Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ പന്തെറിഞ്ഞ് വിറപ്പിച്ച ദാദ! ഇതു സത്യം തന്നെ, അന്നു സംഭവിച്ചതറിയാം

ലോക ക്രിക്കറ്റിലെ സമാനതകളില്ലാത്ത രണ്ടു ബാറ്റിങ് ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. റെക്കോര്‍ഡുകള്‍ തകര്‍ക്കുകയെന്നത് ശീലമാക്കിയ താരമായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററെങ്കില്‍ ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സിയിലും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയായിരുന്നു ഗാംഗുലി. ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയയെ പഠിപ്പിച്ച നായകനും കൂടിയായിരുന്നു അദ്ദേഹം. ഒരു സമയത്തു ഇന്ത്യയുടെ ഐക്കണ്‍ ഓപ്പണിങ് ജോടികളായിരുന്നു സച്ചിനും ഗാംഗുലിയും.

വിക്കറ്റെടുക്കാന്‍ ശേഷിയുള്ള മീഡിയം പേസറായിരുന്നു ദാദ. പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ട്‌ടൈം ബൗളറായെത്തി അദ്ദേഹം വിക്കറ്റുകളും നേടിയിട്ടുണ്ട്. ദേശീയ ടീമിനായി ഒരുമിച്ച് ഒരുപാട് ഇന്നിങ്‌സുകള്‍ ഇരുവരും കളിച്ചതായി എല്ലാവര്‍ക്കുമറിയാം. പക്ഷെ ഗാംഗുലിയുടെ ബൗളിങിനെതിരേ സച്ചിന്‍ ബാറ്റ് ചെയ്തതിനെക്കുറിച്ച് അധികം പേര്‍ക്കുമറിയാനിടയില്ല. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. ഇതു എപ്പോഴായിരുന്നെന്നു നോക്കാം.

SACHIN TENDULKAR

2006ല്‍ നടന്ന ചാലഞ്ചര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റിലായിരുന്നു സച്ചിനും ഗാംഗുലിയും തമ്മിലുള്ള അപൂര്‍വ്വ മുഖാമുഖം സംഭവിച്ചത്. ഇന്ത്യ ബ്ലൂവിനു വേണ്ടിയായിരുന്നു സച്ചിന്‍ കളിച്ചതെങ്കില്‍ ഇന്ത്യാ ഗ്രീന്‍ ടീമിനൊപ്പമായിരുന്നു ഗാംഗുലി. ചെന്നൈയില്‍ പകലും രാത്രിയുമായി നടന്ന ഈ മല്‍സരത്തില്‍ രാഹുല്‍ ദ്രാവിഡ് നയിച്ച ബ്ലൂ ടീം 266 റണ്‍സിന്റെ കൂറ്റന്‍ വിജയവും സ്വന്തമാക്കിയിരുന്നു.

ഇന്ത്യ ബ്ലൂ ടീം രണ്ടു വിക്കറ്റിനു 191 റണ്‍സെന്ന ശക്തമായ നിലയിലുള്ളപ്പോഴാണ് ഗാംഗുലി പന്തെറിയാനെത്തിയത്. സെഞ്ച്വറിയോടെ സച്ചിനും (114) നായകന്‍ ദ്രാവിഡുമായിരുന്നു (15) അപ്പോള്‍ ക്രീസില്‍. ആദ്യത്തെ അഞ്ചു ബോളിലും സച്ചിനെ റണ്ണൊന്നുമെടക്കാന്‍ ഗാംഗുലി അനുവദിച്ചില്ല. കൃത്യമായ ഏരിയയില്‍ ബൗള്‍ ചെയ്ത് അദ്ദേഹം സച്ചിനെ പിടിച്ചുകെട്ടുകയായിരുന്നു. അവസാന ബോളിലാണ് സിംഗിളെടുക്കാന്‍ സച്ചിനായത്.

ഈ ഓവറില്‍ അദ്ദേഹത്തിനു ബ്രേക്കിട്ടെങ്കിലും അടുത്ത സ്‌പെല്ലില്‍ ഇതിനായില്ല. മികച്ചൊരു ബൗണ്ടറി പായിച്ചാണ് സച്ചിന്‍ തിരിച്ചടിച്ചത്. ഈ മല്‍സരത്തില്‍ അഞ്ചോവറുകള്‍ ഗാംഗുലി ബൗള്‍ ചെയ്‌തെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചില്ല. 4.6 ഇക്കോണമി റേറ്റില്‍ 23 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഗ്രീന്‍ ടീമിലെ മറ്റു ബൗളര്‍മാരെ അപേക്ഷിച്ച് ഏറ്റവും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്തതും അദ്ദേഹമായിരുന്നു. ആശിഷ് നെഹ്‌റ, പ്രവീണ്‍ കുമാര്‍, ലക്ഷ്മിപതി ബാലാജി, പിയൂഷ് ചൗള, ഹേമങ് ബദാനി എന്നിവരായിരുന്നു മറ്റു ബൗളര്‍മാര്‍.

SOURAV GANGULY

ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടീം നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 50 ഓവറില്‍ വാരിക്കൂട്ടിയത് 381 റണ്‍സാണ്. സച്ചിന്റെ (139) ഗംഭീര സെഞ്ച്വറിയാണ് ഇത്രയും വലിയൊരു ടോട്ടലില്‍ അവരെ എത്തിച്ചത്. വെറും 100 ബോളിലാണ് 20 ഫോറും നാലു സിക്‌സറുമടക്കം സച്ചിന്‍ 139 റണ്‍സ് അടിച്ചെടുത്തത്. എംഎസ് ധോണി (79*), നായകന്‍ ദ്രാവിഡ് (62), ഇര്‍ഫാന്‍ പഠാന്‍ (54) എന്നിവരും അഗ്രസീവ് ഫിഫ്റ്റികളുമായി കസറുകയും ചെയ്തു.

മറുപടിയില്‍ പൊരുതാന്‍ പോലുമാവാതെയാണ് മുഹമ്മദ് കൈഫ് നയിച്ച ഗ്രീന്‍ ടീം തകര്‍ന്നടിഞ്ഞത്. 382 റണ്‍സിലേക്കു ബാറ്റ് വീശിയ അവര്‍ 26.4 ഓവറില്‍ വെറും 115 റണ്‍സിനു കൂടാരം കയറി. പാര്‍ഥീവ് പട്ടേല്‍ (43), ഗാംഗുലി (24), ബദാനി (20), വസീം ജാഫര്‍ (12) എന്നിവരൊഴികെ മറ്റാരും രണ്ടക്കത്തിലെത്തിയില്ല. നാലു വിക്കറ്റുകളെടുത്ത ഹര്‍ഭജന്‍ സിങാണ് ഗ്രീന്‍ ടീമിന്റെ അന്തകനായി മാറിയത്.

ബ്ലൂ, ഗ്രീന്‍ എന്നിവരെക്കൂടാതെ ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം ഇന്ത്യ റെഡായിരുന്നു. ഫൈനലില്‍ ബ്ലൂവും റെഡുമാണ് ഏറ്റുമുട്ടിയത്. പക്ഷെ മഴ കാരണം മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടതോടെ ഇരുടീമുകളും ട്രോഫി പങ്കിടുകയായിരുന്നു.

Story first published: Saturday, July 20, 2024, 18:00 [IST]
Other articles published on Jul 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+