Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Hong Kong Sixes: റുതുരാജോ, സഞ്ജുവോ? ഇന്ത്യയെ ആരു നയിക്കും, ലക്ഷ്യം കപ്പ് തന്നെ!

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ ഹോങ്കോങ് സിക്‌സസ് (Hong Kong Sixes) ടൂര്‍ണമെന്റ് ഈ വര്‍ഷം മടങ്ങിയെത്തുകയാണ്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പങ്കെടുക്കുമെന്ന് ഉറപ്പായതോടെ ടൂര്‍ണമെന്റിന്റെ ഗ്ലാമറും ഇരട്ടിയായിട്ടുണ്ട്. അടുത്ത മാസം ഒന്നു മൂന്നു വരെ മാത്രമുള്ള ചെറിയ ടൂര്‍ണമെന്റാണിത്.

ഇന്ത്യക്കു വേണ്ടി മുന്‍നിര താരങ്ങളൊന്നും തന്നെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. പകരം രണ്ടാംനിര ടീമിനെയായിരിക്കും ഇന്ത്യ അണിനിരത്തുക. യുവതാരങ്ങള്‍ക്കു തങ്ങളുടെ മികവ് തെളിയിക്കാന്‍ ലഭിക്കുന്ന മികച്ചൊരു അവസരം തന്നെയായിരിക്കും ഇത്. എന്താണ് ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റെന്നും ഇന്ത്യന്‍ ലൈനപ്പ് എങ്ങനെയായിരിക്കുമെന്നും നോക്കാം.

INDIAN CRICKET TEAM

എന്താണ് ഹോങ്കോങ് സിക്‌സസ്

ടി20 ഫോര്‍മാറ്റിനാണ് ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറ്റവുമധികം ആരാധകരുള്ളതെങ്കിലും ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റ് ഈ ഫോര്‍മാറ്റില്‍ അല്ലെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. പകരം അഞ്ചോവര്‍ വീതം മാത്രമുള്ള ഒരു 'ക്യാപ്‌സൂള്‍' പോരാട്ടമാണിത്. ക്രിക്കറ്റ് പ്രേമികളെ രസിപ്പിക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെ മാത്രം ഹോങ്കോങ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണിത്.

ഓരോ ടീമിലും ആറു താരങ്ങള്‍ വീതമേയുണ്ടാവുകയുള്ളൂവെന്നതും മറ്റൊരു പ്രത്യേകതയാണ്. ഫൈനലില്‍ മാത്രം ഒരോവറില്‍ എട്ടു ബോളുകളുണ്ടാവുമെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. വിക്കറ്റ് കീപ്പറൊഴികെ ഒരു ടീമിലെ മറ്റുള്ള അഞ്ചു പേരും മല്‍സരത്തില്‍ ഒരോവര്‍ വീതം ബൗള്‍ ചെയ്യും. വൈഡ്, നോ ബോള്‍ എന്നിവയ്ക്കു രണ്ടു റണ്‍സ് വീതമാണ് ലഭിക്കുക.

ഒരു കളിയിലെ അഞ്ചോവര്‍ പൂര്‍ത്തിയാവും മുമ്പ് ടീമിലെ അഞ്ചു ബാറ്റര്‍മാര്‍ പുറത്തായാലും അവസാനത്തെയാള്‍ക്കു ബാറ്റിങ് തുടരാം. ഇതിനായി ഒരു റണ്ണറെയും ലഭിക്കും. പക്ഷെ സ്‌ട്രൈക്ക് നേരിടുക ടീമിലുള്ള താരം തന്നെയായിരിക്കും. ആറു വിക്കറ്റുകളും വീഴുമ്പോള്‍ മാത്രമേ ഇന്നിങ്‌സ് അവസാനിക്കുകയുള്ളൂ.

1992ലാണ് ഹോങ്കോങ് സിക്‌സ് ടൂര്‍ണമെന്റിനു തുടക്കമായത്. 2017 വരെ ഇതു നടക്കുകയും ചെയ്തു. ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമുകള്‍ ഇംഗ്ലണ്ടും സൗത്താഫ്രിക്കയുമാണ്. അഞ്ചു തവണ വീതം ഇരുടീമുകളും ജേതാക്കളായിട്ടുണ്ട്. അവസാന എഡിഷനില്‍ സൗത്താഫ്രിക്കയായിരുന്നു ചാംപ്യന്‍മാര്‍.

ഇന്ത്യയുടെ പ്രകടനം

ഇന്ത്യയെ സംബന്ധിച്ച് ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ഒരിക്കല്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു കിരീടമുയര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്. 2005ലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. വെസ്റ്റ് ഇന്‍ഡീസിനെ ഫൈനലില്‍ വീഴ്ത്തിയാണ് ഇന്ത്യ അന്നു ജേതാക്കളായത്. അതിനു മുമ്പ് 1996ലെ എഡിഷനില്‍ റണ്ണറപ്പായതാണ് ഇന്ത്യയുടെ മറ്റൊരു മികച്ച പ്രകടനം. വെസ്റ്റ് ഇന്‍ഡീസിനോടു ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.

2012ലെ അവസാന എഡിഷനില്‍ മോശം പ്രകടനം നടത്തിയാണ് ഇന്ത്യ പുറത്തായത്. മുന്‍നിര താരങ്ങളൊന്നും തന്നെ അന്നു ഇന്ത്യന്‍ നിരയില്‍ ഇല്ലായിരുന്നു. ഷഫീഖ് ഖാന്‍ നയിച്ച ടീമിലെ മറ്റു കളിക്കാര്‍ അമിത് ഉനിയാല്‍, അങ്കുര്‍ ശര്‍മ, ധര്‍മേന്ദര്‍ ഫാഗ്ന, കിന്‍ചിത് ഷാ, മിര്‍നാല്‍ സെയ്‌നി, നീരജ് ചൗഹാന്‍, സുമിത് അബ്ബി എന്നിവരായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ യാതൊരു അനുഭവസമ്പത്തുമില്ലാത്തവരായിരുന്നു മുഴുവന്‍ താങ്ങളും. ഇതു ടീമിനു വലിയ തിരിച്ചടിയാവുകയും ചെയ്തു.

ചിരവൈരികളായ പാകിസ്താന്‍, ശ്രീലങ്ക നെതര്‍ലാന്‍ഡ്‌സ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലായിരുന്നു ഇന്ത്യ. ആകെയുള്ള മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്താവുകയായിരുന്നു. പാകിസ്താനെ നയിച്ചത് കമ്രാന്‍ അക്മലും ലങ്കന്‍ ക്യാപ്റ്റന്‍ ചമര കപുഗേതരയുമായിരുന്നു. രണ്ടു ടീമുകളോടും ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

RUTURAJ GAIKWAD

ഇന്ത്യയെ ആരു നയിക്കും?

വരാനിരിക്കുന്ന എഡിഷനില്‍ ഇന്ത്യന്‍ ടീമിനെ ആരു നയിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ക്കു നായകസ്ഥാനം ലഭിക്കാനിടയുണ്ട്. നേരത്തേ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ടീമിനെ ഇന്ത്യ അയച്ചപ്പോള്‍ നായകര്‍ റുതുരാജായിരുന്നു. ഈ ടീം സ്വര്‍ണം നേടുകയും ചെയ്തിരുന്നു.

ഈ സമയത്തു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വൈറ്റ് ബോള്‍ മല്‍സരങ്ങളിലാത്തതിനാല്‍ രണ്ടു പേരുടെയും സേവനം ഇന്ത്യക്കു ലഭിക്കും. അഭിഷേക് ശര്‍മ, തിലക് വര്‍മ, നിതീഷ് റാണ, വെങ്കടേഷ് അയ്യര്‍, മുകേഷ് ചൗധരി, രാഹുല്‍ തെവാത്തിയ, ഹര്‍ഷിത് റാണ തുടങ്ങിയവരെല്ലാം ടീമിലേക്കു പരിഗണിക്കപ്പെടാനിടയുണ്ട്.

Story first published: Tuesday, October 8, 2024, 14:15 [IST]
Other articles published on Oct 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+