ചാംപ്യന്‍സ് ലീഗ് ടി20ക്കു സംഭവിച്ചതെന്ത്? വമ്പന്‍ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ഈ കാരണം, അറിയാം
ഐപിഎല്ലിന്റെ വന്‍ വിജയത്തിനു ശേഷം ക്രിക്കറ്റ് പ്രേമികളുടെ മുന്നിലേക്കു കൊണ്ടു വന്ന വമ്പന്‍ ഫ്രാഞ്ചൈസി ലീഗായിരുന്നു ചാംപ്യന്‍സ് ലീഗ് ടി20. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഫ്രാഞ്ചൈസി ലീഗുകളിലെ വല്ല്യേട്ടനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിന്നും കടമെടുത്താണ് ഇത്തരമൊരു ആശയത്തിനു തുടക്കമിട്ടത്.
ഐപിഎല്ലിലെ ചാംപ്യന്‍മാരടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളില്‍ ജേതാക്കളായ ടീമുകളെ അണിനിരത്തിയാണ് ചാംപ്യന്‍സ് ലീഗ് ടി20 അവതരിപ്പിച്ചത്. ബിസിസിഐക്കൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയ, ക്രിക്കറ്റ് സൗത്താഫ്രിക്ക, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് എന്നിവരും ചേര്‍ന്നായിരുന്നു 2008ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. ആദ്യ സീസണ്‍ നടന്നത് 2009ലായിരുന്നു.

2008ലായിരുന്നു ഐപിഎല്ലിനു ബിസിസിഐ തുടക്കമിടുന്നത്. ഇതു പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയമായി മാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചാംപ്യന്‍സ് ലീഗ് ടി20യുടെയും വരവ്. എട്ടു ടീമുകളെ മാത്രം ഉള്‍പ്പെടുത്തി 10 ദിവസം മാത്രം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റായിരുന്നു ഇത്.
2.5 മില്ല്യണ്‍ യൂറോയെന്ന വലിയ സമ്മാനത്തുകയും ആഭ്യന്തര ടീമുകള്‍ക്കു വേണ്ടി അന്താരാഷ്ട്ര മല്‍സരങ്ങളെന്ന ആശയവും കാരണം ചാംപ്യന്‍സ് ലീഗ് ടി20 ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ടൂര്‍ണമെന്റിനു തുടക്കമിട്ട നാലു ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്നുമുള്ള രണ്ടു വീതം ടീമുകളായിരുന്നു ചാംപ്യന്‍സ് ലീഗ് ടി20യുടെ ഭാഗമായത്. പക്ഷെ മുംബൈയിലെ ഭീകരാക്രമണത്തെ തുടര്‍ന്നു 2008ലെ ടൂര്‍ണമെന്റ് 2009ലേക്കു മാറ്റിവയ്ക്കുകയായിരുന്നു.
അടുത്ത അഞ്ചു സീസണുകള്‍ക്കിടെ മൂന്നു തവണ ഇന്ത്യയിലും രണ്ടു തവണ സൗത്താഫ്രിക്കയിലും ചാംപ്യന്‍സ് ലീഗ് ടി20 നടക്കുകയും ചെയ്തു. ഇവയില്‍ ഐപിഎല്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ രണ്ടു തവണ വീതം ചാംപ്യന്‍മാരുമായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ന്യൂസൗത്ത് വെയ്ല്‍സ്, സിഡ്‌നി സിക്‌സേഴ്‌സ് എന്നിവര്‍ ഓരോ തവണയും കിരീടമുയര്‍ത്തി. പക്ഷെ 2009 ല്‍ തുടങ്ങിയ ടൂര്‍ണമെന്റ് 2014 വരെ മാത്രമേ നിലനിന്നുള്ളൂ. എങ്ങനെയാണ് ടൂര്‍ണമെന്റ് അപ്രത്യക്ഷമായത്? നോക്കാം.
ചാംപ്യന്‍സ് ലീഗ് ടി20യെന്നതു വലിയൊരു ആശയമായിരുന്നെങ്കിലും അതിനു ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചില്ലെന്നതാണ് ടൂര്‍ണമെന്റ് റദ്ദാക്കാനുള്ള മുഖ്യ കാരണം. ഓരോ വര്‍ഷം കഴിയുന്തോറും ടൂര്‍ണമെന്‍റില്‍ കാണികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചത്.
ടിവി റേറ്റിങിലും വലിയ ഇടിവുണ്ടാവുകയും ചെയ്തു. അധികം പ്രശസ്തമല്ലാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകളും കളിക്കാരും പങ്കെടുത്തതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്‍ ടീമുകളുടെ മല്‍സരങ്ങള്‍ക്കൊഴികെ മറ്റുള്ളവയ്‌ക്കൊന്നും കാണികളെ ആകര്‍ഷിക്കാനായില്ല.

ഓരോ വര്‍ഷത്തെയും ഐപിഎല്ലിനോടൊപ്പം അന്താരാഷ്ട്ര മല്‍സരങ്ങളും കൂടി ചേര്‍ന്നതോടെ ചാംപ്യന്‍സ് ലീഗെന്നതു ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് അപ്രസക്തമായി മാറുകയും ചെയ്തു. കാണികളുടെ താല്‍പ്പര്യം കുറഞ്ഞതോടെ സാമ്പത്തികമായും അതു ടൂര്‍ണമെന്‍റിനെ ബാധിക്കുകയായിരുന്നു.
മുഖ്യ സ്‌പോണ്‍സര്‍മാരായ ഭാരതി എയര്‍ടെല്‍ അഞ്ചു വര്‍ഷത്തെ കരാറിലായിരുന്നു തുടക്കത്തില്‍ ഒപ്പിട്ടത്. എന്നാല്‍ ടൂര്‍ണമെന്റ് പ്രതീക്ഷിച്ചതു പോലെ ക്ലിക്കാവാതിരുന്നതോടെ രണ്ടു സീസണുകള്‍ക്കു ശേഷം 2011ല്‍ അവര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്നെത്തിയ മുഖ്യ സ്‌പോണ്‍സര്‍മാരായ നോക്കിയ താരതമ്യേന കുറഞ്ഞ തുകയാണ് ഓഫര്‍ ചെയ്തത്. ഒരു വര്‍ഷത്തിനു ശേഷം അവരും സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ഒഴിയുകയായിരുന്നു.
തുടര്‍ന്നു 2012ല്‍ കാര്‍ബണ്‍ മൊബൈല്‍സും 2014ല്‍ ഓപ്പോയും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയായിരുന്നു. പക്ഷെ ടൂര്‍ണമെന്റ് ഓരോ സീസണ്‍ കഴിയുന്തോറും ജനപ്രീതിയുടെ കാര്യത്തില്‍ താഴേക്കു പോയ്‌ക്കൊണ്ടിരുന്നു. തുടര്‍ന്നു 2015 ജൂലൈയില്‍ ടൂര്‍ണമെന്റ് റദ്ദാക്കുന്നതായി പ്രഖ്യാപനവും വരികയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications