For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: 2018ലെ ഇന്ത്യയല്ല ഈ ഇന്ത്യ! ഇംഗ്ലണ്ടും അങ്ങനെ തന്നെ- മാറ്റങ്ങള്‍ അറിയാം

ഇത്തവണ ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗംഭീര പ്രകടനമാണ് വിരാട് കോലിക്കു കീഴില്‍ ഇന്ത്യ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിട്ടുനില്‍ക്കുകയാണ്. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ 151 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ഈ മല്‍സരവും ജയിച്ച് ഇന്ത്യ പരമ്പരയി 2-0ന്റെ ലീഡ് നേടേണ്ടതായിരുന്നു. പക്ഷെ മഴ വില്ലനായത് ഇന്ത്യക്കു അര്‍ഹിച്ച വിജയം നിഷേധിക്കുകയായിരുന്നു. റണ്‍ചേസില്‍ ഇന്ത്യ വിജയത്തിലേക്കു മുന്നേറവെയാണ് അഞ്ചാമത്തെയും അവസാനത്തെയും ദിനം മഴയെ തുടര്‍ന്ന് കളി തടസ്സപ്പെട്ടത്. ഇതോടെ ടെസ്റ്റ് സമനിലയാവുകയും ചെയ്തു.

2018ലെ കഴിഞ്ഞ ഇംഗ്ലീഷ് പര്യടനത്തില്‍ ഇന്ത്യ 1-4ന്റെ വന്‍ പരാജയമേറ്റു വാങ്ങിയിരുന്നു. ഇത്തവണ പക്ഷെ ഇന്ത്യക്ക് അങ്ങനെയൊരു നാണക്കേട് നേരിടാനുള്ള സാധ്യത തീരെ കുറവാണെന്നാണ് ആദ്യ രണ്ടു ടെസ്റ്റുകളിലെ പ്രകടനം തെളിയിക്കുന്നത്. അന്നത്തെ ഇന്ത്യന്‍ ടീമും ഇപ്പോഴത്തെ ടീമും തമ്മിലുള്ള വ്യത്യാസം എന്താണ്?ഇംഗ്ലീഷ് ടീമിലും ചില മാറ്റങ്ങളുണ്ട്. ഇതേക്കുറിച്ചു വിശദമായി പരിശോധിക്കാം.

 രോഹിത്- രാഹുല്‍ ജോടി

രോഹിത്- രാഹുല്‍ ജോടി

2018ലെ ഇംഗ്ലീഷ് പര്യടനത്തിലെ ടീമും ഇത്തവണത്തെ ടീമും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഓപ്പണിങ് ജോടികളുടെ കാര്യത്തിലാണ്. അന്നു ശിഖര്‍ ധവാന്‍- മുരളി വിജയ്, ശിഖര്‍ ധവാന്‍- കെഎല്‍ രാഹുല്‍ എന്നീ ജോടികളെയായിരുന്നു ഇന്ത്യ പരമ്പരയില്‍ പരീക്ഷിച്ചത്. എന്നാല്‍ ഇത്തവണ ധവാനും വിജയിയും ഇന്ത്യന്‍ ടീമിലില്ല. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ എന്ന പുതിയ ഓപ്പണിങ് കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. ഇതു ക്ലിക്കാവുകയും ചെയ്തു.
കഴിഞ്ഞ പര്യടനത്തില്‍ രണ്ടു ഓപ്പണിങ് ജോടികളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതോടെ കോലിയുടെ ഉത്തരവാദിത്തം വര്‍ധിക്കുകയും ചെയ്തു. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 593 റണ്‍സുമായി ഇന്ത്യയുടെ മാത്രമല്ല പരമ്പരയിലെയും ടോപ്‌സ്‌കോററായി അദ്ദേഹം മാറിയിരുന്നു.
ഈ പരമ്പരയില്‍ രോഹിത്- രാഹുല്‍ ജോടി കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചത്. ടീമിന് മികച്ച തുടക്കം നല്‍കുന്നതില്‍ ഇരുവരും നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

 പേസാക്രമണം

പേസാക്രമണം

കഴിഞ്ഞ പര്യടനത്തില്‍ ബെര്‍മിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ സേവനം ഇന്ത്യക്കു ലഭിച്ചിരുന്നില്ല. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ വെറും 107 റണ്‍സിന് പുറത്തായപ്പോള്‍ തന്നെ ഇന്ത്യയുടെ വിധി കുറികക്കപ്പെട്ടിരുന്നു. ഇത്തവണയാവട്ടെ ബുംറ ആദ്യടെസ്റ്റ് മുതല്‍ ടീമിലുണ്ട്, മാത്രമല്ല ഗംഭീര പ്രകടനവുമാണ് അദ്ദേഹം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
2018ല്‍ നാലാം പേസറായി ഏഴാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. നോട്ടിങ്ഹാമില്‍ ഇന്ത്യ ജയിച്ച ഏക ടെസ്റ്റില്‍ ഹാര്‍ദിക് മിന്നുകയും ചെയ്തു. എന്നാല്‍ ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നീ പേസ് ത്രയങ്ങള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്താവുന്ന ബൗളറായിരുന്നില്ല ഹാര്‍ദിക്. ഇത്തവണ നാലാം പേസറായെത്തിയ മുഹമ്മദ് സിറാജ് ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബുംറ, ഷമി, ഇഷാന്ത് എന്നിവര്‍ക്കൊപ്പം സിറാജ് കൂടി വന്നതോടെ പേസാക്രമണം കൂടുതല്‍ മാരകമായി മാറി. 11 വിക്കറ്റുകള്‍ രണ്ടു ടെസ്റ്റുകളില്‍ നിന്നും സിറാജ് നേടിക്കഴിഞ്ഞു.

 വാലറ്റക്കാരുടെ പ്രകടനം

വാലറ്റക്കാരുടെ പ്രകടനം

വാലറ്റക്കാരില്‍ നിന്നും ഇത്തവണ ബാറ്റിങില്‍ മോശമല്ലാത്ത സംഭാവന ലഭിച്ചപ്പോള്‍ കഴിഞ്ഞ പര്യടനത്തില്‍ ഇതു കാണാനായില്ല. ഇത്തവണ നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 9-11 വരെയുള്ളവര്‍ നിര്‍ണായകമായ 48 റണ്‍സ് നേടിയിരുന്നു. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കളിയിലെ ടേണിങ് പോയിന്റായത് ഒമ്പതാം വിക്കറ്റിലെ ഷമി- ബുംറ കൂട്ടുകെട്ടായിരുന്നു. 89 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്നെടുത്തത്. തോല്‍ക്കുമെന്നു കരുതിയ ഇന്ത്യയെ വിജയത്തിലേക്കുയര്‍ത്തിയതും ഈ ജോടിയാണ്. ഷമി ഫിഫ്റ്റിയും ബുംറ 34 റണ്‍സും നേടിയിരുന്നു.
272 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ സഹായിച്ചതും ഈ ജോടിയായിരുന്നു. പക്ഷെ വെറും 120 റണ്‍സിനു ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയായിരുന്നു.

 അശ്വിനു പകരം ജഡേജ

അശ്വിനു പകരം ജഡേജ


രവീന്ദ്ര ജഡേജയേക്കാള്‍ മികച്ച സ്പിന്നര്‍ ആര്‍ അശ്വിനാണെന്ന കാര്യത്തില്‍ സംശയമില്ല. 2018ലെ കഴിഞ്ഞ പരമ്പരയില്‍ സ്പിന്‍ ബൗളിങിന്റെ ചുമതലയും അശ്വിനായിരുന്നു. പക്ഷെ ഇത്തവണ അശ്വിനെ പുറത്തിരുത്തിയ ഇന്ത്യ രണ്ടു ടെസ്റ്റുകളിലും ജഡേജയെയാണ് കളിപ്പിച്ചത്. ബൗളിങിലേക്കാള്‍ ജഡേജയുടെ ബാറ്റിങിലായിരുന്നു കോലിയുടെ കണ്ണ്. വിക്കറ്റെടുക്കാന്‍ നാലു പേരുള്‍പ്പെട്ട പേസ്‌നിര മാത്രം മതിയെന്നു അദ്ദേഹത്തിനു ഉറപ്പുമുണ്ടായിരുന്നു. ഇതു തെറ്റിയതുമില്ല. രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടിനെ നാലു തവണ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു സാധിച്ചു. മുഴുവന്‍ വിക്കറ്റുകളും പേസര്‍മാര്‍ തന്നെ പങ്കിടുകയും ചെയ്തു.
നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ ജഡേജ ഫിഫ്റ്റിയുമായി ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു വഹിച്ചത്. മറ്റ് ഇന്നിങ്‌സുകളില്‍ ഇതുപോലെയുള്ള സംഭാവന ലഭിച്ചില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹമെന്നതില്‍ സംശയമുണ്ടാവില്ല. രണ്ടു ടെസ്റ്റുകളിലും ജഡ്ഡുവിനെക്കൊണ്ട് കോലി കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യിച്ചിരുന്നെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചില്ല.

 സ്‌റ്റോക്‌സിന്റെ അഭാവം

സ്‌റ്റോക്‌സിന്റെ അഭാവം

കഴിഞ്ഞ പര്യടനത്തിലെ ഇംഗ്ലീഷ് ടീമും ഇത്തവണത്തെ ടീമും തമ്മിള്ള ഏറ്റവും വലിയ വ്യത്യാസം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവമാണ്. അദ്ദേഹത്തെ ടീം എത്ര മാത്രം മിസ് ചെയ്യുന്നുണ്ടെന്ന് ഈ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ കാണിച്ചുതന്നു. മാനസികസമമ്മര്‍ദ്ദത്തെ തുടര്‍ന്നു ക്രിക്കറ്റില്‍ നിന്നും ഒരു ബ്രേക്കെടുത്തതോടെയാണ് സ്‌റ്റോക്‌സിനെ ഇംഗ്ലണ്ടിനു നഷ്ടമായത്.
2018ലെ പര്യടനത്തില്‍ ബാറ്റിങിലും ബൗളിങിലും അദ്ദേഹം തിളങ്ങിയിരുന്നു. നാലു ടെസ്റ്റുകളില്‍ നിന്നും 200 റണ്‍സും 14 വിക്കറ്റുകളും സ്റ്റോക്‌സ് നേടിയിരുന്നു.
ഇത്തവണ നായകന്‍ ജോ റൂട്ടില്‍ നിന്നൊഴികെ ഇംഗ്ലണ്ടിനു ബാറ്റിങില്‍ ആരില്‍ നിന്നും ഭേദപ്പെട്ട സംഭാവന ലഭിച്ചിട്ടില്ല. ടോപ്പ് ത്രീ ദുരന്തമായി മാറിയപ്പോള്‍ ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കു നിശ്ചിത ഓവര്‍ ഫോര്‍മാറ്റിലെ പ്രകടനം ടെസ്റ്റില്‍ ആവര്‍ത്തിക്കാനുമായിട്ടില്ല.
പരിക്കു കാരണം പേസ് ജോടികളായ സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഈ പരമ്പരയില്‍ നിന്നു പിന്‍മാറിയതും ഇംഗ്ലണ്ടിനു ക്ഷീണമായിട്ടുണ്ട്. ബ്രോഡ് ആദ്യ ടെസ്റ്റിനു ശേഷമാണ് പിന്‍മാറിയതെങ്കില്‍ ആര്‍ച്ചര്‍ നേരത്തേ തന്നെ പരിക്കേറ്റ് പുറത്താണ്.

Story first published: Sunday, August 22, 2021, 15:46 [IST]
Other articles published on Aug 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+