ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിനെപ്പോലെ ആരാധകരെ സ്വാധീനിച്ച മറ്റൊരു ക്രിക്കറ്റ് താരവും ഇല്ലെന്ന് തന്നെ പറയാം. സച്ചിന്‍ പുറത്തായാല്‍ ടിവി ഓഫാക്കി പോകുന്ന തരത്തിലേക്ക് ആരാധകരെ സ്വാധീനിച്ച പ്രതിഭയായിരുന്നു സച്ചിന്‍. നടന്നുപോയ വഴികളിലെല്ലാം ചരിത്രം രചിക്കാന്‍ സച്ചിന് സാധിച്ചു. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും വലിയ ആരാധക വലയം തീര്‍ക്കാന്‍ സച്ചിന് സാധിച്ചു. ഇന്ത്യക്കൊപ്പം ഏകദിന ലോകകപ്പ് കിരീടം നേടി വിരമിക്കാനും സച്ചിന് ഭാഗ്യം ലഭിച്ചു.
സാങ്കേതികമായി വലിയ മികവുണ്ടായിരുന്ന സച്ചിനെ ഒരിക്കല്‍ ഫോം ഔട്ട് വളരെയധികം വേട്ടയാടിയിരുന്നു. നിരവധി തവണ എഡ്ജായി സച്ചിന്‍ പുറത്താകുന്ന സാഹചര്യമുണ്ടായി. അന്ന് കഠിനമായി പരിശീലനം നടത്തിയിട്ടും സച്ചിന് തിരിച്ചുവരാന്‍ സാധിക്കാതെ അദ്ദേഹം പ്രയാസപ്പെട്ടു. അന്ന് സച്ചിനെ പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിച്ചതും പിഴവ് ചൂണ്ടിക്കാട്ടി കൊടുത്തതും ഒരു ഹോട്ടല്‍ ജീവനക്കാരനാണ്. ഈ സംഭവം സച്ചിന്‍ തന്നെ ഒരിക്കല്‍ ആരാധകരോട് വെളിപ്പെടുത്തിയിരുന്നു.
സച്ചിന്റെ ആം ഗാര്‍ഡിലെ പ്രശ്‌നമാണ് അന്ന് ഹോട്ടല്‍ വെയ്റ്റര്‍ ചൂണ്ടിക്കാട്ടിയത്. കൈയില്‍ ധരിക്കുന്ന ആം ഗാര്‍ഡിന്റെ നീളക്കൂടുതലാണ് സച്ചിന് ബാറ്റ് സ്വിങ് ചെയ്ത് കളിക്കാന്‍ തടസമാകുന്നതെന്നാണ് അന്ന് ഹോട്ടല്‍ വെയ്റ്റര്‍ ചൂണ്ടിക്കാട്ടിയത്. 'നിങ്ങള്‍ക്ക് വിശാലമായ മനസുണ്ടെങ്കില്‍ നിരവധി കാര്യങ്ങള്‍ വിപുലീകരിക്കാന്‍ സാധിക്കും. ചെന്നൈയില്‍ ഒരു ഹോട്ടലിലെ വെയ്റ്റര്‍ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു താങ്കള്‍ ഒന്നും വിചാരിക്കില്ലെങ്കില്‍ ഒരു കാര്യം പറയാനുണ്ട് എന്ന്.
ഞാന്‍ പറഞ്ഞു താങ്കള്‍ പറയൂ. അദ്ദേഹം പറഞ്ഞു കൈമുട്ടിന് ഉപയോഗിക്കുന്ന എല്‍ബോ ഗാര്‍ഡാണ് ബാറ്റിനെ എളുപ്പത്തില്‍ സ്വിങ് ചെയ്യിക്കാന്‍ സാധിക്കാത്തതിന് കാരണമെന്ന്. അദ്ദേഹം പറഞ്ഞത് 100% കൃത്യമായിരുന്നു. എനിക്കും അത് അല്‍പ്പം ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. എന്നാല്‍ അത് മാറ്റണമെന്ന് എനിക്ക് ഒരു തവണ പോലും തോന്നിയിട്ടില്ല. നിരവധി തവണ എല്‍ബോ ഗാര്‍ഡില്‍ പന്തടിച്ചപ്പോള്‍ അതെന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.

ഇതിന് ശേഷമാണ് മുട്ടില്‍ ഉപയോഗിക്കുന്ന എല്‍ബോ ഗാര്‍ഡില്‍ മാറ്റം വരുത്താന്‍ ഞാന്‍ തീരുമാനിക്കുന്നത്. തുടക്കത്തിലേ എന്റെ എല്‍ബോ ഗാര്‍ഡില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഫൈബറും മൃദുവായ കുഷ്യനും ഇതില്‍ ഉപയോഗിച്ചു. ഇത് വലിയ മാറ്റമുണ്ടാക്കി. നമ്മുടെ നാട്ടില്‍ ഉപദേശിക്കാന്‍ എല്ലാവരും കാണും. എന്നാല്‍ ഐഡിയ പറഞ്ഞു തരാന്‍ വളരെ ചുരുക്കം ആളുകളേ ഉണ്ടാവു' സച്ചിന്‍ അന്ന് പറഞ്ഞു. സച്ചിന് ഇത്തരത്തില്‍ ആരാധകരോട് തുറന്ന് സംസാരിക്കാന്‍ പലപ്പോഴും തയ്യാറായിട്ടുണ്ട്.
ഇത് സച്ചിന്റെ കരിയറിലും വളരെയധികം സഹായം ചെയ്തിട്ടുണ്ട്. ശാന്തതയോടെ കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള മനസ് സച്ചിനുണ്ടായിരുന്നു. സൂപ്പര്‍ താരമെന്ന തലക്കനമില്ലാതിരുന്നത് സച്ചിനെ ഇതിഹാസം എന്നതിലുപരിയായി ആരാധക മനസില്‍ പ്രത്യേക സ്ഥാനം നേടിക്കൊടുത്തു. ഇന്നും ലോക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പ്രതിഭാസമായി സച്ചിനെ മാറ്റിയത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ സവിശേഷതകൊണ്ട് കൂടിയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ ഇന്നും സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ കിടക്കുന്നു. സ്വാഭാവികമായുള്ള ക്രിക്കറ്റ് പ്രതിഭയുള്ള താരമായിരുന്നു സച്ചിന്‍. അദ്ദേഹത്തിന്റെ ഓരോ ഷോട്ടിലുമുണ്ടായിരുന്ന മനോഹാരിത മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്. സച്ചിനെ ക്രിക്കറ്റ് ദൈവമെന്ന് വിളിച്ച് ആരാധിക്കുന്ന വലിയൊരു കൂട്ടമുണ്ട്. അത്രത്തോളം സ്വാധീനം സൃഷ്ടിച്ച അതുല്യ പ്രതിഭയാണ് സച്ചിന്‍.
ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച ശേഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തോടൊപ്പം സച്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പരിശീലകനെന്ന നിലയില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ സച്ചിന്‍ തയ്യാറായിട്ടില്ല. എന്തായാലും കാലമെത്ര കഴിഞ്ഞാലും ആരാധക മനസില്‍ രാജകീയ സിംഹാസനം സച്ചിനായി ഒഴിഞ്ഞുകിടക്കും.