Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു അന്നു പറഞ്ഞത് മാറ്റണം! അല്ലാതെ കരിയര്‍ രക്ഷപ്പെടില്ല, നവംബറില്‍ ടീമില്‍ കാണാം?

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ആണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും അദ്ദേഹത്തെ നിരന്തരം തഴഞ്ഞു കൊണ്ടിരിക്കുകയാണെന്നും തുടര്‍ച്ചയായി ടീമില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. സമീപകാലത്തു മൂന്നു വലിയ ടൂര്‍ണമെന്റുകളും ഒരു പരമ്പരയുമാണ് സഞ്ജുവിനു നഷ്ടമായത്.

ലോകകപ്പില്‍ സ്ഥാനം ലഭിക്കുമെന്നു മോഹിപ്പിച്ചായിരുന്നു അദ്ദേഹം ഏഷ്യന്‍ ഗെയിംസില്‍ നിന്നും തഴയപ്പെട്ടത്. ഒടുവില്‍ ഏഷ്യന്‍ ഗെയിംസിലും ലോകകപ്പിലും ഇടം കിട്ടാതെ സഞ്ജു 'പെരുവഴിയിലാവുകയും' ചെയ്തു. ഓസ്‌ട്രേലിയയുമായുളള ഏകദിന പരമ്പരയില്‍ സഞ്ജുവിനു ആശ്വാസ വിളിയെത്തുമെന്നു കരുതിയെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.

SANJU SAMSON

റുതുരാജ് ഗെയ്ക്വാദും തിലക് വര്‍മയുമെല്ലാം ടീമിലേക്കു വന്നിട്ടും സഞ്ജുവിനെ മാത്രം സെലക്ഷന്‍ കമ്മിറ്റി കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഇനിയെന്താണ് ദേശീയ ടീമിലേക്കു തിരികെയെത്താന്‍ അദ്ദേഹം ചെയ്യേണ്ടത്? അടുത്ത കാലത്ത് സഞ്ജുവിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി കാണാന്‍ സാധിക്കുമോ? നമുക്കു വിശദമായി പരിശോധിക്കാം.

ബാറ്റിങിനെക്കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റം വരുത്തുകയാണ് സഞ്ജു ആദ്യമായി ചെയ്യേണ്ടത്. നേരത്തേ ഒരു അഭിമുഖത്തില്‍ അദ്ദേഹം ബാറ്റിങിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാന്‍ ഒരുപാട് റണ്‍സ് നേടാനൊന്നുമില്ല ശ്രമിക്കാറുള്ളത്, സ്വന്തം ടീമിനു ഗുണം ചെയ്യുന്ന വളരെ കുറച്ച് റണ്‍സ് നേടുന്നതിനാണ് ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്നായിരുന്നു. ഈയൊരു സമീപനം തന്നെയാണ് സഞ്ജു ഇപ്പോള്‍ ദേശീയ ടീമിനു അകത്തും പുറത്തുമായി തുടരാനുള്ള പ്രധാന കാരണം.

ടീമിനെ ജയിപ്പിക്കുന്ന കുറച്ച് റണ്‍സ് നേടുന്നവരെയെല്ല, മറിച്ച് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ളവര്‍ക്കാണ് ഇന്ത്യ എല്ലായ്‌പ്പോഴും പ്രഥമ പരിഗണന നല്‍കാറുള്ളത്. വലിയ ഇന്നിങ്‌സുകള്‍ക്കൊപ്പം ബാറ്റിങില്‍ സ്ഥിരത പുലര്‍ത്തേണ്ടതും പ്രധാനമാണ്. പക്ഷെ ഇതു രണ്ടും നിലവില്‍ സഞ്ജുവിനു എടുത്തു കാണിക്കാനില്ല.

അതുകൊണ്ടുതന്നെ ഇനിയുള്ള മല്‍സരങ്ങളിലെങ്കിലും കൂടുതല്‍ നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനും 30-40 റണ്‍സ് നേടി വിക്കറ്റ് വലിച്ചെറിയുന്നതിനു പകരം ഇവ ഫിഫ്റ്റികളും സെഞ്ച്വറികളുമാക്കി മാറ്റാനുമാണ് സഞ്ജു ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ഭേദപ്പെട്ട തുടക്കമാണ് ബാറ്റിങില്‍ അദ്ദേഹത്തിനു ലഭിക്കാറുള്ളത്. പക്ഷെ നാലോ, അഞ്ചോ ബോളുകള്‍ മിസ്സായാല്‍ ഉടന്‍ അടുത്ത ബോളില്‍ സിക്‌സറടിക്കാനാണ് സഞ്ജു പതിവായി ശ്രമിക്കാറുള്ളത്.

ഈ ശൈലി മാറ്റിയ ശേഷം കുറച്ചു ബോളുകളില്‍ റണ്ണില്ലെങ്കിലും സമ്മര്‍ദ്ദത്തിലേക്കു വീണ് വലിയ ഷോട്ടിനു മുതിരാതെ പരമാവധി സിംഗിളുകളും ഡബിളുകളുമെടുത്ത് ഇന്നിങ്‌സ് പടുത്തുയര്‍ത്താനും അതു വലിയ സ്‌കോറാക്കി മാറ്റാനുമാണ് സഞ്ജു ശ്രമിക്കേണ്ടത്. ഏകദിനത്തില്‍ 55നു മുകളില്‍ ബാറ്റിങ് ശരാശരി സഞ്ജുവിനുണ്ടെങ്കിലും ടി20യില്‍ കണക്കുകള്‍ ദയനീയമാണ്.

24 ടി20 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചുകഴിഞ്ഞ അദ്ദേഹം 19.68 എന്ന വളരെ മോശം ശരാശരിയില്‍ നേടിയിട്ടുള്ളത് 374 റണ്‍സ് മാത്രമാണ്. ചുരുങ്ങിയത് 15 ഇന്നിങ്‌സുകളെങ്കിലും കളിച്ച ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ മൂന്നാമത്തെ ഏറ്റവും മോശം ശരാശരിയാണ് സഞ്ജുവിന്റേത്. ഭുവനേശ്വര്‍ കുമാറും യൂസുഫ് പഠാനും മാത്രമേ അദ്ദേഹത്തിനു താഴെയുള്ളൂ.

ടി20യില്‍ 21 ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ അദ്ദേഹത്തിനു 30 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു നടത്തിയിട്ടുള്ളതെങ്കിലും ഒരിക്കല്‍ മാത്രമാണ് 60ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു ഇപ്പോഴും സ്ഥാനമുറപ്പിക്കാന്‍ സാധിക്കാതെ പോയതില്‍ അദ്ഭുതപ്പെടാനില്ല.

SANJU SAMSON

പരിക്കേറ്റ് പുറത്തുള്ള ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മടങ്ങിയെത്തിയാല്‍ സഞ്ജുവിനു കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി മാറും. കാരണം ഇഷാന്‍ കിഷനും കെഎല്‍ രാഹുലുമെല്ലാം ബാക്കപ്പുകളായി സഞ്ജുവിനു മുന്നിലാണ്. ജിതേഷ് ശര്‍മയെപ്പോലെയുള്ളവര്‍ അവസരം കാത്തു പുറത്തു നില്‍ക്കുകയും ചെയ്യുന്നു.

അതുകൊണ്ടു തന്നെ സഞ്ജു ഇനി കരിയറിനെ കൂടുതല്‍ ഗൗരവമായി എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവും. ടീമിനു വേണ്ടി തുടര്‍ച്ചയായി അവസരങ്ങള്‍ അദ്ദേഹം ഇനിയും പ്രതീക്ഷിക്കേണ്ടതില്ല. വലപ്പോഴും ലഭിക്കുന്ന രണ്ടോ, മൂന്നോ അവസരങ്ങള്‍ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താനായിരിക്കണം സഞ്ജു ശ്രമിക്കേണ്ടത്. ദേശീയ ടീമില്‍ ഇനി അദ്ദേഹത്തെ കാണാന്‍ സാധിച്ചേക്കുക നവംബറിലായിരിക്കും.

ലോകകപ്പിനു പിന്നാലെ നവംബര്‍ 23 മുതല്‍ ഓസ്‌ട്രേലിയയുമായി അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. ലോകകപ്പ് സംഘത്തിലെ ഭൂരിഭാഗം പേര്‍ക്കും വിശ്രമം നല്‍കി പുതിയൊരു ടീമിനെയാവും ഈ പരമ്പരയില്‍ ഇന്ത്യ തിരഞ്ഞെടുത്തേക്കുക. അതുകൊണ്ടു തന്നെ സഞ്ജുവിനു ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയും കൂടുതലാണ്. ഒരുപക്ഷെ ദേശീയ ടീമില്‍ തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന അവസാന അവസരം കൂടിയായിരിക്കും ഇത്.

Story first published: Sunday, September 24, 2023, 13:16 [IST]
Other articles published on Sep 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+