ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതിയ കരാര്‍ ബിസിസി ഐ പുറത്തുവിട്ടിരിക്കുകയാണ്. മൂന്ന് പ്രധാന മാറ്റങ്ങളാണ് കരാറില്‍ വരുത്തിയിരിക്കുന്നത്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ചേതേശ്വര്‍ പുജാര എന്നിവര്‍ കരാറില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഇതില്‍ പുജാര ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതിനാല്‍ കരാറില്‍ നിന്ന് പുറത്തായതില്‍ വലിയ അത്ഭുതമില്ല. എന്നാല്‍ ശ്രേയസ് അയ്യരുടേയും ഇഷാന്‍ കിഷന്റേയും പുറത്താകല്‍ ഞെട്ടിക്കുന്നതാണ്.
രണ്ട് പേരുടേയും ഭാവി ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് കരാറില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇഷാന്‍ കിഷന്‍ മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കപ്പെടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു. എന്നാല്‍ ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇഷാന്റെ കരാര്‍ റദ്ദാക്കല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്നതാണ്. ടീം മാനേജ്‌മെന്റിന്റേയും ബിസിസി ഐയുടേയും നിര്‍ദേശം അവഗണിച്ച് രഞ്ജി ട്രോഫിയില്‍ വിട്ടുനിന്നതാണ് ഇരുവര്‍ക്കും പണി കിട്ടാനുള്ള പ്രധാന കാരണം.
എന്നാല്‍ ഇതിന് പിന്നില്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തം. മുംബൈ ഇന്ത്യന്‍സില്‍ ഇഷാന്‍ കിഷന്‍ രോഹിത്തിന്റെ സഹതാരമാണ്. രോഹിത്തിന് കീഴില്‍ വളര്‍ന്ന താരമാണ് ഇഷാനെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ ഇഷാനെ രോഹിത് ശര്‍മ കൈവിട്ടിരിക്കുകയാണ്. ഇതിന് പിന്നില്‍ മുംബൈ ഇന്ത്യന്‍സിനുള്ളിലെ പ്രശ്‌നങ്ങളുമുണ്ടെന്ന് തന്നെ കരുതാം. രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
ഇതില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും വിയോജിപ്പ് പരസ്യമാക്കിയിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചുവെന്ന് മാത്രമല്ല പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയോട് കൂടുതല്‍ അടുപ്പവും കാട്ടിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത ഇഷാന്‍ ഹാര്‍ദിക്കിനൊപ്പം പരിശീലനം നടത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതില്‍ രോഹിത്തിന് വിയോജിപ്പുണ്ട്.

അതുകൊണ്ടുതന്നെ ഇഷാനെ രോഹിത് കരാറിന്റെ കാര്യം വന്നപ്പോള്‍ പിന്തുണച്ചില്ല. ഇതും താരത്തിന്റെ കരാര്‍ റദ്ദാക്കാനുള്ള കാരണമാണ്. എന്നാല്‍ ശ്രേയസിന് പണികിട്ടയത് കള്ളം പറഞ്ഞതിനാലാണ്. പരിക്കിനെത്തുടര്‍ന്നാണ് രഞ്ജി ട്രോഫി കളിക്കാത്തതെന്നാണ് ശ്രേയസ് ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. എന്നാല്‍ പരിശോധനയില്‍ ശ്രേയസിന് പരിക്കില്ലെന്ന് വ്യക്തമായതോടെ താരത്തിന്റെ കള്ളം പൊളിഞ്ഞു. ഇതാണ് ബിസിസി ഐയേയും ടീം മാനേജ്‌മെന്റിനേയും ചൊടിപ്പിച്ചത്.
ശ്രേയസിന്റെ സമീപകാലത്തെ ഫോം മോശമാണ്. രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനിന്ന ശ്രേയസ് പ്രശ്‌നം ഗുരുതരമായതോടെ സെമിയില്‍ മുംബൈക്കൊപ്പം കളിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ അപ്പോഴേക്കും ശ്രേയസിന്റെ കാര്യത്തില്‍ തീരുമാനം എടുക്കപ്പെട്ടിരുന്നു. വൈകി വന്ന വിവേകമാണ് ശ്രേയസിനെ ചതിച്ചത്. അതുകൊണ്ടുതന്നെ ഇനിയൊരു തിരിച്ചുവരവ് ശ്രേയസിനെ സംബന്ധിച്ച് കടുപ്പമാണ്. അടുത്ത വര്‍ഷം കരാറിലേക്ക് തിരിച്ചെത്തുകയെന്നത് പോലും നിലവില്‍ പ്രയാസമാണ്.
ടിം ലോകകപ്പില്‍ നിന്ന് ശ്രേയസ് തഴയപ്പെടുമെന്നുറപ്പാണ്. അതും ശ്രേയസ് പുറത്താകാനുള്ള കാരണമാണ്. ടീം തിരഞ്ഞെടുപ്പില്‍ ബിസിസി ഐ കരാറിലുള്ള താരങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്. കരാറിലില്ലാത്ത ശ്രേയസിന് ടീമിലേക്കെത്താന്‍ വരുന്ന മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തണം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് ശ്രേയസ്. തകര്‍പ്പന്‍ പ്രകടനം ഐപിഎല്ലില്‍ നടത്തേണ്ടത് ശ്രേയസിന് നിര്‍ണ്ണായകമായിരിക്കുകയാണ്.
ജിതേഷ് ശര്‍മയും സഞ്ജു സാംസണും കരാറിലേക്ക് എത്തിയതോടെ ഇഷാനും ടീമിലെത്താന്‍ വരുന്ന ഐപിഎല്‍ മുതലാക്കണം. എന്നാല്‍ വലിയ സമ്മര്‍ദ്ദത്തോടെ കളിക്കാന്‍ ഇറങ്ങുന്ന ഇഷാന് കാര്യങ്ങള്‍ എളുപ്പമാവില്ല. രഞ്ജി ട്രോഫി അവഗണിച്ച താരങ്ങളെ വിലക്കണമെന്നാണ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. ഈ നിലപാട് താരങ്ങളെ തഴയുന്നതില്‍ നിര്‍ണ്ണായകമായെന്ന് തന്നെ പറയാം.