ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ടാണ് മുന്‍ ഓപ്പണറും അഗ്രസീവ് ബാറ്ററുമായ ശിഖര്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കില്ലെന്നു എക്‌സില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ആരാധകരെ അറിയിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ധവാനെ വാഴ്ത്തുകയും ഭാവി ജീവിതത്തിനു എല്ലാ ആശംസകളും നേര്‍ന്നിരിക്കുകയാണ്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ധവാന്‍ വഹിച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുമെന്നു പല ആരാധകരും പ്രതീക്ഷിച്ചിരുന്നു. ഐസിസി ടൂര്‍ണമെന്റുകളില്‍ ധവാന്റെ ഗംഭീര പ്രകടനം തന്നെയായിരുന്നുവ ഇതിനു കാരണം. പക്ഷെ സെലക്ടര്‍മാര്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ തയ്യാറായില്ല. പകരം യുവതാരം ശുഭ്മന്‍ ഗില്ലിനെ ഓപ്പണറായി ഉള്‍പ്പെടുത്തുകയും ചെയ്തു.

രോഹിത് ശര്‍മയ്ക്കു ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവച്ചത്. തുടര്‍ച്ചായി 10 മല്‍സരങ്ങളില്‍ ജയിച്ചതോടെ രോഹിത്തും സംഘവും കിരീട ഫേവറിറ്റുകളായി മാറുകയും ചെയ്തിരുന്നു, പക്ഷെ കപ്പിനു തൊട്ടരികെ ഇന്ത്യക്കു കാലിടറി. ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ കിരീടം അടിയറവയ്ക്കുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ വിജയമാണ് പാറ്റ് കമ്മിന്‍സ് നയിച്ച കംഗാരുപ്പട ഫൈനലില്‍ നേടിയത്. ധവാനു പകരം ഓപ്പണറായി കളിച്ച ഗില്‍ ഫൈനലില്‍ വെറും നാലു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു.
ഗില്ലിനു പകരം ധവാനായിരുന്നു ലോകകപ്പില്‍ കളിച്ചിരുന്നതെങ്കില്‍ എന്തു സംഭവിക്കും? ആരാധകരുടെ മനസ്സില്‍ ഇപ്പോഴുമുയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന് ടീമില്‍ സ്ഥാനമുറപ്പായതിനാല്‍ തന്നെ ലോകകപ്പിലെ ഓപ്പണിങ് റോളിലേക്കു മല്‍സരം ഗില്ലും ധവാനും തമ്മിലായിരുന്നു. ടൂര്‍ണമെന്റിനു മുമ്പ് തനിക്കു ലഭിച്ച അവസരങ്ങള്‍ ഗില്‍ നന്നായി പ്രയോജനപ്പെടുത്തിയപ്പോള്‍ ധവാന്റെ ഫോമില്‍ ഇടിവ് സംഭവിക്കുകയും ചെയ്തു.
മുന്‍ ലോകകപ്പുകളില്‍ മികച്ച പ്രകടനം നടത്തിയ താരമായിട്ടും ധവാനെ തഴഞ്ഞ് സെലക്ടര്‍മാര്‍ ഗില്ലിനെ പരിഗണിക്കാനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയായിരുന്നു. ചില മോശം പ്രകടനങ്ങള്‍ കാരണം ഏകദിന ടീമില്‍ നിന്നും ധവാന്‍ അപ്രത്യക്ഷനായപ്പോള്‍ ഈ അവസരം നന്നായി മുതലെടുത്താണ് ഗില്‍ സീറ്റ് തട്ടിയെടുത്തത്. ഏകദിനത്തിലെ സ്ഥിരാംഗമായി മാറിയ ശേഷം അതിശയിപ്പിക്കുന്ന സ്ഥിരതയാണ് അദ്ദേഹം പുലര്‍ത്തിയത്.

2022ല്‍ കളിച്ച ഏകദിനങ്ങളില്‍ നിന്നും 70.89 എന്ന ഉജ്ജ്വല ശരാശരിയില്‍ 102.57 സ്‌ട്രൈക്ക് റേറ്റില്‍ ഗില്‍ അടിച്ചെടുത്തത് 638 റണ്‍സാണ്. ഇങ്ങനെയൊരാളെ ഒഴിവാക്കി പകരം ഫോമൗട്ടായ ധവാനെ എങ്ങനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയും? മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ധവാനെ ലോകകപ്പ് ടീമിലേക്കു ഇന്ത്യ തിരികെ വിളിക്കുമായിരുന്നു. അദ്ദേഹം ഇതു പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അവസാനം കളിച്ച 22 ഏകദിനങ്ങളില്‍ 34.40 ആയിരുന്നു ധവാന്റെ ബാറ്റിങ് ശരാശരി.
സോഷ്യല്‍ മീഡിയയിലെ ഒരു ചോദ്യേത്തര സെഷനില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാളായി ഗില്ലിനെ ധവാന്‍ തന്നെ സ്വയം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തന്നേക്കാള്‍ ഈ സ്ഥാനം അര്‍ഹിക്കുന്നത് ഗില്‍ തന്നെയാണെന്നു അദ്ദേഹത്തിനും ഉറപ്പുണ്ടായിരുന്നെന്നു ഇതില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ടു തന്നെ ഗില്ലിനു പകരം ലോകകപ്പില്‍ ധവാനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഫൈനലില്‍ അദ്ദേഹത്തിനു വലിയ ഇംപാക്ടുണ്ടാക്കാനും സാധിച്ചേക്കില്ല.