മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കിയ ഫിനിഷര്‍മാരിലൊരാളാണ് റിങ്കു സിങ്. സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കഴിവുള്ള റിങ്കു എംഎസ് ധോണിക്ക് ശേഷം ഇന്ത്യ കണ്ടെത്തിയ മികച്ച ഫിനിഷറായിരുന്നു. എന്നാല്‍ അവസാന ഐപിഎല്‍ സീസണ്‍ മുതല്‍ റിങ്കുവിന്റെ പ്രകടനം താഴോട്ടാണ്. ഇന്ത്യന്‍ ടീമില്‍ നിന്നും താരം തഴയപ്പെട്ട അവസ്ഥയാണുള്ളത്. ഇതിന് പിന്നില്‍ ഗൗതം ഗംഭീറിന്റെ ഇടപെടലുണ്ടെന്ന് തന്നെ പറയാം.
കെകെആറിന്റെ ഉപദേഷ്ടാവായി ഗംഭീര്‍ എത്തിയതോടെ റിങ്കുവിന് കെകെആറില്‍ പ്രാധാന്യം കുറഞ്ഞു. വേണ്ടത്ര പിന്തുണ ലഭിക്കാതെയായി. ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തിയതോടെ ടീമില്‍ നിന്ന് പൂര്‍ണ്ണമായും റിങ്കുവിനെ ഒഴിവാക്കിയ അവസ്ഥയാണ്. ഇതിനിടെയാണ് റിങ്കു സിങ്ങിന്റെ പുതിയ ടാറ്റു ഇപ്പോള്‍ വൈറലാവുന്നത്. കൈയില്‍ റിങ്കു ചെയ്ത പുതിയ ടാറ്റു ഗംഭീറിനെ ഉന്നം വെച്ചാണെന്നാണ് ആരാധകര്‍ പറയുന്നത്.
ദൈവത്തിന്റെ പദ്ധതി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പറത്തി വിജയം നേടിക്കൊടുത്തിട്ടുള്ള താരമാണ് റിങ്കു സിങ്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ തോല്‍വിയിലേക്ക് പോയ ഘട്ടത്തില്‍ രോഹിത് ശര്‍മക്കൊപ്പം മികച്ച കൂട്ടുകെട്ടുമായി കൈയടി നേടാന്‍ റിങ്കുവിനായി. പിന്നീട് ശ്രീലങ്കന്‍ പരമ്പരയിലും റിങ്കു സിങ് കളിച്ചു. എന്നാല്‍ അതിന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പോലും അദ്ദേഹത്തെ തഴയുകയാണ്.
ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീര്‍ റിങ്കുവില്‍ വലിയ താല്‍പര്യം കാട്ടുന്നില്ലെന്നതാണ് വസ്തുത. ശിവം ദുബെയെയടക്കം ഗംഭീര്‍ പിന്തുണക്കുമ്പോഴും റിങ്കുവിനെ പിന്തുണക്കുന്നില്ല. റിയാന്‍ പരാഗ് ഉള്‍പ്പെടെ പല യുവതാരങ്ങളേയും ഗംഭീര്‍ ടീമിലേക്ക് പരിഗണിച്ചപ്പോഴും ആവശ്യത്തിന് അവസരം റിങ്കുവിന് നല്‍കാന്‍ തയ്യാറായിട്ടില്ല. ദുലീപ് ട്രോഫി ടീമില്‍ പോലും റിങ്കുവിന് അവസരം നല്‍കിയില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

റിങ്കുവിനെ ടീമിലെടുക്കണമെന്ന് ആരാധകര്‍
റിങ്കുവിന്റെ ടാറ്റു വൈറലായതോടെ എന്തുകൊണ്ടാണ് റിങ്കുവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാത്തതെന്ന ചോദ്യം ശക്തമാവുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് കാട്ടാനുള്ള അവസരം പോലും റിങ്കുവിന് നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരമാണ് റിങ്കു. ഒന്നോ രണ്ടോ മോശം പ്രകടനം നടത്തിയപ്പോഴേക്കും റിങ്കുവിനെ പൂര്‍ണ്ണമായും തഴഞ്ഞത് എന്തിനായിരുന്നുവെന്നും ആരാധകര്‍ ചോദ്യമുയര്‍ത്തുന്നു.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ റിങ്കു സിങ്ങിനെ പരിഗണിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. റിങ്കുവിനെ ബംഗ്ലദേശ് പരമ്പരയില്‍ നിന്ന് തഴഞ്ഞാല്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമാണ്. പിന്നീട് ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പരമ്പരകളൊക്കെയാണ് വരാനിരിക്കുന്നത്. ഇതിലേക്ക് റിങ്കുവിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല. ദുലീപ് ട്രോഫി കളിക്കാത്തതിനാല്‍ ബംഗ്ലാദേശ് ടി20 പരമ്പരയില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടേക്കും.
റിങ്കുവിന്റെ കണക്കുകള്‍ ഗംഭീരം
ഇന്ത്യക്കൊപ്പം മികച്ച കണക്കുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് റിങ്കു സിങ്. 23 ടി20 കളിച്ച റിങ്കുവിന് 17 ഇന്നിങ്‌സിലാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. 59.71 ശരാശരിയില്‍ കളിച്ച റിങ്കു 418 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 33 ഫോറും 26 സിക്‌സും പറത്താന്‍ റിങ്കുവിനായിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള റിങ്കുവിനെ ഇന്ത്യ മാറ്റി നിര്‍ത്തുന്നത് മണ്ടന്‍ തീരുമാനമാണെന്ന് പറയാം.
ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും തഴയപ്പെട്ടതോടെ വരുന്ന ഐപിഎല്‍ സീസണ്‍ റിങ്കുവിന് വളരെ നിര്‍ണ്ണായകമായി മാറും. ഇതില്‍ മിന്നല്‍ പ്രകടനം നടത്തി തിരിച്ചുവരാന്‍ റിങ്കു സിങ്ങിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.