ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും ദൗത്യം 17ന് ആരംഭിക്കും. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയാണ് അഡ്‌ലെയ്ഡില്‍ 17 മുതല്‍ ആരംഭിക്കുന്നത്. നേരത്തേ നടന്ന ഏകദിന പരമ്പര ഓസീസ് 2-1നും ടി20 പരമ്പര ഇന്ത്യ 2-1നും കൈക്കലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇരുടീമുകളും ഇപ്പോള്‍ 1-1ന് ഒപ്പം നില്‍ക്കുകയാണ്. ടെസ്റ്റ് പരമ്പരയായിരിക്കും ഈ രണ്ടു ടീമുകളില്‍ ആരാണ് ബെസ്റ്റെന്നു തീരുമാനിക്കുക.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി. റാങ്കിങില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടുക. നിലവില്‍ 116 റേറ്റിങ് പോയിന്റോടെ ഓസീസാണ് ഒന്നാമത്. ഒരു പോയിന്റ് പിറകിലായി ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനത്തും 114 പോയിന്റോടെ ഇന്ത്യ മൂന്നാംസ്ഥാനത്തുമാണ്.
ഇന്ത്യ- ഓസീസ് ഒന്നാം ടെസ്റ്റിന്റെ മല്‍സരഫലം റാങ്കിങിലും പ്രതിഫലിക്കും. ഓസീസില്‍ നിന്നും ഒന്നാംസ്ഥാനം തിരികെ പിടിക്കാന്‍ ഇന്ത്യക്കു ആദ്യ ടെസ്റ്റില്‍ വിജയിച്ചേ തീരൂ. അഡ്‌ലെയ്ഡില്‍ ജയിക്കുകയാണെങ്കില്‍ ഇന്ത്യക്കു നാലു പോയിന്റ് ലഭിക്കും. അപ്പോള്‍ 118 പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തും. തോറ്റാല്‍ ഓസീസിന് നഷ്ടമാവുക മൂന്നു പോയിന്റാണ്. അതോടൊപ്പം മൂന്നാംസ്ഥാനത്തേക്കു അവര്‍ പിന്തള്ളപ്പെടുകയും ചെയ്യും.
അതേസമയം, ആദ്യ ടെസ്റ്റില്‍ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു അത് കനത്ത തിരിച്ചടിയായി മാറും. 119 പോയിന്റുമായി ഓസീസ് ഒന്നാംസ്ഥാനം നിലനിര്‍ത്തും. മറുഭാഗത്ത് ഇന്ത്യക്കു നാലാംസ്ഥാനക്കാരായ ഇംഗ്ലണ്ടിനു മേലുള്ള ലീഡു കുറയും ചെയ്യും. 106 പോയിന്റുമായാണ് ഇംഗ്ലണ്ട് നാലാംസ്ഥാനത്തു നില്‍ക്കുന്നത്.
അഡ്‌ലെയ്ഡ് ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യക്കു പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറാനാവും. ഓസ്‌ട്രേലിയുമായുള്ള വ്യത്യാസം ഒരു പോയിന്റായി കുറയ്ക്കാനും ഇന്ത്യക്കു സാധിക്കും. ഇതോടെ മെല്‍ബണില്‍ ഡിസംബര്‍ 26ന് ആരംഭിക്കുന്ന രണ്ടാംടെസ്റ്റില്‍ ഒന്നാം റാങ്കിനു വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ ശക്തമാവുകയും ചെയ്യും.