മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായികയും ഇതിഹാസ താരവുമാണ് മിതാലി രാജ്. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ആരെയും മോഹിപ്പിക്കുന്ന റെക്കോഡുകള്‍ സ്വന്തമാക്കിയാണ് മിതാലി പടിയിറങ്ങിയത്. 12 ടെസ്റ്റില്‍ നിന്ന് 699 റണ്‍സും 232 ഏകദിനത്തില്‍ നിന്ന് 7805 റണ്‍സും 89 ടി20യില്‍ നിന്ന് 2364 റണ്‍സുമാണ് മിതാലി നേടിയത്.
ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴ് ഫിഫ്റ്റി നേടിയ ആദ്യ വനിതാ താരവും കൂടുതല്‍ ഏകദിന അര്‍ധ സെഞ്ച്വറിയും നേടിയ താരമാണ് മിതാലി. ഇത്തരത്തില്‍ അഭിമാനിക്കാവുന്ന പല കാര്യങ്ങളും മിതാലിക്ക് അവകാശപ്പെടാം. എന്നാല്‍ പ്രായം 40 പിന്നിട്ടിട്ടും മിതാലി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കാണാന്‍ ഭംഗിയുണ്ടായിട്ടും നിരവധി ആരാധക പിന്തുണയുണ്ടായിട്ടും മിതാലി വിവാഹം കഴിക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യം ആരാധകര്‍ പല തവണ ചോദിച്ചതാണ്.

എന്നാല്‍ ആദ്യമെല്ലാം ഒഴിഞ്ഞുമാറിയ മിതാലി തന്റെ കരിയറിന്റെ അവസാന സമയത്ത് വിവാഹം കഴിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 'വളരെ ചെറുപ്പത്തില്‍ വിവാഹത്തെക്കുറിച്ച് വലിയ സങ്കല്‍പ്പങ്ങളുണ്ടായിരുന്നു. എന്നാല്‍ വിവാഹം കഴിച്ചവരെ കണ്ടതോടെ ഈ സങ്കല്‍പ്പങ്ങള്‍ മാറി. സിംഗിള്‍ ആയി ഇരിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു'- മിതാലി രാജ് പറഞ്ഞു. എന്നാല്‍ തനിക്ക് ചില പ്രണയ ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും മിതാലി വെളിപ്പെടുത്തി.
എന്നാല്‍ ഇതൊന്നും നീണ്ടുനിന്നില്ലെന്നും ക്രിക്കറ്റിനെക്കുറിച്ച് കാര്യമായി ചിന്ത തുടങ്ങിയതോടെ ഇതെല്ലാം വിട്ടുവെന്നുമാണ് മിതാലി പറയുന്നത്. പൊതുവേ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ കാണുമ്പോള്‍ ഒരു ആകര്‍ഷണം തോന്നും. ഇതുപോലെ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും തോന്നും. പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍ തനിക്ക് അത്തരമൊരു ആകര്‍ഷണം തോന്നാറില്ലെന്നാണ് മിതാലി പറയുന്നത്.
തന്റെ തീരുമാനങ്ങള്‍ക്ക് കുടുംബം പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കൊന്നും വലിയ വില നല്‍കുന്നില്ലെന്നും മിതാലി പറഞ്ഞു. തനിക്ക് അമ്മയെക്കാളും ഇഷ്ടം അച്ഛനോടാണെന്ന് പല തവണ മിതാലി പറഞ്ഞിട്ടുണ്ട്. അച്ഛനോടൊപ്പമുള്ള ചിത്രങ്ങളടക്കം മിതാലി പങ്കുവെച്ചിട്ടുണ്ട്. തന്റെ അച്ഛന്‍ ഹീറോയാണെന്നടക്കം താരം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. എംഎസ് ധോണിയെപ്പോലെ വളരെ ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നയാളാണ് മിതാലി രാജ്.
ബാറ്റുചെയ്യാനിറങ്ങുന്നതിന് മുമ്പ് മിതാലി രാജ് ബുക്ക് വായിക്കുന്നതടക്കമുള്ള ചിത്രം വൈറലായിരുന്നു. വനിതാ ക്രിക്കറ്റ് താരങ്ങളിലെ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തമായ ശൈലിക്കുടമയായിരുന്നു മിതാലി. നിലപാടുകള്‍ പറയാന്‍ മടിയില്ലാത്തതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീമിനുള്ളിലെ വില്ലന്‍ പരിവേഷവും താരത്തിന് ലഭിച്ചു. എന്നാല്‍ ഇതിലൊന്നും തളരാതെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ കൂടുതല്‍ മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റനെന്ന പേരെടുക്കാന്‍ മിതാലിക്കായി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനലിലടക്കം കളിപ്പിക്കാന്‍ മിതാലിക്ക് സാധിച്ചു. വിവാഹത്തോട് താല്‍പര്യമില്ലെങ്കിലും തന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാന്‍ മടി കാട്ടാറില്ല. ഇന്‍സ്റ്റഗ്രാമിലെ മിതാലിയുടെ ചിത്രങ്ങളെല്ലാം വൈറലാണ്. ഒരു തവണ മിതാലി പങ്കുവെച്ച ചിത്രങ്ങള്‍ക്കെതിരേ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അന്ന് സദാചാരം പഠിപ്പിക്കാന്‍ വന്നവരുടെയെല്ലാം വായടപ്പിച്ചും മിതാലി കൈയടി നേടി. ഇനിയൊരു വിവാഹം മിതാലിക്കുണ്ടാവുമോ അതോ സിംഗിള്‍ ലൈഫായി ഇനിയും മുന്നോട്ട് പോകുമോയെന്ന് കണ്ടറിയാം.