൊണ്ടിരുന്നു.
ഇതേ തുടര്‍ന്ന് ടീം ഡോക്ടറുടെ ഉപദേശപ്രകാരം ഫീല്‍ഡിങിന് അദ്ദേഹം ഇറങ്ങിയതുമില്ല. കണ്‍കഷന്‍ സബായി ചഹലിനെ ഇറക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ അപേക്ഷ മാച്ച് റഫറി അംഗീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ ഈ നീക്കം കളിയിലെ മാസ്റ്റര്‍ സ്‌ട്രോക്കായും മാറിയിരുന്നു.
162 റണ്‍സ് ചേസ് ചെയ്യവെ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സില്‍ നില്‍ക്കയാണ് ചഹല്‍ ബൗള്‍ ചെയ്യാനെത്തിയത്. തന്റെ ആദ്യ രണ്ടോവറില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവരെ അദ്ദേഹം മടക്കുകയും ചെയ്തു. പിന്നീട് മാത്യു വെയ്ഡിന്റെ വിക്കറ്റും ചഹല്‍ സ്വന്തമാക്കി.
IND vs ENG: പരമ്പര നേടി, അഞ്ചാം ടി20യില്‍ ഇന്ത്യക്ക് മൂന്ന് മാറ്റങ്ങള്‍; സാധ്യതാ 11 ഇതാ
നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ പിഴുത ചഹലിന്റെ മികവില്‍ ഇന്ത്യ കളിയും ജയിച്ചിരുന്നു. ഇതോടെ കണ്‍കഷന്‍ സബായി ഇറങ്ങി പ്ലെയര്‍ ഓഫ് ദി മാച്ചായ ലോക ക്രിക്കറ്റിലെ ആദ്യതാരമെന്ന വമ്പന്‍ റെക്കോര്‍ഡും ചഹല്‍ സ്വന്തമാക്കി.
ഫിഞ്ച് പറഞ്ഞതെന്ത്?
ഇന്ത്യന്‍ ടീം അന്നു രവീന്ദ്ര ജഡേജയ്ക്കു പകരം കണ്‍കഷന്‍ സബായി യുസ്വേന്ദ്ര ചഹലിനെ കളിപ്പിച്ചതില്‍ ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങര്‍ക്കു അതൃപ്തിയുണ്ടായിരുന്നു. ഓസീസിന്റെ റണ്‍ചേസിനു മുമ്പ് മാച്ച് റഫറി ഡേവിഡ് ബൂണുമായി ഗ്രൗണ്ടില്‍ വച്ച് അദ്ദേഹം ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് വളരെ മാന്യമായാണ് ഇതിനോടു പ്രതികരിച്ചത്. ഇന്ത്യയുടെ നീക്കത്തെ ഒരിക്കല്‍പ്പോലും ചോദ്യം ചെയ്യാനോ, വിമര്‍ശിക്കാനോ അദ്ദേഹം തയ്യാറായതുമില്ല.
ടീം ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാച്ച് റഫറി അംഗീകരിച്ചതു കൊണ്ടാണ് ഇന്ത്യക്കു കണ്‍കഷന്‍ സബിനെ അനുവദിച്ചതെന്നും വിദഗ്ധരുടെ ഉപദേശം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും ഇക്കാര്യം ഇവിടെ അവസാനിച്ചുവെന്നുമായിരുന്നു മല്‍സരശേഷം ഇതേക്കുറിച്ചുള്ള ചോദ്യത്തോടു ഫിഞ്ചിന്റെ പ്രതികരണം.