'ഉന്നതങ്ങളില്‍ നിന്ന് താഴേക്ക്', ഹര്‍ദിക്കിന് എന്താണ് സംഭവിച്ചത്? മടങ്ങിവരവ് കടുപ്പം, കാരണങ്ങളിതാ

മുംബൈ: കഴിഞ്ഞ ഒരു വര്‍ഷം മുമ്പുവരെ ഹര്‍ദിക് പാണ്ഡ്യയെന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിവാജ്യ ഘടകമായിരുന്നു. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവിനോട് പോലും ഹര്‍ദിക്കിനെ താരതമ്യപ്പെടുത്തുന്ന നിലയിലേക്ക് അതിവേഗം വളരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാനും മികച്ച പ്രകടനം നടത്താനും ഹര്‍ദിക്കിനായി. ഇന്ത്യയുടെ മധ്യനിരയിലെ നട്ടെല്ലായി മാറിയ അദ്ദേഹം പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മത്സരത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമായിരുന്നു.
എന്നാല്‍ ഇന്ന് ടീമില്‍ സ്ഥാനം ലഭിക്കാന്‍ ഹര്‍ദിക്കിന് ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎല്ലിലോ കളിച്ച് മികവ് തെളിയിക്കേണ്ട അവസ്ഥയാണുള്ളത്. ഹര്‍ദിക്കിനെപ്പോലൊരു ഓള്‍റൗണ്ടറെ ഏതൊരു ടീമും കൊതിക്കുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ അദ്ദേഹം നിലംപതിച്ചിരിക്കുന്നത്. വലിയ ഉയരത്തില്‍ നിന്ന് വീണതിനാല്‍ നഷ്ടങ്ങളേറെയാണ്. ഇന്ത്യന്‍ ടീമിലെ സ്ഥാനവും ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിലെ സ്ഥാനവും നഷ്ടമായ ഹര്‍ദിക്കിന് എവിടെയാണ് പിഴച്ചത്? കാരണങ്ങള്‍ പരിശോധിക്കാം.

2018ല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍
എത്ര വലിയ പ്രതിഭയുള്ള കായിക താരമായാവും അവന്റെ ഫിറ്റ്‌നസ് നഷ്ടപ്പെട്ടാല്‍ എല്ലാം അവസാനിച്ചു. ഹര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് പറഞ്ഞാല്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഫിറ്റ്‌നസ് സംബന്ധമാണ്. തുടര്‍ച്ചയായി ഏല്‍ക്കുന്ന പരിക്കും വിട്ടുമാറാത്ത വിധത്തില്‍ പ്രയാസപ്പെടുത്തുന്ന പുറം വേദനയുമാണ് ഹര്‍ദിക്കിനെ തളര്‍ത്തുന്നത്. 2018 സെപ്തംബറില്‍ നടന്ന ഏഷ്യാ കപ്പിലാണ് ഹര്‍ദിക് പാണ്ഡ്യയുടെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ച പരിക്കെത്തുന്നത്. പുറത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര അദ്ദേഹത്തിന് നഷ്ടമായി. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു. 2019ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ അദ്ദേഹം ഉള്‍പ്പെട്ടെങ്കിലും പരിക്ക് പ്രയാസപ്പെടുത്തി.

ശസ്ത്രക്രിയക്ക് ശേഷവും പ്രശ്‌നങ്ങള്‍
2019ലെ ഏകദിന ലോകകപ്പിന് ശേഷമാണ് ഹര്‍ദിക് പാണ്ഡ്യ പുറം വേദനയ്ക്കുള്ള ശസ്ത്രക്രിയക്ക് വിധേയനാവുന്നത്. ശസ്ത്രക്രിയക്ക് ശേഷം വേഗത്തില്‍ തിരിച്ചുവരാമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ തെറ്റി. നീണ്ട ഇടവേള വന്നതോടെ അദ്ദേഹത്തിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാക്കി. ഇതിനിടെ വിവാഹവും കുട്ടിയുടെ ജനനവുമെല്ലാം ഹര്‍ദിക്കിനെ ക്രിക്കറ്റില്‍ നിന്ന് അല്‍പ്പം അകറ്റി. ഇടവേള ആസ്വദിക്കുന്നതിനിടെ അദ്ദേഹം തന്റെ ഫോമിനെക്കുറിച്ച് ചിന്തിച്ചില്ലെന്ന് തന്നെ പറയാം. മടങ്ങിവരവിന്റെ തുടക്കത്തില്‍ മികവ് കാട്ടി. ഓസ്‌ട്രേലിയയിലെല്ലാം കൈയടി നേടാന്‍ ഹര്‍ദിക്കിനായി. എന്നാല്‍ പരിക്ക് വീണ്ടും വില്ലനായി. പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക് ബാറ്റിങ്ങിലും നിരാശപ്പെടുത്തി. ഇതോടെയാണ് 2021ലെ ടി20 ലോകകപ്പിന് ശേഷം മാറ്റിനിര്‍ത്തപ്പെട്ടത്.

മടങ്ങിവരാന്‍ എന്ത് ചെയ്യണം?
നിലവിലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നിലപാട് പ്രകാരം മുന്‍ കണക്കുകള്‍ പ്രകാരം ഹര്‍ദിക്കിനെ തിരിച്ചെത്തിക്കില്ല. കളിച്ച് മികവ് കാട്ടുക തന്നെ ചെയ്യണം. ഹര്‍ദിക് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് കാട്ടുകയോ ഐപിഎല്ലില്‍ കളിച്ച് മികവ് തെളിയിക്കുകയോ ചെയ്യേണ്ടതുണ്ട്. ഐപിഎല്ലില്‍ അഹമ്മദാബാദിന്റെ നായകനായി ഹര്‍ദിക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്തായാലും ഏറ്റവും മികച്ച പ്രകടനം നടത്താത്ത പക്ഷം ഹര്‍ദിക്കിന് തിരിച്ചുവരവ് പ്രയാസമായിരിക്കുമെന്നുറപ്പാണ്. ബൗളിങ് പുനരാരംഭിക്കുമ്പോള്‍ പുറം വേദന വീണ്ടുമെത്താനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാവും.

വെങ്കടേഷ് അയ്യര്‍ വലിയ വെല്ലുവിളി
ഹര്‍ദിക്കിന്റെ അഭാവത്തില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന വെങ്കടേഷ് അയ്യരുടെ ഫോം ഹര്‍ദിക്കിന്റെ മടങ്ങിവരവില്‍ നിര്‍ണ്ണായകമാവും. വെങ്കടേഷ് അയ്യര്‍ ലഭിച്ച അവസരങ്ങളിലെല്ലാം തിളങ്ങുന്നുണ്ട്. മീഡിയം പേസിലും വെങ്കടേഷ് മികവ് കാട്ടുന്നു. കൂടാതെ ഇടം കൈയനാണെന്നതും വെങ്കടേഷിന് മുന്‍തൂക്കം നല്‍കുന്നു. നിലയുറപ്പിച്ച് കളിക്കാനും കടന്നാക്രമിച്ച് കളിക്കാനും വെങ്കടേഷിന് മികവുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ദിക്കിന് സ്ഥിരതയോടെ കളിച്ച് മികവ് കാട്ടാനാവാത്ത പക്ഷം മടങ്ങിവരവ് കടുപ്പമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications