ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ചു മാസങ്ങള്‍ മുമ്പ് വരെ സജീവസാന്നിധ്യമായിരുന്ന യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഇപ്പോള്‍ തീര്‍ത്തും അപ്രത്യക്ഷനായിരിക്കുകയാണ്. എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറാന്‍ ശേഷിയുള്ള താരമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട അദ്ദേഹത്തിനു എന്താണ് സംഭവിച്ചത്? ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ടീം മാനേജ്‌മെന്റിനുമെല്ലാം പ്രിയങ്കരനായിരുന്ന ഇഷാന്റെ കരിയറില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ബിസിസിയുടെ മുഖ്യ കരാറിലും ഉള്‍പ്പെട്ടിട്ടുള്ള അദ്ദേഹത്തിനു ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണോ? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍ക്കു ശേഷം ഇഷാനെ കളിക്കളത്തില്‍ കണ്ടിട്ടില്ല. പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളിലും ജിതേഷ് ശര്‍മയായിരുന്നു വിക്കറ്റ് കീപ്പര്‍. തുടര്‍ന്നുള്ള സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇഷാന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ടി20 പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല.

രണ്ടു മല്‍സരങ്ങള്‍ക്കുള്ള ടെസ്റ്റ് സ്‌ക്വാഡിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണിക്കാട്ടി ഇഷാന്‍ പരമ്പരയ്ക്കു മുമ്പ് പിന്‍മാറുകയായിരുന്നു. മാനസികമായി തനിക്കൊരു ബ്രേക്ക് ആവശ്യമാണെന്നായിരുന്നു താരം ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. നാട്ടിലേക്കു മടങ്ങാതെ ദുബായിലേക്കു പറന്ന ഇഷാന്‍ സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ഫോട്ടോസും പിന്നീട് പുറത്തുവന്നിരുന്നു.
ബ്രേക്ക് കഴിഞ്ഞ് രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനു വേണ്ടി ഇഷാന്‍ കളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തോടു രഞ്ജിയില്‍ കളിക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നതായും പക്ഷെ താരം ഇതിനു തയ്യാറായില്ലെന്നും പിന്നീട് റിപ്പോര്‍ട്ടുകളും വന്നിരുന്നു. സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം നാട്ടില്‍ അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയിലൂടെ ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തുമെന്നാണ് കരുതപ്പെട്ടത്.
പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായി ഇഷാന്‍ ഈ പരമ്പരയില്‍ നിന്നും തഴയപ്പെടുകയും പകരം മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തുകയുമായിരുന്നു. അതിനു ശേഷം ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴും ഇഷാനെ കണ്ടില്ല. അദ്ദേഹത്തെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി പകരം കെഎസ് ഭരതിനെയും പുതുമുഖമായ ധ്രുവ് ജുറേലിനെയും ടീമിലെടുക്കുകയായിരുന്നു.
ഇഷാന്റെ കാര്യത്തില്‍ അച്ചടക്ക പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നാണ് ദ്രാവിഡ് പറയുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് തുടര്‍ച്ചയായി രണ്ടു പരമ്പരകളില്‍ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയെന്നതാണ് ചോദ്യം. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് പലതും പ്രചരിക്കുന്നുണ്ട്. ടീം മാനേജ്‌മെന്റിന്റെ അതൃപ്തിക്കു കാരണമായതാണ് ഇഷാനു തിരിച്ചടിയായതെന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മറ്റൊരു വിഭാഗം പറയുന്നത് ദേശീയ ടീമിനേക്കാള്‍ ഐപിഎല്ലിനാണ് ഇഷാന്‍ പ്രാധാന്യം നല്‍കുന്നത് എന്നാണ്.
ആഭ്യന്തര ക്രിക്കറ്റിനെ തീര്‍ത്തും അവഗണിക്കുന്ന ഇഷാന്റെ സമീപനത്തില്‍ ബിസിസിഐയ്ക്കു വലിയ അതൃപ്തിയുണ്ടെന്നാണ് വിവരം. ഇതാദ്യമായല്ല രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ താരം തയ്യാറാവാതിരിക്കുന്നത്. നേരത്തേയും രഞ്ജിയില്‍ കളിക്കാനുള്ള ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ ക്ഷണം ഇഷാന്‍ തള്ളിയിരുന്നു.

ഇഷാന്റെ ഈ പെരുമാറ്റത്തില്‍ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും ഒട്ടും ഹാപ്പിയല്ല. താരത്തെ ഒരു പാഠം പഠിപ്പിക്കുന്നതിനു വേണ്ടി തന്നെയാണ് ഇപ്പോള്‍ ദേശീയ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നതെന്നു അണിയറയില്‍ സംസാരവുമുണ്ട്. ഇഷാനെ ഉടനെയൊന്നും ഇന്ത്യന്‍ ടീമില്‍ ഇനി കാണാന്‍ സാധ്യതയില്ല. ഇംഗ്ലണ്ടിനെതിരേയുള്ള അവസാനത്തെ മൂന്നു ടെസ്റ്റുകള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇഷാനെ പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണ്.
രഞ്ജിയില്‍ ജാര്‍ഖണ്ഡിനായും കളിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനോടൊപ്പമായിരിക്കും ഇഷാനെ ഇനി കളിക്കളത്തില്‍ കണ്ടേക്കുക. ബിസിസിഐയുടെ നല്ല സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നതിനാല്‍ ജൂണില്‍ നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിനു അവസരം ലഭിക്കാനിടയില്ല.
ജിതേഷും സഞ്ജുവുമായിരിക്കും വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ ടീമിലേക്കു വന്നേക്കുക. ഈ സൂചനയാണ് അഫ്ഗാനെതിരേ ബിസിസിഐ നല്‍കിയത്. ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പം ഒരു അസാധാരണ പ്രകടനം നടത്തിയെങ്കില്‍ മാത്രമേ ലോകകപ്പില്‍ ഇഷാന് നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ.