
അഞ്ചാമത്തെയും അവസാനത്തെയും ദിനം 358 റണ്‍സ് കൂടിയായിരുന്നു ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ട് തോല്‍വിയുടെ വക്കില്‍ വരെയെത്തി. അവസാന ദിനം രണ്ടോവറാണ് അവസാനത്തെ വിക്കറ്റ് കൈവിടാതെ ഇംഗ്ലണ്ടിനു പിടിച്ചുനില്‍ക്കേണ്ടിയിരുന്നത്. ഓസീസ് നായകന്‍ സ്പിന്നര്‍മാരെ വച്ച് അവസാന വിക്കറ്റ് വീഴ്ത്താന്‍ എല്ലാ അടവും പയറ്റി. നതാന്‍ ലിയോണും സ്റ്റീവ് സ്മിത്തുമായിരുന്നു ബൗളര്‍മാര്‍. പക്ഷെ വെറ്ററന്‍ പേസ് ജോടികളായ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും വിട്ടുകൊടുത്തില്ല. തട്ടിയും മുട്ടിയും അവര്‍ ടീമിനു സമനില നേടിക്കൊടുക്കുകയായിരുന്നു. ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ കമ്മിന്‍സ് ചുറ്റും ഫീല്‍ഡര്‍മാരെ അണിനിരത്തിയെങ്കിലും ഫലമുണ്ടായില്ല.

വിക്കറ്റ് കീപ്പറടക്കം ഒമ്പതു പേര്‍ വരെ ക്യാച്ചിനായി കാത്തുനിന്നെങ്കിലും ആന്‍ഡേഴ്‌സന്‍- ബ്രോഡ് ജോടി കുലുങ്ങിയില്ല. ഈ ഫീല്‍ഡ് ക്രമീകരണത്തിന്റെ ഫോട്ടോയെയാണ് കെകെആര്‍ ക്യാപ്റ്റന്‍ ഗംഭീര്‍ നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ എംഎസ് ധോണിയെ വീഴ്ത്താന്‍ ഒരുക്കിയ കെണിയോടു താരതമ്യം ചെയ്തത്. ട്വിറ്ററിലൂടെയായിരുന്നു ഇത്

ടെസ്റ്റില്‍ ഇത്തരം ഫീല്‍ഡ് ക്രമീകരണങ്ങള്‍ പുതിയ കാര്യമല്ല. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയും ഇതേ തന്ത്രം പരീക്ഷിച്ചിരുന്നു. അന്നു ന്യൂസിലാന്‍ഡിന്റെ അവസാന വിക്കറ്റെടുക്കാന്‍ 10 ഓവര്‍ ഇന്ത്യ കിണഞ്ഞു ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. രചിന്‍ രവീന്ദ്ര- അജാസ് പട്ടേല്‍ ജോടിയായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഇവരെ വേര്‍പിരിക്കാന്‍ സമാനമായ ഫീല്‍ഡിങ് ക്രമീകരണം രഹാനെ ഒരുക്കിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഇന്ത്യക്കു സമനില സമ്മതിക്കേണ്ടി വരികയും ചെയ്തിരുന്നു.

ടി20യിലെ മാസ്റ്റര്‍ സ്‌ട്രോക്കിനെയായിരിക്കും ടെസ്റ്റ് ക്രിക്കറ്റിലെ ക്ലാസിക് നീക്കത്തിലെ ആ മുഹൂര്‍ത്തം നിങ്ങളെ ഓര്‍മിപ്പിക്കുകയെന്നായിരുന്നു കെകെആര്‍ ആഷസിലെയും ഐപിഎല്ലിലെയും ചിത്രങ്ങള്‍ ഒരുമിച്ച് നല്‍കി ഫേസ്ബുക്കില്‍ കുറിച്ചത്. 2016ലെ ഐപിഎല്ലിനിടെയായിരുന്നു ധോണിയെ പുറത്താക്കാന്‍ ഗംഭീറിന്റെ ഈ മാസ്റ്റര്‍ പ്ലാന്‍ ലോകം കണ്ടത്. കെകെആറും ഇപ്പോള്‍ ഐപിഎല്ലില്‍ ഇല്ലാത്ത റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും തമ്മിലായിരുന്നു മല്‍സരം. കളിയില്‍ സൂപ്പര്‍ ജയന്റിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ധോണി. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ അന്നു സൂപ്പര്‍ ജയന്റ്‌സിനു ബാറ്റിങില്‍ പിടിച്ചുനില്‍ക്കാനായില്ല. നായകന്‍ ധോണിക്കും കാര്യമായ സംഭാവന നല്‍കാതെ പുറത്താവേണ്ടി വന്നു. 22 ഓവറില്‍ എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.

ധോണി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന ഫീല്‍ഡായിരുന്നു കെകെആര്‍ നായകന്‍ ഗംഭീര്‍ സെറ്റ് ചെയ്തത്. രണ്ടു പേര്‍ സ്ലിപ്പിലും ഒരാള്‍ ഷോര്‍ട്ട് ലെഗിലും ഒരാള്‍ സില്ലി പോയിന്റിലും ഫീല്‍ഡ് ചെയ്തിരുന്നു. ഇതോടെ ധോണിക്കു ആഗ്രഹിച്ചതു പോലെ റണ്ണെടുക്കാനുമായില്ല. കെകെആര്‍ സ്പിന്നര്‍മാരായ പിയൂഷ് ചൗളയും സുനില്‍ നരെയ്‌നും ഗംഭീറിന്റെ ഫീല്‍ഡിങ് ക്രമീകരണത്തിന് അനുസരിച്ച് തന്നെ ബൗള്‍ ചെയ്യുകയും ചെയ്തു. ഇതോടെയാണ് ധോണി കുരുക്കിലായത്. കളിയില്‍ കെകെആര്‍ എട്ടു വിക്കറ്റിനു സൂപ്പര്‍ ജയന്റിനെ തകര്‍ത്തുവിടുകയും ചെയ്തു. മല്‍സരശേഷം ഗംഭീറിന്റെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











